അപകര്‍ഷതയുടെ കാളിമയില്‍ സാംസ്കാരികവും മതപരവുമായ തടവറയില്‍ കഴിഞ്ഞിരുന്ന കേരളത്തില്‍ ദേശീയതയുടെ അമൃതവര്ഷംചൊരിഞ്ഞു കടന്നുവന്ന നവയുഗ ഭഗീരഥന് ദത്തോപന്ത് ഠേംഗ്ഡ്ജിയില് നിന്നും ആരംഭിച്ച് പ്രതിസന്ധികളെ മുഴുവന്‍ ചങ്കുറപ്പിന്റെ മാത്രം കരുത്തില്‍ പുഞ്ചിരിച്ചു തോല്‍പ്പിച്ച ഒരു തലമുറയുടെ വീരഗാഥകള്‍ക്കു ചിത്രരൂപേണ ആവിഷ്ക്കരണമൊരുക്കിയ പ്രദര്‍ശിനി ശിബിരത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറി.
ആധുനിക കേരളത്തിന്റെ സാംസ്കാരിക – നവോത്ഥാന ചരിത്രത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പങ്ക് എന്തായിരുന്നു എന്നന്വേഷിക്കുന്ന ഏതൊരു വ്യക്തിക്കും സുവ്യക്തവും ആധികാരികവുമായ അവലംബകേന്ദ്രമായിത്തീരാന് സംഘസര്‍ഗ്ഗം2018 നു സാധിച്ചിരിക്കുന്നു. കേരളത്തിന്റെ നവോത്ഥാനചരിത്രം തങ്ങളുടെ മാത്രം വിയര്‍പ്പാണെന്ന് നാഴികയ്ക്കു നാല്പതുവട്ടം ഊറ്റംകൊള്ളുന്ന കപട രാഷ്ട്രീയ-പുരോഗമനവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുവാനും, ഒരു നാടിന്റെ ഗുണാത്മക പരിവര്‍ത്തനത്തിന് നിശബ്ദവും നിതാന്തവുമായി സംഘപ്രസ്ഥാനം നടത്തിയ പരിശ്രമങ്ങള്‍ എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങളിലൂടെ ചരിത്രസംഭവങ്ങളിലേക്ക് വിരല്‍ചൂണ്ടുമ്പോള്‍ ആത്മാഭിമാനത്തോടെ ശിരസ്സുയരാത്തവരായി ആരുമുണ്ടാകില്ല. കേവലം സംഘടനാപരമായ ചരിത്രത്തെ മാത്രമല്ല കല, ചരിത്രം,സാംസ്കാരികം,നവോത്ഥാനം,അനുഷ്ഠാനം എന്നിങ്ങനെ സംഘസര്‍ഗ്ഗം2018 സ്പര്‍ശിക്കാത്തതായി ഒരു വിഷയം പോലുമില്ലെന്ന തോന്നലുളവാക്കാന്‍ പ്രദര്ശിനിക്കു സാധിച്ചിരിക്കുന്നു.
ഓരോ ചരിത്ര സംഭവത്തിനും തിയ്യതിയും ചിത്രവും സഹിതം നല്‍കിയിരിക്കുന്ന ലഘുവിവരണം ഏതൊരു ചരിത്രാന്വേഷിക്കും വേറിട്ട അനുഭവമായിരിക്കും. ചരിത്ര പുസ്തകങ്ങളില്‍ അക്ഷരങ്ങളാകാന്‍ സാധിക്കാതെ ചരിത്രകാരന്മാരാല് അയിത്തം കല്പിച്ചു മാറ്റിനിര്‍ത്തിയ ഇന്നലെകളുടെ വീരഗാഥകള്‍ക്കു ഇന്നിന്റെ പുലരിയില്‍ പുതുജീവന്‍ ലഭിച്ചത് അഭിമാനകരമാണ്. മതവെറിയുടെ പടയോട്ടങ്ങളുടെ കുതിരക്കുളമ്പു തറഞ്ഞുകയറി മുറിവേറ്റു മരിച്ച ഒരു തലമുറയുടെ അസ്ഥിത്തറ നമുക്കീ ചിത്രങ്ങളില്‍ കാണാം. ജാതിക്കോട്ടകള്ക്കു മുന്നില്‍ പടപൊരുതിയ അറിയപ്പെടാത്ത നവോത്ഥാന നായകരുടെ ത്യാഗനിര്‍ഭരമായ ജീവിതങ്ങള്‍ വരകളായിത്തീര്ന്നതു കാണാം. മാറുമയ്ക്കാന് അനുവദിക്കാത്ത വരേണ്യതയ്ക്കുമുന്നില് വിരിമാററുത്ത വീരാംഗനമാരുടെ കണ്ണുകളിലെ തീക്ഷണത കാണാം. മന്നത്തും ഗുരുദേവനും ചട്ടമ്പിസ്വാമികളും അയ്യന്‍കാളിയും പണ്ഡിറ്റ് കറുപ്പനുമെല്ലാം നടത്തിയ ഐതിഹാസിക പോരാട്ടങ്ങളെ ആവേശത്തോടെ വായിച്ചും കണ്ടുമറിയാം. കലകളും കലാരൂപങ്ങളും ക്ഷേത്രഉത്സവങ്ങളിലെ വൈവിധ്യതകളും കാണുമ്പോള്‍ ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ നോക്കിനിന്നവരായിരുന്നു പ്രദര്‍ശിനി കാണാനെത്തിയവരില്‍ കൂടുതല്‍ പേരും.
സംഘ ചരിത്രത്തിന്റെ വിപ്ലവകരമായ പോരാട്ടങ്ങള്‍ ഓരോ സംഘബന്ധുവിന്റെയുംആത്മാഭിമാനത്തെ നൂറിരട്ടി വര്‍ദ്ധിപ്പിക്കുന്ന വിധത്തിലാണ് ആവിഷ്കരിച്ചിരിക്കുന്നത്. ആദ്യത്തെ ശാഖ മുതല്‍, ആദ്യത്തെ ശിബിരാര്ത്ഥിയും ആദ്യത്തെ പ്രചാരകനും ആരാണെന്ന ചോദ്യത്തിനു ഉത്തരം ലഭിച്ച നിര്‍വ്വൃതി പറഞ്ഞറിക്കാന്‍ സാധിക്കാത്ത വിധമാണ്. പിന്നിട്ട വഴികളില്‍ സംഘവൃക്ഷത്തിനു തണലൊരുക്കിയും വെള്ളവും വളവുമായിത്തീര്ന്നും രാഷ്ട്ര നവോത്ഥാനത്തിന്റെ താരകമന്ത്രമുരുവിട്ട് പുഞ്ചിരിതൂകിയെരിഞ്ഞ പരശതം പുണ്യാത്മാക്കളുടെ പാവനസ്മരണകള്‍ നിറദീപമായി സംഘസര്‍ഗ്ഗം2018നകത്ത് നിറഞ്ഞുകത്തുന്നതായി തോന്നി. യാദൃശ്ചികമായി പ്രദര്‍ശിനിയുടെ ഉള്ളിലകപ്പെട്ട വൃക്ഷച്ചുവട്ടില്‍ തയ്യാറാക്കിയ നാഗത്തറ പ്രകൃത്യോപാസനയുടെ പ്രതീകമായിത്തീര്‍ന്നു.
കവാടത്തിലൊരുക്കിയ സംഘസ്ഥാപകന് പൂജനീയ ഡോക്ടര്‍ജിയുടെ പ്രതിമയും വളരെ മനോഹരവും ഹൃദയസ്പര്‍ശിയുമായിരുന്നു. ശിബിരത്തില്‍ പൂര്‍ണ്ണസമയവും സന്നിഹിതനായിരുന്ന പൂജനീയ സര്‍സംഘചാലക് ഡോ.മോഹന്‍ജി ഭാഗവത് ”സംഘസര്‍ഗ്ഗം2018” എന്ന പ്രദര്‍ശിനിയില്‍ ഒന്നര മണിക്കൂര്‍ സമയം കൗതുകത്തോടെ ചിലവഴിച്ചുവെന്നതു എത്ര ഗൗരവത്തോടെയും വിഭവസമ്പന്നതയോടെയുമാണ് ഈ പ്രദര്‍ശിനി തയ്യാറാക്കിയിരിക്കുന്നത് എന്നതിന്റെ ദൃഷ്ടാന്തമാണ്. ശിബിരം സന്ദര്‍ശിച്ച ഓരോ വ്യക്തിയുടേയും മനസ്സിനു സംഘസര്‍ഗ്ഗം2018 എന്ന പ്രദര്‍ശിനി നല്കിയ അനുഭൂതി കേവലം വാക്കുകള്‍ക്ക് വര്‍ണ്ണനാതീതമാണ്.
പ്രദര്‍ശിനി ഒരുക്കിയ യാ ഗാ ശ്രീകുമാര്‍ എഴുതുന്നു….
പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടന്ന പ്രാന്തീയ കാര്യകര്‍തൃ ശിബിരത്തിന്റെ മുന്നൊരുക്കത്തില്‍ ആയിരക്കണക്കിന് സ്വയം സേവകരെപ്പോലെ എനിക്കും ചെറിയൊരു പങ്ക് വഹിക്കാന്‍ സാധിച്ചു.. ഒരു പക്ഷെ കോഴിക്കോട് നടന്ന ബി ജെ പി ദേശീയ സമ്മേളനത്തിന് ശേഷവും തിരുവനന്തപുരത്ത് നടന്ന എ ബി വി പി മഹാറാലിക്ക് ശേഷവും നടത്തിയ ഏറ്റവും വലിയ പ്രദര്‍ശനം. മനസ്സിന് ഏറെ സന്തോഷം തോന്നിയ നിമിഷങ്ങള്‍.’ മീനച്ചിലിന്റെ ‘മാസങ്ങളോളം നീണ്ടു നിന്ന പരിശ്രമങ്ങള്‍ക്ക് നമ്മുടെ വക സാക്ഷാത്കാരം….
പരശുരാമഭൂമിയിലെ സംഘ ചരിത്രം വെളിവാക്കുന്ന ‘സംഘസര്‍ഗ്ഗം 2018 ‘ കേരളത്തിലെ സംഘമെന്ന മഹാപ്രസ്ഥാനത്തെ അടുത്തറിയാന്‍ ഈ പ്രദര്‍ശനത്തിന് സാധിച്ചു എന്ന് ഏവരെപ്പോലെ ഞാനും വിശ്വസിക്കുന്നു. കേരളത്തിന്റെ നവോത്ഥാന രംഗത്തും സാംസ്കാരികരംഗത്തും രാഷ്ട്രീയ സ്വയംസേവക സംഘം നടത്തിയ ശക്തമായ ഇടപെടലുകള്‍ ….. സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഐതിഹാസിക സമരങ്ങള്‍….. ഇങ്ങനെ പോകുന്നു പ്രദര്‍ശനം. ഈ ചരിത്ര പ്രദര്‍ശനം പുതു തലമുറക്ക് എറെ informative ആകുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. സര്‍സംഘചാലക് മാനനീയ മോഹന്ജീ ഭാഗവത് ഒന്നരമണിക്കൂറോളം സമയം പ്രദര്‍ശനം കാണാന്‍ ചെലവഴിച്ചു എന്നറിഞ്ഞപ്പോള്‍ എന്നെ സംബന്ധിച്ച് 32 വര്‍ഷത്തെ സംഘ പ്രവര്‍ത്തനത്തിനിടക്ക് വളരെയേറെ സന്തോഷം തോന്നിയ വാര്‍ത്ത ആയിരുന്നു’ അത്.
പ്രവേശന കവാടത്തിന് സമീപം ഒന്നര ദിവസം കൊണ്ട് ഒരുക്കിയ പരമ പൂജനീയ ഡോക്ടര്‍ജിയുടെ 10 അടി ഉയരമുള്ള അര്‍ദ്ധകായ പ്രതിമയും പ്രദര്‍ശന നഗരിക്കുള്ളില്‍ ഒഴിവാക്കാനാവാതെ കടന്നു കൂടിയ മരങ്ങളെ കേന്ദ്രീകരിച്ച് ചുരുങ്ങിയ സമയംകൊണ്ട് തയ്യാറാക്കിയ നാഗര്തറയും ഏറെ സന്തോഷം പകരുന്നവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: