വൈശ്രവണന് അതിശയത്താല്‍ അറിയാതെ തൊഴുതുപോയി. വൈശ്രവണന്റെ ഉള്ളില്‍ നുരഞ്ഞുപൊങ്ങിയിരുന്ന അഹങ്കാരമെല്ലാം നിമിഷനേരംകൊണ്ട് അലിഞ്ഞില്ലാതായി.
അളകാപുരിയിലുണ്ടായിരുന്നതെല്ലാം തന്നെ കഴിച്ചിട്ടും വിശപ്പടങ്ങാതെ ഒച്ചവച്ചുകൊണ്ടിരുന്ന ഗണേശന് ഇതാ ശിവന് കൊടുത്ത ഒരു നുള്ളു ഭസ്മംകൊണ്ട് വയറുനിറഞ്ഞ് ഏമ്പക്കംവിട്ട് ശാന്തനായി നില്ക്കുന്നു. അപ്പോള്‍ ഇതെല്ലാം ഭഗവാന്റെ ലീല മാത്രമായിരുന്നോ.
അല്ലയോ ഭഗവാനെ, ഞാന്‍ വെറുതെ എത്ര അഹങ്കരിച്ചു. ഞാന്‍ സര്‍വശക്തനെന്നും ധനേശനെന്നുമെല്ലാം ഭാവിച്ച് ഞെളിഞ്ഞതു വെറുതെ. എല്ലാം ഭഗവാന്റെ ലീലകള്‍ മാത്രം. ആ ലീലകള്ക്കുള്ള ചെറിയ ഒരു കരു മാത്രമാണ്, ഒരു കളിപ്പാവ മാത്രമാണ് ഞാന്‍.
എന്റെ ഗുരുവായ, ലോകഗുരുവായ ശ്രീപരമേശ്വരനെ കപാലധാരിയായ, ഭിക്ഷാംദേഹിയായ ഒരു ദരിദ്രവാസി മാത്രമായിക്കണ്ട ഞാന്‍ എത്ര മഹാപാപി. ആ ഗുരുപുത്രനായ ശ്രീ ഗണേശനേയും വെറും ഒരു കുടവയറനായിക്കണ്ട ഞാനെത്ര മണ്ടന്‍.
അല്ലയോ ഭഗവാനെ, സര്വവിദ്യകളുടേയും ഉറവിടമേ, ഹേ സര്‍വജ്ഞനായ മഹാവൈദ്യാ, അടിയനോടു ക്ഷമിച്ചാലും. തെറ്റുകള്‍ പൊറുത്ത് അടിയനോടു കനിഞ്ഞാലും. വൈശ്രവണന് കണ്ണുകള്‍ കൂമ്പി തൊഴുകൈകളുമായി നിന്നു. അടഞ്ഞ കണ്ണുകള്‍ക്കു മുന്നില്‍ സ്വപ്നലോകത്തിലെന്നപോലെ ഭഗവാന് ശ്രീ ശിവശങ്കരന്റെ പാദാദികേശങ്ങളായി, ഓരോ അവയവങ്ങള്‍ മാറി മാറി മുന്നില്‍ തെളിഞ്ഞുവന്നു. തുടര്‍ന്ന് വീണ്ടും കേശാദിപാദമായി തെളിഞ്ഞുവന്നു. ഇതിനിടയില്‍ ആ ദക്ഷിണാമൂര്‍ത്തി ഭഗവാന്റെ കൈകളിലൊന്ന് ജ്ഞാനമുദ്ര കാട്ടി, തള്ളവിരലും ചൂണ്ടുവിരലും മാത്രം യോജിപ്പിച്ചുകൊണ്ട് നിന്നതുകണ്ട് ഒരു നിമിഷം മനസ്സ് അവിടെ ഉടക്കിനിന്നു. പെട്ടെന്ന് മന്ദഹാസമൊഴുകുന്ന ആ മുഖവും കണ്ടു. ഭഗവാന്റെ കയ്യിലെ ജ്ഞാനമുദ്രയും മുഖത്തെ തൂമന്ദഹാസവും കണ്ട് തരിച്ചുനിന്നു.
അതെ, ഭഗവാന് തന്റെ മനസിലേക്ക് കുറേ അറിവുകള്‍ പകര്‍ന്നു നല്‍കുകയായിരുന്നു. എന്നെ മറ്റേതോ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. എവിടെവരെപ്പോയിയെന്നറിയില്ല. ഞാന്‍ ഏറെ യുഗങ്ങള്‍ പുറകിലേക്കുപോയി എന്നുറപ്പ്. ഞാന്‍ എന്നെ മറന്നുവോ?
എല്ലായിടത്തും ജലംമാത്രം കാണപ്പെട്ടു. തിരകളില്ലാത്ത ഒരു സമുദ്രം മാത്രം. പെട്ടെന്ന് ജലത്തില്‍ എന്തോ മര്‍ദ്ദം അനുഭവപ്പെട്ടതുപോലെ ജലനിരപ്പ് താഴ്ന്നു. തുടര്‍ന്ന് ഒരു മഹാവിസ്ഫോടനം. ആ വിസ്ഫോടനത്തില്‍ അന്തരീക്ഷത്തില്‍ കുറേ ഗോളങ്ങള്‍ പ്രത്യക്ഷപ്പെട്ടു. അവയെല്ലാം അതിവേഗത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. അതാ, അവിടെ മാറി ഇതെല്ലാം നോക്കിക്കൊണ്ട് സദാശിവരുദ്രന് നിറഞ്ഞുനില്ക്കുന്നു. അഞ്ചുമുഖം. പുലിത്തോലാണ് വേഷം. എല്ലാ അലങ്കാരങ്ങളും കൊണ്ട് അലങ്കൃതമായതിനേക്കാള് ദീപ്തമായ തേജസ്സ്. ഓരോ മുഖത്തും മൂന്നു കണ്ണുകള്‍.
ഭൂമി അതിന്റെ സാങ്കല്പികമായ ഒരു അച്ചുതണ്ടില്‍ അതിവേഗം കറങ്ങിക്കൊണ്ടിരിക്കുകയാണ്. ആ ഭൂമിയോടടുത്തുവരാന് ആര്‍ക്കും സാധ്യമല്ലാത്തത്ര വേഗം. അരികിലേക്ക് ചെല്ലുന്നവരെല്ലാം അമിത വേഗതയില്‍ തന്നെ തെറിച്ചുപോകുമെന്നുറപ്പ്.
പെട്ടെന്ന് സദാശിവരുദ്രന് അക്ഷരങ്ങളില്ലാതെ തന്നെ ആരോടൊ മൗനമായി സംസാരിച്ചു. മഹാമായാ പ്രഭാവം തന്നെ. അതാ സദാശിവന്റെ അതേ രൂപവും ഭാവവും ഉള്‍ക്കൊണ്ട്, എന്നാല്‍ അത്ര വലിപ്പമില്ലാതെ ഒരു കുട്ടി സദാശിവന് അവിടെ പ്രകടമായി, അഞ്ചുമുഖം, പത്തു കൈകള്‍. പുലിത്തോലാട. ഓരോ മുഖത്തും മൂന്നുകണ്ണുകള്‍.
ഫോണ്‍: 9447213643
പ്രതികരിക്കാൻ ഇവിടെ എഴുതുക: