നല്ലതു പറഞ്ഞും പ്രവര്‍ത്തിച്ചും സമൂഹത്തില്‍ ഇടംനേടുന്ന ധാര്‍മികമായ പാതയിലൂടെയായിരുന്നു പണ്ട് പലരുടേയും സഞ്ചാരം. മറ്റുള്ളവരെ തീരെ വിമര്‍ശിച്ച് ആളാകുന്നതിനോട് അത്തരക്കാര്‍ക്ക് ഒരുതരം കുറച്ചില് അനുഭവപ്പെട്ടിരുന്നു. പക്ഷേ ഇന്ന് അതല്ല സ്ഥിതി. അന്യരെ ഇകഴ്ത്തിയും അസഭ്യം പറഞ്ഞും വിമര്ശിച്ചുകൊന്നുമൊക്കെയാണ് ഇന്നത്തെക്കാലത്ത് ആളാകുന്നത് എന്നുവന്നിരിക്കുന്നു. ഏറ്റവും മോശപ്പെട്ട വാക്കുകള്‍ പറയുന്നത് ഏറ്റവും ശക്തമെന്നും ഉന്നതമെന്നും ആയിരിക്കുന്നു. ഇത്തരം തികച്ചുംതരംതാണ ഒരവസ്ഥയിലാണ് ഇപ്പോള്‍ സിനിമാ പ്രവര്‍ത്തകരുടെ വിമര്‍ശനങ്ങള്‍ ചെന്നെത്തിനില്ക്കുന്നത്.
എന്തിനാണ് ഇവര്‍ ഇങ്ങനെ വിമര്‍ശിക്കുന്നതെന്ന് പിടികിട്ടുന്നില്ല. എന്തായാലും സിനിമ നന്നാവാനോ സിനിമാക്കാര് നന്നാവാനോ അല്ല. അവരവര്‍ നന്നാവാനും അല്ല. സിനിമയിലെ വിവിധ സംഘടനകള്‍ ചേരി തിരിഞ്ഞും ഒരുസംഘടനയില്‍ ഉള്ളവര്‍തന്നെ ചേരിതിരിഞ്ഞും വ്യക്തിപരമായുംതന്നെ പരസ്പരം ചെളിവാരി എറിയുന്നുണ്ട്. മെഗാസ്റ്റാറും ലേഡി സൂപ്പര്‍ സ്റ്റാറുമൊക്കെ വിമര്‍ശിക്കുന്നവരിലും വിമര്‍ശനം കൊള്ളുന്നവരിലുമുണ്ട്. ആരും അമ്പ് കൊളാളാത്തവരില്ല. പണ്ട് ഇത്തരം വിമര്ശനംപോലുമില്ലാതിരുന്നു. ഉണ്ടെങ്കില്‍തന്നെ സൂപ്പര്‍ താരങ്ങളെ ഒഴിവാക്കിയിരുന്നു.ഇന്ന് ആരേയും ഒഴിവാക്കുന്നില്ല. ഇപ്പോള്‍ വിമര്‍ശനം കൊഴുക്കുന്നത് മമ്മൂട്ടിയെ മുന്‍നിര്‍ത്തിയാണ്.
വിമര്‍ശിക്കുന്നവരില്‍ സിനിമയില്‍ നല്ല പണിയുള്ളവരും ഒട്ടും പണിയില്ലാത്തവരും ഉണ്ട്. പണിയുള്ളവര്‍ കൂടുതല്‍ പ്രശസ്തിനേടാനും പണിയില്ലാത്തവര്‍ തങ്ങളിവിടെ ജീവിച്ചിരിക്കുന്നുണ്ടെന്നു അറിയിക്കാന്വേണ്ടിക്കൂടിയാണെന്നു പരിഹസിക്കുന്നുണ്ടു ചിലര്‍. ബുദ്ധിജീവിയാകാന്വേണ്ടിയാണ് ചിലര്‍ വിമര്‍ശിക്കുന്നതെന്നു പറയുന്നവരും കുറവല്ല. എന്നാല്‍ ഇവരുടെ പരാമര്‍ശങ്ങളില്‍ ഒരുതരംബുദ്ധിജീവിതവും കാണുന്നില്ല. പകരം മണ്ടത്തരങ്ങളും മൂന്നാംതരം പരദൂഷണങ്ങളും മാത്രമേയുള്ളൂ. മൗനം പാലിക്കുന്നവരാണ് കൂടുതലും
എന്തായാലും ഈ വിവാദം പെട്ടന്ന് ശമിക്കുമെന്നു തോന്നുന്നില്ല. ജനിച്ചപ്പോള്‍തന്നെ പേരുംപെരുമയുമായി വന്നവരാണ് തങ്ങളെന്നാണ് ചില സിനിമാക്കാരുടെ ധാരണ. സിനിമാക്കാര് പെട്ടെന്നു മറക്കുന്നത് അവര്ക്കുപേരും പെരുമയും പണവും സൗകര്യങ്ങളുമൊക്കെ നല്കിയ പ്രേക്ഷകരെയാണ്. നടന് ദിലീപിനെ അറസ്റ്റുചെയ്ത അവസരത്തില്‍ താരസംഘടനയായ അമ്മ പലതുകൊണ്ടും വിവാദമായ അവസരത്തില്‍ സിനിമയുമായി ബന്ധപ്പെട്ടുതന്നെ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞ പരാമര്‍ശങ്ങളില്‍ ഒന്ന് ശ്രദ്ധേയമായിരുന്നു, നിലവാരമില്ലാത്തവരാണ് അമ്മയില്‍ ഉള്ളവരെന്ന്. ഒരു പ്യൂണിനുപോലും അത്യാവശ്യം അടിസ്ഥാന വിദ്യാഭ്യാസം വേണം. സിനിമാ താരങ്ങള്‍ക്കു അതുവേണ്ടെന്ന്!ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങള്‍ അതുശരിവെക്കുന്നു!
പ്രതികരിക്കാൻ ഇവിടെ എഴുതുക: