ജറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമായി യു.എസ് അംഗീകരിച്ചു. അറബ് ജനതയുടെ പ്രതിഷേധങ്ങളും ലോകനേതാക്കളുടെ മുന്നറിയിപ്പുകളും അവഗണിച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം.
ടൈം മാസികയുടെ 2017ലെ പേഴ്സണ്‍ ഓഫ് ദ ഇയര്‍ ആയി സൗദി കിരീടാവാകാശി മുഹമ്മദ് ബിന്‍ സല്‍മാനെ തെരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷം ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുള്ള വ്യക്തികളില്‍ നിന്നാണ് സൗദി കിരീടാവകാശിയെ തെരഞ്ഞെടുത്തത്.
ഫ്രഞ്ച് റോക്ക് ആന്‍ഡ് റോള്‍ സംഗീത ഇതിഹാസവും അഭിനേതാവുമായ ജോണി ഹാല്ലിഡേ(74) അന്തരിച്ചു. ശ്വാസകോശ അര്‍ബുദം ബാധിച്ചതിനെത്തുടര്‍ന്ന് ഏറെ നാള് ചികിത്സയിലായിരുന്നു. ഫ്രാന്‍സിന് റോക്ക് ആന്‍ഡ് റോള്‍ സംഗീതം പരിചയപ്പെടുത്തിയ സംഗീതജ്ഞനായിരുന്നു ജീന്‍ ഫിലിപ്പി സ്മെറ്റ് എന്ന ജോണി ഹാല്ലിഡേ.
യെമന്‍ മുന്‍പ്രസിഡന്റ് അലി അബ്ദുള്ള സലേ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹൂതിവിമതരാണ് പിന്നിലെന്ന് കരുതപ്പെടുന്നു. ഹൂതി വിമതരുമായി നിരന്തരമായി സംഘര്‍ഷത്തിലായിരുന്നു അലിയുടെ നേതൃത്വത്തിലുള്ള സംഘം. ഇതോടെ സംഘര്‍ഷത്തിന് സമീപ ഭാവിയില്‍ അന്ത്യമാകുമെന്ന പ്രതീക്ഷയും ഇതോടെ ഇല്ലാതായി.
അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണലില്‍ വിചാരണ നടക്കുന്നതിനിടെ മുന്‍ ബോസ്നിയന്‍ കമാന്‍ഡര്‍ വിഷം കഴിച്ചു മരിച്ചു. 1992-95 കാലത്തെ ബോസ്നിയന്‍ യുദ്ധത്തില്‍ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്ത കേസില്‍ കുറ്റാരോപിതനായ സ്ലൊബൊഡാന്‍ പ്രല്‍ജാക്കാ(72)ണ് കോടതിമുറിയില്‍ ആത്മഹത്യ ചെയ്തത്.
ഈജിപ്തിലെ ബിര്‍ അല്‍ അബീബ് നഗരത്തിലെ സൂഫി ദേവാലയമായ അല്‍ റൗദ മസ്ജിദില്‍ ചാവേറാക്രമണത്തിലും വെടിവെയ്പ്പിലും 235 പേര് കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.
ക്രിസ്ത്യാനികളുടെ പുണ്യനഗരമായ സീനായിക്കു സമീപമാണ് സ്ഫോടനമുണ്ടായ സ്ഥലം. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.
ജപ്പാന് പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷിന്‍സേ ആബെക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിയുള്‍പ്പെട്ട സഖ്യം വിജയിച്ചു. 465 സീറ്റില്‍ മുന്നൂറിലേറെ സീറ്റുകളിലാണ് സഖ്യം ജയിച്ചത്. ആബെയുടെ ലിബറല്‍ ഡെമോ്രകാറ്റിക് പാര്‍ട്ടിയാണ് സഖ്യത്തിലെ മുഖ്യകക്ഷി.
ന്യൂസിലന്‍ഡിന്റെ പുതിയ പ്രധാനമന്ത്രിയായി ജസീന്ദ ആര്‍ഡേണ്‍ ചുമതലയേറ്റു. ന്യൂസിലന്‍ഡ് ഫസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ലേബര്‍ പാര്‍ട്ടി നേതാവായ ജസീന്ദ പ്രധാനമന്ത്രിപദത്തിലെത്തുന്നത്.
മുപ്പത്താറു വര്‍ഷം നീണ്ട ഭരണത്തിനൊടുവില്‍ സിംബാബ്വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ രാജിവച്ചു. രക്തരഹിത വിപ്ളവത്തിലൂടെയാണ് പട്ടാളം അധികാരം പിടിച്ചെടുത്ത്. മുഗബെയെയും ഭാര്യ ഗ്രേസിയെയും വീട്ടുതടങ്കലിലാക്കിയിരുന്നു. അധികാരം ഒഴിയാന്‍ കൂട്ടാക്കാതെയിരുന്നതോടെയാണ് പട്ടാളം മുഗാബെയെ പുറത്താക്കിയത്.
അമേരിക്കന്‍ സാഹിത്യകാരന് ജോര്‍ജ് സോന്‍ഡേര്‍സിന് ബുക്കര്‍ പ്രൈസ്. ചെറുകഥാകൃത്തായി അറിയപ്പെടുന്ന സോന്‍ഡേര്‍സിന്റെ നോവലായ ലിങ്കണ് ദ ബാര്‍ഡോ എന്ന നോവലിനാണ് മാന്‍ ബുക്കര്‍ പ്രൈസ് ലഭിച്ചത്.
വെനസ്വേലയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മഡുറോയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷി 23ല്‍ 17 സീറ്റുകളും നേടി കരുത്തുകാട്ടി.
കിര്‍ഗിസ്ഥാന്റെ പുതിയ പ്രസിഡന്റായി സൂറണ്ബെയ് ജീന്‍ബെകോവ് തെരഞ്ഞെടുക്കപ്പെട്ടു. ചരിത്രപരമായ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനമൊഴിയുന്ന അല്മാസബേക്ക് ആതംബായേവിന്റെ പിന്തുണയോടെ മത്സരിച്ച ജീന്‍ബെകോവ് പ്രവചനങ്ങളെ കാറ്റില്‍ പറത്തിയാണ് വിജയിച്ചത്. കിര്‍ഗിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രിയാണ് ജീന്‍ബെകോവ്.
ലൈംഗികാരോപണം നേരിടുന്ന ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്നെ ഓസ്കര് പുരസ്കാര സമിതിയില്‍ നിന്നു പുറത്താക്കി. നടന് ടോം ഹാങ്ക്സ്, സംവിധായകന് സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്, വൂപി ഗോള്‍ഡ്ബര്‍ഗ് തുടങ്ങിയവരടങ്ങുന്ന ഭരണസമിതി ശനിയാഴ്ച യോഗം ചേര്‍ന്നാണ് വെയ്ന്‍സ്റ്റെയ്നെ പുറത്താക്കാന്‍ തീരുമാനമെടുത്തത്.
ജപ്പാനിലെ ടോക്കിയോയെ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി തെരഞ്ഞെടുത്തു. ഡിജിറ്റല്‍ സുരക്ഷ, ആരോഗ്യ സുരക്ഷ, വ്യക്തികളുടെ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ 49 സൂചകങ്ങളെ അടിസ്ഥാനമാക്കിയാണു ടോക്കിയോയെ തെരഞ്ഞെടുത്തത്.
അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് എച്ച്. തലറിന് ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം. ഷിക്കാഗോ സര്‍വകലാശാലയിലെ പ്രൊഫസറാണ് തലര്‍.
രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനവും മൂന്നു പേര് പങ്കിട്ടു. സ്വിറ്റ്സര്‍ലന്‍ഡിലെ ലൊസെയ്ന്‍ സര്‍വ്വകലാശാലയിലെ ജാക്കസ് ഡ്യൂബോഷെ, അമേരിക്കയിലെ കൊളംബിയ സര്‍വ്വകലാശാലയിലെ ജോക്കിം ഫ്രാങ്ക്, ബ്രിട്ടനിലെ എംആര്‍സി മോളിക്യുലര്‍ ബയോളജി ലാബിലെ റിച്ചാര്‍ഡ് ഹെന്ഡേഴ്സണ് എന്നിവരാണ് ജേതാക്കള്‍.
സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം ജപ്പാന് വംശജനായ ബ്രിട്ടീഷ് എഴുത്തുകാരന് കാസുവോ ഇഷിഗുറോയ്ക്ക്. അദ്ദേഹത്തിന്റെ ‘ദി റിമെയ്ന്‍സ് ഓഫ് ദി ഡേ’ എന്ന നോവലിനാണ് പുരസ്കാരമെന്ന് സ്വീഡിഷ് അക്കാദമി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഊര്‍ജ്ജതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ പങ്കിട്ടു. റെയ്നര്‍ വെസ്, ബാറി ബറിഷ്, കിപ് തോണ് എന്നിവരാണ് പുരസ്കാരം പങ്കിട്ടത്.
സിംഗപ്പൂരിന്റെ ആദ്യ വനിതാപ്രസിഡന്റായി ഹലിമ യാക്കൂബിനെ തെരഞ്ഞെടുത്തു. മുന്‍ പാര്‍ലമെന്റ് സ്പീക്കര്‍ കൂടിയാണിവര്‍. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹലീമ മാത്രമാണ് യോഗ്യത നേടിയതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചതോടെയാണു ചരിത്ര നിയോഗത്തിനു വഴിതുറന്നത്.
കെനിയയില്‍ ഒഹുറു കെനിയാട്ട വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 54.3 ശതമാനം വോട്ട് നേടിയാണ് കെനിയാട്ട വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. മുഖ്യ എതിരാളിയായ റൈല ഒഡീങ്കയ്ക്ക് 44.7 ശതമാനം വോട്ട് മാത്രമാണ് നേടാനായത്.
കാറ്റലോണിയയില്‍ സ്വതന്ത്രരാഷ്ട്രപദവിക്കായി നടന്ന ഹിതപരിശോധനയെ തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രസിഡന്റ് കാള്‍സ് പഗ്ദേമോന്‍ഡ്. ഉടന്‍ സ്വതന്ത്രരാജ്യമാകുമെന്നും പ്രഖ്യാപനം.
ബ്രസീല്‍ മുന്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സില്‍വയെ അഴിമതിക്കേസില്‍ ഒമ്പതര വര്‍ഷത്തേക്ക് ശിക്ഷിച്ചു. ബ്രസീലിയന്‍ ഫെഡറല്‍ ജഡ്ജി സെര്‍ജിയോ മോറോയാണ് ലുലയെ ശിക്ഷിച്ചത്. പെട്രോബ്രാസ് അഴിമതി കേസിലാണ് നടപടിയുണ്ടായിരിക്കുന്നത്.
പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജി വച്ചു. പനാമ അഴിമതിക്കേസില്‍ നവാസ് ഷെരീഫ് കുറ്റക്കാരനെന്ന് കണ്ടെത്തിയ സുപ്രീം കോടതി അദ്ദേഹത്തോട് രാജി വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് രാജി.
ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ കൈവശമായിരുന്ന മൊസൂള്‍ നഗരം ഇറാഖി സൈന്യം തിരിച്ചുപിടിച്ചു. ഒന്‍പതുമാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂള്‍ ഐഎസില്‍നിന്ന് സൈന്യം തിരിച്ചുപിടിച്ചത്.
ഫ്രാന്‍സില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനായുള്ള രണ്ടാംഘട്ട വോട്ടെടുപ്പില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഒന്‍മാര്‍ഷ് പാര്‍ട്ടിക്ക് വന്‍ വിജയം. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ദേശീയ അസംബ്ലിയിലെ 577ല്‍ 361 സീറ്റുകള്‍ മാക്രോണിന്റെ പാര്‍ട്ടി നേടി.
ബ്രിട്ടീഷ് തലസ്ഥാന നഗരമായ ലണ്ടനിലെ ബ്രിഡ്ജിലും അടുത്തുള്ള ബോറോ മാര്‍ക്കറ്റിലും ഉണ്ടായ ഭീകരാക്രമണത്തില്‍ ഏഴു പേര് കൊല്ലപ്പെട്ടു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു.
ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അന്തിമ തെരഞ്ഞെടുപ്പില്‍ എന്‍മാര്‍ഷെയുടെ ഇമ്മാനുവല്‍ മാക്രോണിന് വിജയം. ഇതോടെ ഫ്രാന്‍സിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി മക്രോണ്‍ സ്ഥാനമേറ്റു.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുടെ മേധാവി അബൂബക്കര്‍ അല്‍ ബഗ്ദാദിയെ വധിച്ചതായി റഷ്യ പ്രതിരോധ മന്ത്രാലയം. വ്യോമാക്രമണത്തിലൂടെയാണ് ബാഗ്ദാദിയെ കൊലപ്പെടുത്തിയത്. മേയ് അവസാനം നടന്ന വ്യോമാക്രമണത്തില്‍ ഐ.എസ് മേധാവി അബൂബക്കര്‍ അല്‍ ബാഗ്ദാദിയോടൊപ്പം നിരവധി മുതിര്‍ന്ന ഐ.എസ് നേതാക്കളും കൊല്ലപ്പെട്ടതായി റഷ്യന്‍ മന്ത്രാലയം വെളിപ്പെടുത്തി.
ഫ്രാന്‍സിന്റെ ഈരിസ് മിറ്റിന മിസ് യൂണിവേഴ്സായി തെരഞ്ഞെടുക്കപ്പെട്ടു. ഹെയ്ത്തിയില്‍ നിന്നുള്ള റാക്വല്‍ പെലിസര്‍ ഫസ്റ്റ് റണ്ണറപ്പും കൊളംബിയയില്‍ നിന്നുള്ള ആന്‍ഡ്രിയ ടോവ സെക്കന്‍ഡ് റണ്ണറപ്പുമായി.
സൗത്ത് കരോലിന ഗവര്‍ണര്‍ നിക്കി ഹാലിയെ ഐക്യരാഷ്ട്രസഭയിലെ സ്ഥാനപതിയാക്കാന്‍ അമേരിക്കന്‍ സെനറ്റിന്റെ അംഗീകാരം. ക്യാബിനറ്റ് റാങ്കോടെയാണ് ഇന്ത്യാക്കാരിയായ നിക്കിയുടെ നിയമനം. ആദ്യമായാണ് ഒരു ഇന്ത്യാക്കാരിയ്ക്ക് ഈ അംഗീകാരം ലഭിക്കുന്നത്.
ചന്ദ്രനില്‍ കാലുകുത്തിയ അവസാന ബഹിരാകാശ സഞ്ചാരി ജിന്‍ സെര്നാന് (82) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയാണ് ട്വിറ്ററിലൂടെ സെര്നാന് വിടവാങ്ങിയ വിവരം ലോകത്തെ അറിയിച്ചത്.
ഐക്യരാഷ്ട്ര സഭയുടെ സമാധാന വക്താവായി നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്സായിയെ തെരഞ്ഞെടുത്തു. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പ്രസക്തി ആഗോള വ്യാപകമായി ബോധവത്കരണം നടത്തുകയാണ് മലാലയുടെ നിയമനത്തിലൂടെ യുഎന്‍ ലക്ഷ്യമിടുന്നത്.
അന്റോണിയോ ഗുട്ടെറസ്, യുഎന്‍.സെക്രട്ടറി ജനറല്‍ സ്ഥാനം ഏറ്റെടുത്തു. സമാധാനത്തിന് മുഖ്യ പ്രാധാന്യം നല്‍കണമെന്ന ആഹ്വാനവുമായിട്ടാണ് അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്.
തുടര്‍ച്ചയായി നാലാം തവണ ജര്‍മന്‍ ചാന്‍സിലറായി ആഞ്ചല മെര്‍ക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു. മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 32% വോട്ട് ലഭിച്ചു
തയ്യാറാക്കിയത്: വൈശാഖ് നെടുമല
പ്രതികരിക്കാൻ ഇവിടെ എഴുതുക: