കല്‍പ്പറ്റ: വയനാടിന്റെ പാരമ്പര്യ കാര്‍ഷിക സംസ്കൃതി പുതുമയോടെ തിരിച്ചുകൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ പുത്തൂര്‍വയല്‍ എം.എസ് സ്വാമിനാഥന് ഗവേഷണ നിലയത്തിന്റെയും നബാര്‍ഡിന്റെയും സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വയനാട് അഗ്രിമാര്‍ക്കറ്റിംഗ് പ്രൊഡ്യൂസര്‍ കമ്പനി എന്ന കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നാട്ടുചന്ത എന്ന പേര് നല്‍കിയിട്ടുള്ള ആഴ്ച ചന്ത ആരംഭിച്ചു.
നല്ലഭക്ഷണം ആരോഗ്യത്തിന്, കാര്‍ഷികജൈവ വൈവിധ്യത്തിന്റെ പ്രധാന്യം എന്ന ആശയത്തെ ഉള്‍കൊണ്ട് കല്‍പ്പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയത്തിന് സമീപമാണ് ആഴ്ച്ച ചന്ത ആരംഭിച്ചത്. ഇനി മുതല്‍ എല്ലാ ശനിയാഴ്ചയും നാട്ടുച്ചന്ത ഉണ്ടാകും.
പരമ്പരാഗത രീതിയില്‍ കൃഷി ചെയ്ത വയനാടിന്റെ തനതായ ഗന്ധകശാല, ജീരകശാല അരിയും നാടന്‍ കിഴങ്ങുവര്‍ഗ്ഗങ്ങള്‍, നാടന്‍ പച്ചക്കറികള്‍, ഇലവര്‍ഗ്ഗങ്ങള്‍, സുഗന്ധ വ്യജ്ഞനങ്ങള്‍ തുടങ്ങിയവ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനും വിപണത്തിനുമായാണ് നാട്ടുചന്ത പ്രവര്‍ത്തിക്കുന്നത്. ആദിവാസി മേഖലകളിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കും. ഇടനിലക്കാരെ ഒഴിവാക്കി ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വില്‍ക്കാനും വാങ്ങാനും സൗകര്യമൊരുക്കുക എന്നതാണ് നാട്ടുചന്തയുടെ ലക്ഷ്യം.
എല്ലാ ശനിയാഴ്ചയും രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചക്ക് രണ്ടുവരെയാണ് ചന്ത പ്രവര്‍ത്തിക്കുക. നാട്ടു ചന്തയുടെ ഉദ്ഘാടനം സി കെ ശശീന്ദ്രന് എംഎല്‍എ നിര്‍വ്വഹിച്ചു. ചെയര്മാന് കെ വി ദിവാകരന്, പ്രൊജക്ട് ഓഫീസര്‍ എന്‍ ഗോപാലകൃഷ്ണന്, പി വി സദാനന്ദന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: