കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ കെ.ബി.ഗണേഷ്കുമാര് എംഎല്‍എയെ മന്ത്രിക്കുപ്പായം ഇടീക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്. എല്ലാം ശരിയാക്കാം എന്നുവീമ്പിളക്കി സര്‍ക്കാരുണ്ടാക്കിയ പിണറായി ഒന്നും ശരിയാക്കാതെ വലിയ പരാജയമാകുമ്പോള്‍ ആനവണ്ടിയെ രക്ഷിക്കാനാണത്രെ ഗണേഷിനെ കൊണ്ടുവരുന്നത്. ഇത്രയും മന്ത്രിമാരും എംഎല്‍എമാരും കഴിവുകെട്ടവരായതുകൊണ്ടാണോ ഗണേഷിനെ കൊണ്ടുവരുന്നത്.
പതിറ്റാണ്ടുകളായി കെഎസ്ആര്‍ടിസി നഷ്ടത്തിലാണ്. ഈ വെള്ളാനയെ നേര നടത്താന്‍ വന്നവരെയൊക്കെ യൂണിയന്‍കാരും സര്‍ക്കാരുംകൂടി കെട്ടുകെട്ടിച്ചു. പ്രതിപക്ഷത്തിരിക്കുമ്പോഴെല്ലാം യൂണിയന് ഓശാന പാടുന്ന പിണറായിയും പാര്‍ട്ടിക്കാരും തന്നെയാണ് യൂണിയന്റെ അതിപ്രസരംകൊണ്ടാണ് കെഎസ്ആര്‍ടിസി കട്ടപ്പുറത്താകുന്നതെന്ന് ഇപ്പോള്‍ വിളിച്ചുകൂവുന്നത്. ആനവണ്ടിയെ തകര്‍ക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നത് പിണറായിയുടെ പാര്‍ട്ടിയുടെ യൂണിയന് തന്നെയാണ്. ജോലി ചെയ്യിപ്പിക്കാതെ സര്‍ക്കാര്‍ ജീവനക്കാരെ അവകാശങ്ങള്‍ക്കുവേണ്ടി മാത്രം കൊടിപിടിപ്പിക്കാന്‍ പഠിപ്പിച്ചത് പിണറായിയുടെ പാര്‍ട്ടിയാണ്. ഇപ്പോള്‍ പാര്‍ട്ടിയെതന്നെ അത് തിരിഞ്ഞുകൊത്തുന്നു.
സര്‍ക്കാര്‍ ജീവനക്കാരെയോ അവരുടെ സംഘടനകളേയോ നിലയ്ക്കുനിര്‍ത്താന്‍ കേരളത്തില്‍ പിണറായിക്കുമാത്രമല്ല ആര്‍ക്കും സാധ്യമല്ലാതായിത്തീര്‍ന്നിരിക്കുന്നു. യൂണിയന്റെ അതിപ്രസരം കൊണ്ട് കേരളത്തിലെ പല സര്‍ക്കാര്‍ സ്ഥാപനങ്ങളും നഷ്ടത്തിലോടുകയാണ്. പിണറായി തോറ്റു തുന്നംപാടിയിടത്തു ഗണേഷിനെകൊണ്ടുവന്നു മന്ത്രിയാക്കിയാല്‍ ആനവണ്ടി രക്ഷപെടുമെന്ന് പിണറായിക്കുപോലും ഉറപ്പില്ല. വലിയ ആഘോഷത്തോടെ സെക്രട്ടറിയേറ്റില്‍ കൊണ്ടുവന്ന പഞ്ചിങ് സമ്പ്രദായംപോലും ദിവസങ്ങള്‍കൊണ്ട് താറുമാറായിരിക്കുകയാണ്. പിന്നെയാണ് ആനവണ്ടിയെ രക്ഷിക്കുക! അങ്ങനെ രക്ഷിച്ച് ഗണേഷുമാത്രം ഹീറോആകാന് മറ്റുള്ളവര്‍ സമ്മതിക്കുമെന്ന് പിണറായിക്കുവിശ്വാസമുണ്ടോ. ഗണേഷിനെ പെട്ടെന്നു മന്ത്രിയാക്കുന്നതിനുപിന്നില് ഏതോ രാഷ്ട്രീയ കുതന്ത്രമുണ്ടെന്നുവേണം കരുതാന്‍.
മകനെ മന്ത്രിയാക്കാന്വേണ്ടി മാത്രം ബാലകൃഷ്ണപിള്ളയുടേയും മകന്റേയും മാത്രമായ പാര്‍ട്ടിയെ എന്‍സിപിയില്‍ ലയിപ്പിക്കാന്‍ നാണംകെട്ട കളി ഈയിടെ പിള്ളതന്നെ നടത്തിനോക്കിയതാണ്. വീണ്ടും മന്ത്രിക്കുപ്പായം സ്വപ്നംകണ്ടു കഴിയുന്ന ശശീന്ദ്രനും ചാണ്ടിയും പിള്ളയുടെ ദുഷ്ടലാക്കു മനസിലാക്കി പെട്ടെന്ന് ഒന്നായിത്തീര്‍ന്നു. അങ്ങനെ എന്‍സിപിയുടെ വാതിലടഞ്ഞപ്പോഴാണ് പിള്ളയും മകനുംകൂടി പിണറായിവഴി പുതിയ തന്ത്രത്തിനു രൂപംകൊടുത്തിരിക്കുന്നത്. വെള്ളാനകളുടെ നാട്ടില്‍ പപ്പുചെയ്ത കഥാപാത്രംപോലെയാണ് ഇപ്പോള്‍ പിണറായിയുടെ അവസ്ഥ. പപ്പുവിന്റെ കഥാപാത്രം ശരിയാക്കിയതെങ്ങനെയെന്ന് നാം കണ്ടതാണല്ലോ.പുതിയ രക്ഷകനായി വരുന്ന ഗണേഷ്കുമാര് പിണറായിക്കു ശിക്ഷകനാകുന്നതു കാണാനിരിക്കുന്നതേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: