ചെറുതുരുത്തി: അനധികൃത കോഴിഫാമിന്റെ പ്രവര്‍ത്തനം മൂലം നാലംഗ കുടുംബം ദുരിതത്തില്‍. ദേശമംഗലം പഞ്ചായത്തിലെ പല്ലൂര് കൊണ്ടയൂര്‍ പോസ്റ്റ് ഓഫീസിനു സമീപം പണ്ടാരത്തില്പടി സുരേഷും മൂന്നും, ആറും വയസുള്ള കുട്ടികളും ഭാര്യ ആശയുമാണ് കോഴിഫാം മൂലം ദുരിതത്തിലായിരിക്കുന്നത്.
ഒരു വര്‍ഷം മുന്‍പ് അനധികൃതമായി പ്രവര്‍ത്തനം ആരംഭിച്ച കോഴിഫാമില്‍ മാലിന്യ സംസ്കരണത്തിനുള്ള സംവിധാനമില്ലാത്തതിനാല്‍ അവശിഷ്ടങ്ങളും, മറ്റു മാലിന്യങ്ങളും പ്രദേശത്ത് നിക്ഷേപിക്കുകയാണ്. ദുര്‍ഗന്ധത്തോടൊപ്പം പകര്‍ച്ചവ്യാധികള്‍ക്കും ഇത് കാരണമാകുന്നു. കുട്ടികള്‍ക്ക് ശ്വാസതടസവും ചൊറിച്ചിലും മൂലം ഇടയ്ക്കിടെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതോടെ മാസങ്ങള്‍ക്കു മുന്‍പ് പഞ്ചായത്ത് കോഴിഫാം നിര്‍ത്തലാക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇത് നിലനില്‍ക്കെ ഉടമ വീണ്ടും കോഴിഫാം പ്രവര്‍ത്തനം ആരംഭിച്ചത് വീട്ടുകാരെ ദുരിതത്തിലാക്കി. പരാതിയുമായി വീട്ടുകാര്‍ രംഗത്തെത്തിയെങ്കിലും ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും നടപടികള്‍ സ്വീകരിച്ചില്ല. പഞ്ചായത്ത് ലൈസന്‍സ് പോലും ഇല്ലാതെയാണ് കോഴിഫാം പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരെ പരാതി നല്കിയ കുടുംബത്തെ ഭീഷിണിപ്പെടുത്തിയതായും പരാതിക്കാരനായ സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: