ന്യൂദല്‍ഹി: സുപ്രീം കോടതി ജഡ്ജിമാരുടെ കലാപത്തിന് പിന്നില്‍ രാഷ്ട്രീയ ബന്ധമെന്ന് ആരോപണം. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പത്രസമ്മേളനത്തിന് നേതൃത്വം നല്കിയ ജസ്റ്റിസ് ജെ. ചെലമേശ്വര്‍ സിപിഐ നേതാവ് ഡി.രാജയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത് വിവാദമായി. പത്രസമ്മേളനത്തിന് തൊട്ടുപിന്നാലെയായിരുന്നു കൂടിക്കാഴ്ച. മാധ്യമപ്രവര്‍ത്തകരെ വെട്ടിച്ച് പുറകിലത്തെ ഗേറ്റിലൂടെയാണ് ചെലമേശ്വറിന്റെ വസതിയിലേക്ക് രാജയെത്തിയത്. ഇരുവരും കൈകൊടുക്കുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു.
സുപ്രീം കോടതിയുമായോ വിവാദങ്ങളുമായോ ബന്ധമില്ലാത്ത ഇടത് നേതാവ് എന്തിനാണ് രഹസ്യ കൂടിക്കാഴ്ച നടത്തിയതെന്ന് ചോദ്യമുയര്‍ന്നു. ചെലമേശ്വര്‍ സുഹൃത്താണെന്നും വിവരങ്ങള്‍ നേരിട്ട് അന്വേഷിക്കാനാണ് സന്ദര്‍ശിച്ചതെന്നുമാണ് രാജയുടെ വാദം. എന്നാല്‍ മാധ്യമങ്ങളെ ഒഴിവാക്കിയതില്‍ വിശദീകരണമില്ല. ദല്‍ഹിയില്‍ മോദി വിരുദ്ധ ചേരിക്ക് നേതൃത്വം നല്കുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സംഘത്തിന്റെ സാന്നിധ്യവും സംശയമുളവാക്കി. അപ്രതീക്ഷിതമായിരുന്നു ജഡ്ജിമാരുടെ പത്രസമ്മേളനം. എന്നാല്‍ പത്രസമ്മേളനങ്ങളില്‍ സാധാരണ പങ്കെടുക്കാത്ത മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ നേരത്തേ സ്ഥാനം പിടിച്ചിരുന്നു.
ചീഫ് ജസ്റ്റിസിന് ജഡ്ജിമാര്‍ നല്കിയ കത്തില്‍ ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച കേസ് പരാമര്‍ശിക്കുന്നില്ല. ഒരു വിഭാഗം മാധ്യമങ്ങള്‍ പത്രസമ്മേളനത്തില്‍ ചോദിപ്പിച്ച് പറയിപ്പിക്കുകയായിരുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും കേന്ദ്രത്തെയും വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു ലക്ഷ്യം. കേസുകള്‍ നല്‍കുന്നതിലെ അഭിപ്രായ വ്യത്യാസമാണ് കാരണമെന്ന് ജസ്റ്റിസ് ഗൊഗോയ് പത്രസമ്മേളനത്തില്‍ പറയുന്നുണ്ട്. ഇത് ലോയ കേസാണോയെന്ന ചോദ്യത്തിന് അതേയെന്ന് ഗൊഗോയ് മറുപടി നല്കിയപ്പോള് ചെലമേശ്വര്‍ ഗൊഗോയിയുടെ ചെവിയില്‍ തിരുത്തി.
മോദി വിരുദ്ധ നിലപാടുള്ള അഭിഭാഷകരായ ദുഷ്യന്ത് ദവെ, ഇന്ദിരാ ജയ്സിങ്ങ്്, പ്രശാന്ത് ഭൂഷണ് എന്നിവരാണ് ജഡ്ജിമാര്‍ക്ക് പിന്തുണയുമായെത്തിയത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്ന ഇന്ദിര ജയ്സിങ്ങ് പത്രസമ്മേളനം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നു. ജനാധിപത്യം അപകടത്തിലെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ പ്രതികരണം. തൃണമൂല്‍ കോണ്‍ഗ്രസ്സും സിപിഎമ്മും വിഷയം ഏറ്റെടുത്ത് രംഗത്തെത്തി. ജനാധിപത്യം അപകടത്തിലാണെന്ന് ജഡ്ജിമാര്‍ വ്യക്തമാക്കിയതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആരോപിച്ചു. സിഖ് വിരുദ്ധ കലാപക്കേസുകള്‍ പുനരന്വേഷിക്കാന്‍ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് ഉത്തരവിട്ടിരുന്നു. ഇതും ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് സൂചന.
കെ. സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: