ചെറുവത്തൂര്‍: ക്ഷേത്രങ്ങളിലെ പൂജാദി കാര്യങ്ങള്‍ മനുഷ്യന്റെ നന്മയും കര്‍മശേഷിയും കൂട്ടുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്. ഹോമങ്ങളും പൂജകളും മനുഷ്യരുടെയും പ്രകൃതിയുടെയും സംരക്ഷണം പ്രദാനം ചെയ്യുന്നുവെന്നും ജയരാജന് പറഞ്ഞു.
പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രപെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള അഖിലേന്ത്യാ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജയരാജന്. ക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളില്‍ ശാസ്ത്രിയ വശമുണ്ട്. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ക്ഷേത്ര അനുഷ്ഠാനങ്ങളില്‍ ഊന്നി ശാസ്ത്രലോകം ഇന്ന് നിരീക്ഷണം നടത്തുന്നുവെന്നും ജയരാജന് വ്യക്തമാക്കി.
ജാതി, മത, വിശ്വാസ സംബന്ധമായ കാര്യങ്ങള്‍ പൊതുമധ്യത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും ഇത്തരം സംഭവങ്ങള്‍ പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്നുമുള്ള പാര്‍ട്ടി നിലപാടിനെ തള്ളിക്കൊണ്ടാണ് ജയരാജന്റെ പ്രസ്താവന. നേരത്തെ തന്നെ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ സിപിഎം താക്കീത് ചെയ്തിരുന്നു.
ഗുരുവായൂരില്‍ മന്ത്രി നടത്തിയ ആരാധനാ ചടങ്ങുകള്‍ ഒഴിവാക്കേണ്ടിയിരുന്നുവെന്ന് വിമര്‍ശനമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: