പത്തനംതിട്ട: ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള റെസ്ക്യു ഫോഴ്സ് കഴിഞ്ഞ ദിവസം മോചിപ്പിച്ച രണ്ട് പെണ്‍കുട്ടികളെയും തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവന്നതാണെന്ന് വ്യക്തമായി. ശിശുസംരക്ഷണ സ്ഥാപനത്തില്‍ കുട്ടികളെ പ്രവേശിപ്പിച്ചിരുന്നു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരായ കുട്ടികളുടെ മൊഴി ചെയര്‍പേഴ്സണ്‍ രേഖപ്പെടുത്തി. രക്ഷിതാക്കള്‍ എന്ന് അവകാശപ്പെട്ട് കമ്മിറ്റി മുന്‍പാകെ എത്തിയവരെ സംബന്ധിച്ചും കുട്ടികളുടെ തുടര്‍ സംരക്ഷണത്തെ സംബന്ധിച്ച് തീരുമാനം എടുക്കുന്നതിനായി തമിഴ്നാട്ടിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസ് മുഖേന റിപ്പോര്‍ട്ട് തേടും. കുട്ടികളെ മാല, വള തുടങ്ങിയവ വില്‍ക്കുന്നതിനായി ഇവിടേക്ക് കൊണ്ടുവന്നവര്‍ക്കെതിരെ ബാലനീതി നിയമ പ്രകാരം നിലയ്ക്കല്‍ പോലീസ് കേസെടുത്തു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുകളുടെ കീഴില്‍ ചൈല്‍ഡ് റെസ്ക്യു ഫോഴ്സ് രൂപീകരിച്ചതിന് ശേഷം സംസ്ഥാനത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്ത കേസാണിത്.ശരണ ബാല്യം പദ്ധതി സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിനായി പത്തനംതിട്ടക്ക് പുറമെ കൊല്ലം, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുകളിലായി 6 വീതം ചൈല്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരെ നിയമിച്ചു.
ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത്, സാമൂഹ്യ നീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, വനിതാ ശിശു വികസന ഡയറക്ടര്‍ ഷീബ ജോര്‍ജ്ജ്, സംസ്ഥാന ബാലവാകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ശോഭാ കോശി എന്നിവരുടെ നേതൃത്വത്തില്‍ നാല് ജില്ലകളിലെയും റെസ്ക്യു ഓഫീസര്‍മാര്‍ക്ക് കഴിഞ്ഞ ദിവസം മരാമണ്‍ റിട്രീറ്റ് സെന്ററില്‍ വെച്ച് പരിശീലനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: