തിരുവനന്തപുരം: ശ്രീജിത്തിന്റെ സഹോദരന്റെ മരണം സിബിഐ അന്വേഷിക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്തുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സഹോദരന്റെ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ 764 ദിവസമായി ഉപവാസം കിടക്കുന്ന ശ്രീജിത്തിനെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിബിഐ അന്വേഷണത്തിന്റെ ആവശ്യകത രേഖകളും സാഹചര്യവും തെളിവുകളും സഹിതം ഉന്നയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇതിന്റെ തെളിവാണ് സിബിഐ അന്വേഷണം നടത്താനാകില്ലെന്ന റിപ്പോര്‍ട്ട്്. രേഖകള്‍ സമര്‍പ്പിച്ച് സിബിഐയെ സമീപിച്ചാല്‍ ബിജെപിയും കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്നും കുമ്മനം പറഞ്ഞു.
പോലീസ് കംപ്ലയിന്റ് അതോറിറ്റി ഓഫ് ഇന്ത്യ അന്വേഷിച്ച് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ ചൂണ്ടിക്കാട്ടിയിട്ടും കുറ്റക്കാരെ പിടിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ മുതിര്‍ന്നിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോ അവര്‍ മുന്നോട്ടുവച്ച ആവശ്യത്തിന്റെയോ അടിസ്ഥാനത്തിലല്ല ശ്രീജിത്ത് സമരം ആരംഭിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: