അരുതു വീണേ, അത്രക്ക് ആവേശം വേണ്ട
വനം വകുപ്പ് മലയാളം പ്ലാന്റേഷനുമായും മൂന്നാറില്‍ ടാറ്റായുമായും ഏറ്റുമുട്ടുന്ന ആവേശം ഭക്ഷ്യ സുരക്ഷാ വകുപ്പിന് ഇന്ത്യന്‍ കോഫീ ഹൗസ് നടത്തിപ്പുകാരുമായി വേണോ? അതൊരു തൊഴിലാളി സഹകരണ സംഘമല്ലേ? അതല്ലേ അന്ന് മന്ത്രി കെ.കെ ഷൈലജയും ഓര്‍മ്മിപ്പിച്ചത്? എന്നിട്ടും എന്തേ ആ പാവങ്ങളോട് അമിതാവേശം. കാരണമന്വേഷിച്ചപ്പോഴല്ലേ ഒരു സുഹൃദ് ബന്ധത്തിന്റെ ചുരുളഴിഞ്ഞത്.
തിരുവനന്തപുരത്ത് എം.ജി റോഡിലെ സ്പെന്‍സര്‍ ജംഗ്ഷനിലെ ഇന്ത്യന്‍ കോഫീ ഹൗസ് റസ്റ്റോറന്റ് അകാരണമായി പൂട്ടിയിട്ട് രണ്ടരമാസമായി. അകാരണമായാണ് പൂട്ടിയതെന്നതാണ് വസ്തുത. അവിടെയാണ് സുഹൃദ് ബന്ധത്തിന്റെ ആഴം വ്യക്തമാകുന്നത്. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ അടുത്ത സുഹൃത്തായ ഐഎഎസുകാരിയുടെ വാക്കാലുള്ള പരാതിയല്ലാതെ പ്രസ്തുത ഭക്ഷണശാലക്കെതിരെ രേഖാമൂലം യാതൊരു പരാതിയുമില്ലെന്ന് വകുപ്പുതന്നെ സമ്മതിക്കും. എന്നിട്ടുമെന്തിനു പൂട്ടിച്ചുവെന്നിടത്താണ് സുഹൃത്തിന്റെ ദുശ്ശാഠ്യത്തിനു വഴങ്ങിയ കമ്മീഷണറുടെ നടപടി വിവാദമാകുന്നത്. ശുചിത്വ മിഷന് മേധാവി ടി.മിത്രയുടെ വാക്കാലുള്ള പരാതിയെത്തുടര്‍ന്നാണ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വീണാ മാധവന്റെ നിര്‍ദ്ദേശപ്രകാരം വകുപ്പ് കോഫീ ഹൗസില്‍ പരിശോധന നടത്തിയത്. അടുക്കളയില്‍ തറയോടുകള്‍ മാറുന്നതടക്കം ചില പണികള്‍ നടത്താനും അതുവരെ അടയ്ക്കാനും നോട്ടീസ് നല്കി. അത് വകുപ്പിനു തൃപ്തിയാകുകയും ചെയ്തു, കമ്മീഷണര്‍ക്കൊഴികെ. അനുകൂല റിപ്പോര്‍ട്ടിനെ മറികടക്കാന്‍ പഴയഫയലുകള്‍ അവര്‍ പരതി. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ കാരണം കണ്ടെത്തി. അതിലുള്ള അപ്പീലിനു പുറത്ത് ഒന്നരമാസം അടയിരുന്നു. ഒടുവില്‍ കഴമ്പില്ലാത്ത കാരണങ്ങള്‍ കാട്ടി അപ്പീല്‍ തള്ളുകയും ചെയ്തു. ഉത്തരവിലെ കാരണങ്ങള്‍ക്ക് കാര്യങ്ങള്‍ സൃഷ്ടിച്ച കമ്മീഷണറുടെ ബുദ്ധിവൈഭവത്തിന് നമോവാകം.
പൂട്ടിച്ച ബ്രാഞ്ചില്‍ ജോലിചെയ്തിരുന്ന അന്‍പതോളം തൊഴിലാളികളെ ഇപ്പോള്‍ മറ്റു ബ്രാഞ്ചുകളില്‍ നിയോഗിച്ചതിനാല്‍ ഉടമകള്‍ക്കു നഷ്ടമില്ലെന്നു കണ്ടെത്താന്‍ അവര്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല. പ്രതിമാസം ശരാശരി 20 ലക്ഷത്തില്‍പ്പരം രൂപയുടെ വ്യാപാരം നടന്നുവന്ന സ്ഥാപനം പൂട്ടിയപ്പോള്‍ ഉടമകളായ തൊഴിലാളി സഹകരണ സംഘം അവിടുത്തെ ജീവനക്കാരെ മറ്റു ശാഖകളിലേക്കു മാറ്റിയതുകൊണ്ട് നഷ്ടമില്ലെന്ന്!!!!!!. കഷ്ടം. പരാതിക്കിടയാക്കിയ അടുക്കള മാറ്റിസ്ഥാപിക്കാമെന്ന നിര്‍ദ്ദേശം ഉടമകള്‍ മുന്നോട്ടുവച്ചിട്ടും അതിനു ചെവികൊടുക്കാതെ സ്ഥിരമായി പൂട്ടാന്‍ അവര്‍ കാരണം കണ്ടെത്തിയെന്നതും അവരുടെ ദുഷ്ടലാക്ക് വെളിവാക്കുന്നതാണ്.
കോഫീ ഹൗസ് ഒരു വെറും ചായക്കടയല്ലെന്ന് അറിയാവുന്നയാളാണ് എന്‍.വി മാധവന് സാര്‍. ഒരു സാധാരണ ഹോട്ടലിനുമപ്പുറത്താണ് ഇന്ത്യന്‍ കോഫീ ഹൗസിനെ ജനങ്ങള്‍ കാണുന്നതെന്ന് സാറിന്റെ മകള്‍ക്ക് അറിയാതെ പോയത് കഷ്ടമായി. അതുകൊണ്ടാണ് സെക്രട്ടറിയേറ്റിലും നിയമസഭയിലും ഹൈക്കോടതിയിലും കാന്റീന് നടത്താന്‍ അവരെ നിയോഗിച്ചിട്ടുള്ളത്. കോഫീ ഹൗസ് ഉണ്ടെങ്കില്‍ അവിടെ മാത്രം ഭക്ഷണം കഴിക്കാന്‍ കയറുന്ന നൂറുകണക്കിനാളുകള്‍, മന്ത്രിമാരും ഐഎഎസുകാരുമടക്കം, ഉണ്ടെന്നതും അവര്‍ അറിയണമായിരുന്നു.
ഇനി പൂട്ടിയ ബ്രാഞ്ചിനെക്കുറിച്ചു പറയാം. 1958 ല്‍ തിരുവനന്തപുരത്താരംഭിച്ച ആദ്യ ശാഖയാണത്. ഗൃഹാതുരതകളുണര്‍ത്തുന്ന പഴയ മന്ദിരം പൊളിച്ചുമാറ്റിയാണ് അന്നാസ് ആര്‍ക്കെഡെന്ന ഷോപ്പിംഗ് കോംപ്ലക്സ് പണിതത്. അതിന് പകരമായാണ് അവര്‍ക്ക് പാട്ടത്തിനു ഇടം നല്‍കിയത്. കരാറിനു വിരുദ്ധമായി അടിയിലെ നിലയിലാണ് അവര്‍ക്ക് കെട്ടിടമുടമ സ്ഥലം നല്‍കിയത്. അര്‍ഹതപെട്ടത് ചോദിച്ചുവാങ്ങാനൊന്നും കെല്‍പ്പില്ലാത്ത ഒരുകൂട്ടം തൊഴിലാളികള്‍ ഭരിക്കുന്ന സംഘത്തിന് ഈ ചതി പറ്റിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു.
ഇവിടെ പലരും പതിവുകാരായിരുന്നു. എഴുത്തുകാരും രാഷ്ട്രീയനേതാക്കളും സിനിമാക്കാരും കളിക്കാരും വ്യാപാരികളും മാധ്യമപ്രവര്‍ത്തകരുമൊക്കെ. ഇപ്പോഴും അക്കൂട്ടരൊക്കെ പതിവുകാരായുണ്ട്. ഇവിടത്തെ കൂട്ടായ്മകള്‍ എല്ലാത്തിനുമപ്പുറത്തുള്ള സുഹൃദ് ബന്ധത്തിന്റേതാണ്. ഇവിടെ നടക്കുന്നത് ചര്‍ച്ചകളും കൂടിയാലോചനകളുമാണ്. ഒപ്പം നല്ല ഭക്ഷണവും ആവിപറക്കുന്ന കാപ്പിയും. അതുകൊണ്ടുതന്നെ അത് ഒരു സാംസ്ക്കാരിക ഇടം കൂടിയാകുന്നു. അത്തരമൊരിടമായതുകൊണ്ടാണ് അതിനു താഴിടാന്‍ തുടങ്ങിയതുമുതല്‍ പതിവുകാരുടെ ഇടപെടലുണ്ടായത്.
അതെ, ഞങ്ങള്‍ കോഫീ ഹൗസിനെ സ്നേഹിക്കുന്നവരാണ്. ആ സംസ്ക്കാരം പിന്തുടരുന്നവരാണ്. എല്ലാ വിഭാഗക്കാരും ഞങ്ങള്‍ക്കൊപ്പമാണ്. അത്തരമൊരു സാംസ്ക്കാരിക ഇടത്തിന്റെ ആവശ്യകതയെക്കുറിച്ചു വ്യക്തമായ ബോധ്യമുള്ളവരാണ്. അതുകൊണ്ടാണ് ഞങ്ങള്‍ മാനേജ്മെന്റിനൊപ്പം നില്‍ക്കുന്നത്. അവരെ പിന്തുണക്കുന്നത്. ഭക്ഷ്യവകുപ്പിന്റെ മന്ത്രിയെ സമീപിച്ചതും അനുകൂല നിലപാട് തിരിച്ചറിഞ്ഞതും. മാധ്യമങ്ങളുടെ പിന്തുണതേടിയത്. അതു ഞങ്ങള്‍ തുടരുകയും ചെയ്യും.
(ഫേസ്ബുക്കില്‍നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: