ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിഭാഗങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതിയെത്തിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ആവിഷ്കരിച്ച ദീനദയാല്‍ ഉപാധ്യായ ഗ്രാമജ്യോതി യോജന (ഡിഡിയുജെവൈ) പദ്ധതിപ്രകാരം സംസ്ഥാനത്ത് 85,226 വീടുകള്‍ വൈദ്യുതീകരിക്കാന്‍ കഴിഞ്ഞുവെന്നത് വലിയൊരു നേട്ടമാണ്. ഈ പദ്ധതിയുടെ ചെലവിന്റെ 60 ശതമാനത്തിലേറെ കേന്ദ്രസര്‍ക്കാര്‍ വഹിക്കുമ്പോള്‍ 30 ശതമാനം സാമ്പത്തിക സ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുക്കാം. 10ശതമാനം മാത്രമാണ് വൈദ്യുതിബോര്‍ഡിന്റെ വിഹിതം. 485.37 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ചത്. ഗുജറാത്ത് കേന്ദ്രമാക്കിയുള്ള ഇലക്ട്രിക്കല്‍ റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് അസോസിയേഷനാണ് സംസ്ഥാനത്തെ പദ്ധതി നടത്തിപ്പിന്റെ ചുമതല. ലൈനുകളുടെ ശേഷി വര്‍ധിപ്പിക്കല്‍, ട്രാന്‍സ്ഫോമറിന്റെ പ്രാപ്തി കൂട്ടല്‍, ഉപഭോക്തൃ മീറ്ററുകള്‍ സ്ഥപിക്കലും കേടായവ മാറ്റലും, പുതിയ ലൈനുകള്‍ സ്ഥാപിക്കല്‍ എന്നിവയുള്‍പ്പെടുന്ന പദ്ധതി കൃഷിച്ചെലവ് കുറയ്ക്കല്‍, ചെറുകിട വ്യവസായങ്ങളുടെ വളര്‍ച്ച, ഇന്റര്‍നെറ്റ്-ബാങ്കിങ് സേവനങ്ങള്‍ തുടങ്ങിയവയും ലക്ഷ്യമിടുന്നു.
മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നാണ് 2015 ല്‍ തുടക്കമിട്ട ഡിഡിയുജിജെവൈ. 76,000 കോടി രൂപയാണ് പദ്ധതി വിഹിതം. ഇതില്‍ 63,000 കോടി കേന്ദ്രമാണ് വഹിക്കുന്നത്. 14,680 കോടി രൂപ വിവിധ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചുകഴിഞ്ഞു. ഇതില്‍ 5,827 കോടിയും ബീഹാറിനാണ്. മറ്റ് പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും ഈ പദ്ധതി ഉപയോഗിച്ച് ആയിരക്കണക്കിന് ഗ്രാമീണ ഭവനങ്ങളില്‍ വൈദ്യുതി എത്തിച്ചുകഴിഞ്ഞു. എന്നാല്‍ ഖേദകരമെന്നു പറയട്ടെ, കേരള സര്‍ക്കാര്‍ ഈ പദ്ധതിയോട് മതിയായ താല്‍പ്പര്യം കാട്ടുന്നില്ല. വൈദ്യുതി എത്തിക്കേണ്ട വീടുകളുടെ എണ്ണം എത്രയെന്ന് കേന്ദ്രസര്‍ക്കാര്‍ പലതവണ ആവശ്യപ്പെട്ടിട്ടും വളരെ വൈകിയാണ് സംസ്ഥാനം വിവരങ്ങള്‍ നല്‍കിയത്. സ്വാഭാവികമായും ഇത് പദ്ധതി നടത്തിപ്പ് വൈകാന്‍ ഇടയാക്കി. ഗ്രാമീണ വികസനത്തിന്റെ വാതിലുകള്‍ കൊട്ടിയടയ്ക്കുകയായിരുന്നു ഇതിലൂടെ.
പത്ത് വര്‍ഷത്തെ കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഭരണം അങ്ങേയറ്റം ജനവിരുദ്ധമായിരുന്നു. വികസനത്തിനും ജനക്ഷേമത്തിനും വിനിയോഗിക്കേണ്ട പണം അഴിമതിക്കാരായ ഭരണ-രാഷ്ട്രീയ നേതാക്കള്‍ കട്ടുമുടിച്ചു. ഈ രീതിക്ക് അടിമുടി മാറ്റം വരുത്തുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തത്. അഴിമതി തുടച്ചുനീക്കുക മാത്രമല്ല, നികുതിപ്പണം രാജ്യത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും ചെലവഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഇതിനെ സ്വാഗതം ചെയ്യുന്നതിനു പകരം നുണകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേരളം ഭരിക്കുന്ന ഇടതുമുന്നണിയാവട്ടെ കേന്ദ്രാവിഷ്കൃത വികസന പദ്ധതികള്‍ അട്ടിമറിക്കാനാണ് നോക്കുന്നത്. ഈ പദ്ധതികളുടെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിയാല്‍ അവര്‍ ബിജെപിക്കും നരേന്ദ്ര മോദിക്കും അനുകൂലമായി വോട്ടുചെയ്യുമെന്ന ഭയമാണ് സിപിഎമ്മിനും കോണ്‍ഗ്രസിനും. പ്രധാനമന്ത്രി ഗ്രാമീണ റോഡ് നിര്‍മാണം, കൃഷി സിഞ്ചായ് യോജന എന്നീ പദ്ധതികളോടും സംസ്ഥാന സര്‍ക്കാര്‍ മുഖം തിരിച്ചു. ഇതിനിടെയാണ് ഡിഡിയുജിജെവൈ പദ്ധതിപ്രകാരം എണ്‍പതിനായിരത്തിലേറെ വീടുകള്‍ വൈദ്യുതീകരിച്ചു എന്ന വാര്‍ത്ത വന്നിരിക്കുന്നത്. അന്ധമായ ബിജെപി വിരോധം മാറ്റിവച്ചാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുന്ന നിരവധി കാര്യങ്ങള്‍ നടപ്പാക്കാനാവുമെന്നാണ് ഇത് കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: