ഗുരുവായൂര്‍: മലബാര്‍ ദേവസ്വം ബോര്‍ഡ് കൈയ്യേറിയ ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഭക്തജനങ്ങള്‍ക്ക് തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് വിമോചന സമിതി നടത്തി വരുന്ന പ്രതിഷേധ നാമജപയാത്ര ഇന്നലെ അന്‍പത് ദിനം പിന്നിട്ടു. വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതെ സര്‍ക്കാര്‍.
എല്ലാ ദിവസവും വൈകീട്ട് 5.30 ന് മഞ്ജുളാല്‍ പരിസരത്തു നിന്നും ആരംഭിക്കുന്ന നാമജപയാത്രയെ ക്ഷേത്രത്തിന് നൂറു മീറ്റര്‍ അകലെ വച്ചാണ് പോലീസ് തടയുന്നത്.
പാര്‍ത്ഥസാരഥി ക്ഷേത്ര വിമോചനത്തിനായുള്ള പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജില്ലയിലെ 6 താലൂക്കുകളിലും സമുദായിക, ക്ഷേത്ര, ഹിന്ദു സംഘടനാ നേതാക്കള്‍ പങ്കെടുത്ത വിമോചന കണ്‍വെന്‍ഷനുകള്‍ നടന്നു. ജനുവരി 6 മുതല്‍ 12 വരെ ക്ഷേത്ര രക്ഷായാത്രയും ജനുവരി 14 ന് മകരസംക്രമ ദിനത്തില്‍ ഗുരുവായൂരില്‍ ആയിരങ്ങള്‍ അണിനിരക്കുന്ന ക്ഷേത്ര രക്ഷാജ്യോതി തെളിയിക്കലും നടക്കും.
അന്‍പതാം ദിന നാമജപ യാത്രയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.സുധാകരന് സംസാരിച്ചു. വിമോചന സമിതി നേതാക്കളായ വി.മുരളീധരന്, പി.കെ.ഹരിനാരായണന്, പുഷ്പ പ്രസാദ്, സുബ്രന് ഇരിങ്ങപ്പുറം, ബിജു പട്യേംപുള്ളി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: