എന്തിലും ഏതിലും വ്യത്യസ്തതയുണ്ടെങ്കിലേ ആളുകള്‍ ശ്രദ്ധിക്കൂ. ഹോണ്ടയുടെ നവിയെ ആളുകള്‍ നോക്കിയതും ആ വ്യത്യസ്തത കൊണ്ടാണ്. നാലാള് കൂടുന്നിടത്ത് നവി എന്നും വ്യത്യസ്തനായി തന്നെ നിന്നു. ബൈക്കിന്റെയും സ്കൂട്ടറിന്റെയും രൂപം ഒരുവണ്ടിയില്‍ നിലനിര്‍ത്താനായതാണ് നവിയുടെ മേന്മ. പക്ഷേ, എല്ലാവരും ശ്രദ്ധിക്കുന്ന ആ രൂപം പുതുതലമുറയ്ക്ക് അത്ര സ്വീകാര്യമായില്ല. എന്ന് കരുതി അമ്പരപ്പിക്കുന്ന ഡിസൈനുമായി വന്ന നവിയെ വിട്ടുകളയാന്‍ ഹോണ്ട ഒരുക്കമല്ല. നവിയുടെ രൂപത്തില്‍ മാറ്റങ്ങള്‍ വരുത്തി നവിയെ നിരത്തില്‍ നിലനിര്‍ത്താനാണ് ഹോണ്ടയുടെ ശ്രമം.
നവി എന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്ന് ഡിസൈന്‍ ചെയ്യാന്‍ ഓരോ ഉപഭോക്താവിനും അവസരമൊരുക്കുകയാണ് ഹോണ്ട ചെയ്തത്. സ്വന്തം വണ്ടിക്ക് സ്വന്തം രൂപകല്‍പ്പന എന്ന ആശയം. ഇതിനായി ഹോണ്ട നവി കസ്റ്റോമാനിയ മത്സരം തന്നെ സംഘടിപ്പിച്ചു. 10,000 ത്തിലധികം രജിസ്ട്രേഷനുകളാണ് നവി കസ്റ്റോമാനിയ മത്സരത്തില്‍ പങ്കെടുക്കാനായി ലഭിച്ചത്. നവി ഭേദഗതി മത്സരം യുവ മനസുകളിലെ സങ്കല്‍പ്പങ്ങളെ പുറത്തു കൊണ്ടുവന്ന് ഹോണ്ട നവിയില്‍ യാത്ഥാര്‍ത്ഥ്യമാക്കും. നിറങ്ങള്‍ വരെ തീരുമാനിക്കാന്‍ അവസരമുണ്ട്.
നിലവിലെ ഉപഭോക്താക്കള്‍ക്കു മാത്രമല്ല നവി സ്വന്തമായി ഇല്ലാത്തവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. സിറ്റി തലത്തിലും ദേശീയ തലത്തിലും ആകര്‍ഷകമായ കാഷ് െ്രെപസുകളുമുണ്ട്. ഏറ്റവും മികച്ച ഭേദഗതിയോടെയുള്ള നവി, 2018 ഓട്ടോ എക്സ്പോയില്‍ പുറത്തിറക്കും. രണ്ടു ലക്ഷം രൂപയുടെ ഗ്രാന്‍ഡ് പ്രൈസുമുണ്ട്. ഹോണ്ട നവി കസ്റ്റോമാനിയ 2017 ഒക്ടോബര്‍ ആറിനാണ് തുടക്കം കുറിച്ചത്. ഒരു മാസം നീണ്ടു നിന്ന നിര്‍മ്മാണ ഘട്ടത്തിലൂടെയാണ് പിന്നീട് മല്‍സരം കടന്നു പോയത്. ഈ ഘട്ടത്തില്‍ പങ്കെടുത്തവര്‍ക്കായി യോഗി ഛബ്രിയ, വൈസി രൂപകല്‍പ്പനയിലും മുകുല്‍ നന്ദ, ഓട്ടോലോഗ് രൂപകല്‍പ്പനയിലും ക്ലാസുകള്‍ നല്കി. മാര്‍ഗദര്‍ശികളുടെ മേല്‍നോട്ടത്തിലായിരുന്നു മല്‍സരാര്‍ത്ഥികളുടെ ഭേദഗതികള്‍.
പൂനെ, ഇന്‍ഡോര്‍, ഗോവ, നാഗ്പൂര്‍, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, ലക്നൗ, മുംബൈ, അഹമ്മദാബാദ്, ന്യൂദല്‍ഹി എന്നിവിടങ്ങളില്‍ നടക്കുന്ന സിറ്റി ഫൈനലുകളിലെ വിജയികളും രണ്ടാം സ്ഥാനക്കാരും 2018 ജനുവരിയില്‍ ന്യൂദല്‍ഹയില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരയ്ക്കും. മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും വെബ്സൈറ്റ് അധിഷ്ഠിത എന്ട്രികളിലൂടെയുമായിരിക്കും ഓരോ വിജയിയേയും തിരഞ്ഞെടുക്കുക.
വിജയികളോടൊപ്പം സിറ്റി ഫൈനല്‍ റൗണ്ടിലെ സന്ദര്‍ശകര്‍ക്കും ഭേദഗതി വരുത്തിയ നവി കാണാന്‍ അവസരമുണ്ടാകും. പൊതുജനങ്ങള്‍ക്ക് ആവേശം പകരാന്‍ സംഗീത പരിപാടികളുമുണ്ടാകും. നവിയുടെ ചിത്രങ്ങള്‍ വരച്ച് തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ സന്ദര്‍ശകര്‍ക്കും അവസരമുണ്ട്.
വില വര്‍ധനവിന് മുമ്പ് ഓഫര്‍ പെരുമഴ
പുതുവര്‍ഷത്തില്‍ ഒട്ടുമിക്ക കമ്പനികളും കാറുകളുടെ വിലവര്ധിപ്പിക്കാറുണ്ട്. വിലവര്‍ധനവിന് മുന്നോടിയായി പുതുവര്‍ഷത്തിന് തൊട്ടുമുമ്പ് വന്‍ ഓഫറുകളും കമ്പനികള്‍ നല്‍കാറുണ്ട്. ഇക്കുറിയും അതിന് മാറ്റമൊന്നുമുണ്ടായിട്ടില്ല. ഒട്ടുമിക്ക കാര്‍ കമ്പനികളും ഓഫര്‍ പെരുമഴയുമായി ഡിസംബറില്‍ രംഗത്തുണ്ട്. അതുകൊണ്ടുതന്നെ കാര്‍ വാങ്ങാന്‍ പുതുവര്‍ഷം വരെ കാത്തിരിക്കേണ്ട.
ഉത്പാദനച്ചെലവേറിയതും അസംസ്കൃത വസ്തുക്കളുടെ വില വര്‍ധനവുമാണ് കാറുകളുടെ വിലക്കയറ്റത്തിന് കാരണം. ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍സ് ജനുവരി മുതല്‍ എല്ലാ മോഡലുകള്‍ക്കും വില മൂന്ന് ശതമാനം വരെ വര്‍ദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. വില വര്‍ദ്ധനവിന് മുന്നോടിയായി ഈ മാസം ടൊയോട്ട ഉപഭോക്താക്കള്‍ക്കായി ‘റിമംബെര്‍ ഡിസംബര്‍’ ക്യാമ്പയിനിലൂടെ ആകര്‍ഷകമായ നിരവധി ഓഫറുകള്‍ നല്‍കുന്നുണ്ട്.
വാഹന വിലയുടെ 100 ശതമാനം വായ്പാ സൗകര്യം, 4.99 ശതമാനം പലിശയില്‍ തുടങ്ങുന്ന ലളിതമായ വാഹന വായ്പകള്‍, ആകര്‍ഷകമായ നിരവധി തിരിച്ചടയ്ക്കല്‍ സൗകര്യങ്ങള്‍ എന്നിവ ഈ കാലയളവില്‍ ലഭിക്കും. വിവിധ മോഡലുകള്‍ക്ക് 40,000 രൂപ മുതല്‍ 90,000 രൂപവരെ ആനുകൂല്യങ്ങളുമുണ്ട്. കൂടാതെ സര്‍ക്കാര്‍, കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫറുകള്‍ ഡിസംബര്‍ 31 വരെയായിരിക്കും. ഹോണ്ട, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കാറുകള്‍ക്ക് വില ഉയരും.
ഏഴു സീറ്റിന്റെ സുഖം
വളരെ ചുരുങ്ങിയ നാള് കൊണ്ട് ജനഹൃദയങ്ങളില്‍ കയറിപ്പറ്റിയ കാറാണ് റെനോയുടെ ക്വിഡ്. ചെറുകുടുംബങ്ങള്‍ വിലക്കുറവിന്റെ വലിയ ആഢംബരം ഈ വണ്ടിയിലൂടെ ആസ്വദിച്ചു. പക്ഷേ, കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങള്‍ക്ക് ക്വിഡിലെ യാത്ര ആസ്വദിക്കാനായില്ല. ഈ പോരായ്മ പരിഹരിക്കാന്‍ റെനോ ഇതാ ഏഴുസീറ്റുള്ള ക്വിഡ് അവതരിപ്പിക്കാനൊരുങ്ങുകയാണ്.
ക്വിഡിന്റെ സെവന് സീറ്റര്‍ സെഡാന് മോഡല്‍ അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്നാണ് വിവരങ്ങള്‍. അഞ്ചുലക്ഷം രൂപമുതല്‍ വിലയ്ക്ക് ഇത് നിരത്തിലിറക്കാനാകുമെന്നാണ് പ്രതീക്ഷ. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനു പുറമെ ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്സ്മിഷന് (എഎംടി) ഓപ്ഷനുള്ള മോഡലും ലഭിക്കും. 2018 ലെ ഇന്ത്യന്‍ ഓട്ടോ എക്സ്പോയില്‍ സെവന് സീറ്റര്‍ അവതിരിപ്പിക്കുമെന്നാണ് വിവരം.
ക്വിഡിന്റെ വരവോടെ കാര്‍ വില്‍പ്പനയില്‍ മുന്നില്‍ നില്ക്കുന്ന മാരുതി സുസുക്കി ചെറുതായെങ്കിലും പേടിച്ചു. 2.65 ലക്ഷം രൂപമുതല്‍ വിലയ്ക്ക് ആഡംബരം ഒട്ടും കുറയാത്ത കാര്‍ നല്കിയപ്പോള് കുറെപ്പേര് ക്വിഡിന് പിന്നാലെ പോയി. ക്വിഡിന്റെ വിജയത്തില്‍ നിന്നാണ് പിന്നീട് ക്ലൈംബറും ഇപ്പോഴിതാ സെവന് സീറ്ററും രംഗപ്രവേശം ചെയ്തത്. ക്വിഡിന്റെ പുതിയ വരവ് ചില സെവന് സീറ്റര്‍ കാറുകള്‍ക്കെങ്കിലും വെല്ലുവിളിയാകും. കുറഞ്ഞ ചെലവില്‍ ഏഴ്സീറ്റ് നല്കാന് മറ്റാര്‍ക്കും കഴിയാത്തത് തന്നെ കാരണം.
ലോകം ഇലക്ട്രിക് കാറിലേക്ക് മാറുന്നത് മുന്നില്‍ കണ്ട് റെനോയും ചുവടുമാറ്റുന്നുണ്ട്. ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് എത്തും. ചൈനയിലായിരിക്കും ഇത് ആദ്യമെത്തുക. പിന്നീട് ഇന്ത്യയിലും വില്‍പ്പന ആരംഭിക്കും. ഒറ്റ ബാറ്ററി ചാര്‍ജ്ജില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാവുന്ന കാറുകളാവും വിപണിയിലെത്തുക. ഇലക്ട്രിക് കാറുകള്‍ കൂടി വരുന്നതോടെ ക്വിഡ് കൂടുതല്‍ ആളുകള്‍ക്കിടയിലേക്ക് ഓടിയെത്തുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: