കൊച്ചി: തൃത്താല എംഎല്‍എ വിടി ബല്‍റാമിന് നേര്‍ക്ക് സിപിഐ നടത്തിയത് ഫാസിസ്റ്റ് നടപടിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഈ ഫാസിസ്റ്റ് നടപടിക്കെതിരേ എല്ലാ ജനാധിപത്യവിശ്വാസികളും മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബല്‍റാമിന് നേര്‍ക്കുണ്ടായ കൈയേറ്റശ്രമത്തെയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെയും കുറിച്ച് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ബല്‍റാം ഒരു അഭിപ്രായം പറഞ്ഞു. ആ അഭിപ്രായമല്ല കോണ്‍ഗ്രസിനുള്ളതെന്ന് പാര്‍ട്ടി ഇതിനകം വ്യക്തമാക്കിയിട്ടുള്ളതാണ്. പക്ഷെ ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തേയും അഭിപ്രായസ്വാതന്ത്ര്യത്തേയും സഞ്ചാരസ്വാതന്ത്ര്യത്തേയും മുടക്കാനുള്ള സിപിഎമ്മിന്റെ നടപടി ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
സിപിഎമ്മിന്റെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് വി.ടി ബല്‍റാമും അറിയിച്ചു. ജനങ്ങളെ അണിനിരത്തി സിപിഎമ്മിന്റെ നടപടിയെ നേരിടുമെന്നും ബല്‍റാം അറിയിച്ചു. അതിനിടെ, തൃത്താല മണ്ഡലത്തില്‍ നാളെ ഹര്‍ത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തു. വിടി ബല്‍റാം എംഎല്‍എയ്ക്ക് നേര്‍ക്ക് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ കൈയേറ്റത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു.
രാവിലെ തൃത്താല കൂറ്റനാട്ടായിരുന്നു വിടി ബല്‍റാമിന് നേര്‍ക്ക് ആക്രമണം നടന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: