പത്തനംതിട്ട: പുതിയ ഏരിയാകമ്മറ്റി രൂപീകരണം സിപിഎം നേതൃത്വത്തിന് തലവേദനയാകുന്നു. അടുത്ത മാസം ജില്ലാസമ്മേളനം നടക്കാനിരിക്കെ പ്രവര്‍ത്തന സൗകര്യത്തിനായാണ് ചിറ്റാര്‍ കേന്ദ്രമായി പെരുനാട് ഏരിയ കമ്മിറ്റി രൂപീകരിച്ചത്.
എന്നാല്‍ ആദ്യ സെക്രട്ടറി തിരഞ്ഞെടുപ്പോടെ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാനാകാതെ വലയുകയാണ് ജില്ലാകമ്മറ്റി. പിണറായി, വിഎസ് വിഭാഗങ്ങളെ ഒരുമിച്ചു കൊണ്ടുപോകുന്നതില്‍ ജില്ലാനേതൃത്വം പരാജയപ്പെട്ടതാണ് പൊട്ടിത്തെറിക്ക് ഇടയാക്കിയത്.
സെക്രട്ടറി സ്ഥാനത്തേക്ക് ഔദ്യോഗിക പക്ഷത്തെ എം.എസ്.രാജേന്ദ്രനും, വിഎസ് പക്ഷക്കാരനായ എസ്. ഹരിദാസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. പത്തൊന്‍പതംഗ കമ്മിറ്റിയില്‍ പതിനാല് പേര് ഹരിദാസിനനുകൂലമായി നിലപാടെടുത്തു. അഞ്ചു പേര് മാത്രമാണ് രക്തസാക്ഷി എം.എസ.് പ്രസാദിന്റെ സഹോദരന് കൂടിയായ എം.സ്.രാജേന്ദ്രനെ പിന്തുണച്ചത്. ഇത് ആസൂത്രിതമാണെന്നാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ കരുതുന്നത്. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ പോലും ചേരിതിരിഞ്ഞ് പ്രവര്‍ത്തിച്ചുവെന്ന ആക്ഷേപം അണികള്‍ക്കിടയിലുണ്ട്.
എസ.്ഹരിദാസിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തതില്‍ പ്രധിഷേധിച്ച് ജില്ലാ കമ്മിറ്റി അംഗം പി.എസ്. മോഹനന് സമ്മേളനത്തില്‍ നിന്ന് ഇറങ്ങി പോയി. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം കെ. അനന്തഗോപന്‍, രാജു ഏബ്രഹാം എംഎല്‍എ തുടങ്ങിയ നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് യോഗം നടന്നത്. പമ്പാവാലി, പെരുനാട്, ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട്, തേക്കുതോട് തുടങ്ങിയ ലോക്കല്‍ കമ്മിറ്റികളെ ഉള്‍പ്പെടുത്തിയാണ് പുതിയ ഏരിയാ കമ്മിറ്റി നിലവില്‍ വന്നത്.
നിരവധി ആരോപണങ്ങള്‍ നേരിടുന്ന എസ.് ഹരിദാസിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത് മേഖലയില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് എതിര്‍പക്ഷത്തിന്റെ വാദം. സിപിഎം ന്റെ ശക്തി കേന്ദ്രമായ ചിറ്റാര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ പി. എസ.് മോഹനന് പരാജയപ്പെടാനുണ്ടായ സാഹചര്യം ഇപ്പോളത്തെ സംഭവങ്ങളുമായി കൂട്ടി വായിക്കണമെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പെരുനാട് പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടമായിരുന്നു.
2009 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴായിരം വോട്ടുകള്‍ക്ക് എം.എസ.്രാജേന്ദ്രന് പരാജയപ്പെട്ടതിലും പാര്‍ട്ടിയിലെ വിഭാഗീയത കാരണമായിട്ടുണ്ടെന്ന് വിലയിരുത്തപ്പെട്ടിരുന്നു. അതിനിടെ സീതത്തോട് പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയില്‍ പ്രതിഷേധിച്ച് അള്ളുങ്കല്‍ വാര്‍ഡ് മെമ്പര്‍ അച്ചന്‍കുഞ്ഞ് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. എന്നാല്‍ ലെറ്റര്‍ ഹെഡില്‍ സമര്‍പ്പിച്ച രാജി പഞ്ചായത്ത് സെക്രട്ടറി പരിഗണിച്ചില്ല. നിര്‍ദ്ദിഷ്ട മാതൃകയില്‍ സമര്‍പ്പിക്കണമെന്നു ചൂണ്ടി കാട്ടിയാണ് നിരസിച്ചത്. പിന്നീട് അച്ചന്‍കുഞ്ഞിനെ ഒരു സംഘം വാഹനത്തില്‍ കയറ്റി കൊണ്ടു പോയതായും തുടര്‍ന്ന് അച്ചന്‍കുഞ്ഞ് രാജി പിന്‍വലിച്ചതായും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: