തൃശൂര്‍ : തിരുവാതിര ആഘോഷങ്ങളുടെ ഭാഗമായി ശ്രീ വടക്കുന്നാഥ ക്ഷേത്രത്തില്‍ ലക്ഷദീപം തെളിയിക്കാന്‍ ആയിരങ്ങളെത്തി. ക്ഷേത്രം മേല്‍ശാന്തി അണിമംഗലം രാമന് നമ്പൂതിരി ആദ്യതിരി തെളിയിച്ചു. കൊച്ചിന് ദേവസ്വം ബോര്‍ഡ് സ്പെഷല്‍ കമ്മീഷണര്‍ ആര്.ഹരി, അസി.കമ്മീഷണര്‍ കെ.ജയകുമാര്‍, ദേവസ്വം മാനേജര്‍ കെ.കെ.രാജന് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് സ്ത്രീകളും കുട്ടികളുമടക്കമുള്ള ഭക്തജനങ്ങള്‍ തിരിതെളിയിച്ചു.
തിരുവാതിരയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ വടക്കുന്നാഥന് പ്രതിവിധി നെയ്യാട്ടം നടത്തി. 26 മങ്ങ് നെയ്യ് ഉപയോഗിച്ചായിരുന്നു ചടങ്ങ്. മഹാഗണപതി ഹോമം, ശ്രീരുദ്ര യജ്ഞം, വിശേഷാല്‍ തന്ത്രി പൂജ, കലശമാടല്‍, ശ്രീപാര്‍വ്വതിക്ക് പുഷ്പാഭിഷേകം എന്നിവയും ഉണ്ടായി. വടക്കുന്നാഥന് 252 കരിക്ക് അഭിഷേകവും ചെയ്തു. മംഗല്യ സൗഭാഗ്യത്തിനും നെടുമംഗല്യത്തിനുമായി തിരുവാതിര ദിനത്തില്‍ നൂറുകണക്കിന് ഭക്തരാണ് വടക്കുന്നാഥനേയും ശ്രീപാര്‍വ്വതിയേയും വണങ്ങാനെത്തിയത്.
ആതിര മണ്ഡപത്തില്‍ 13 സംഘങ്ങളുടെ നേതൃത്വത്തില്‍ തിരുവാതിരക്കളി അരങ്ങേറി. നിരവധി ആസ്വാദകര്‍ തിരുവാതിരക്കളി ആസ്വദിക്കാനെത്തിയിരുന്നു. തുടര്‍ന്നുള്ള മൂന്ന് തിങ്കളാഴ്ചകളില്‍ വടക്കുന്നാഥന് 25 മങ്ങ് വീതമുള്ള പ്രതിവിധി നെയ്യാട്ടവും 252 വീതം കരിക്ക് അഭിഷേകവും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: