കാക്കനാട്: കെട്ടിടനിര്‍മാണ ക്ഷേമനിധി സെസ് അടയ്ക്കാത്ത ഉടമകള്‍ക്കെതിരെ ജപ്തി ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളുമായി തൊഴില്‍ വകുപ്പ്. ജപ്തിക്കു മുന്നോടിയായി ജില്ലാ ലേബര്‍ ഓഫീസുകളില്‍ നിന്നു നോട്ടീസുകള്‍ അയച്ചുതുടങ്ങി.
2000 നവംബര്‍ മുതല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടങ്ങള്‍ക്കാണ് പുതുക്കിയ മാനദണ്ഡ പ്രകാരം സെസ് അടക്കാന്‍ നോട്ടീസ് നല്‍കുന്നത്. 10 ലക്ഷത്തിനുമേല്‍ ചെലവുവരുന്ന വീടുകള്‍ക്കും വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളുടെ ഉടമകള്‍ക്കുമാണ് നോട്ടീസ്. ബന്ധപ്പെട്ട തദ്ദേശ ഭരണ സഥാപങ്ങള് അംഗീകരിച്ച കെട്ടിടത്തിന്റെ പ്ലാനും എസ്റ്റിമേറ്റും സഹിതം ജില്ലാ ലേബര്‍ ഓഫീസില്‍ നേരിട്ടു ഹാജരാകാനാണ് നിര്‍ദ്ദേശം. സമയപരിധിക്കകം ഹാജരാക്കിയില്ലെങ്കില്‍ ലേബര്‍ ഓഫീസില്‍ ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ നിര്‍മാണ ചെലവ് കണക്കാക്കി ചുമത്തുന്ന സെസ് അടയ്ക്കാന്‍ കെട്ടിട ഉടമ ബാധ്യസ്ഥനായിക്കുമെന്നാണ് മുന്നറിയിപ്പ്.
നോട്ടീസിനൊപ്പം നല്കിയ ഫോറത്തില്‍ കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം, ആവശ്യങ്ങള്‍ (ഗാര്‍ഹികം, വാണിജ്യം), നിര്‍മാണം തുടങ്ങിയ വര്‍ഷവും മാസവും എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കണം. നിര്‍മാണച്ചെലവിന്റെ ഒരു ശതമാനമാണു സെസ്. കെട്ടിട നിര്‍മാണ ചെലവ് 10 ലക്ഷത്തിനുമുകളിലാണെങ്കില്‍ 10,000 രൂപ സെസ് അടയ്ക്കണം. ഗാര്‍ഹിക കെട്ടിടങ്ങള്‍ക്ക് ചതുരശ്രമീറ്ററിന് 8400 രൂപയാണ് നിര്‍മാണച്ചെലവ് കണക്കാക്കിയിട്ടുള്ളത്. ഇതനുസരിച്ച് 151 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടത്തിന് 12,68,400 രൂപയായിരിക്കും നിര്‍മാണ ചെലവ്. ഇതിന്റെ ഒരു ശതമാനമായ 12,684 രൂപയായിരിക്കും സെസ്.
ഫ്ളാറ്റുകള്‍, ഷോപ്പിങ് മാളുകള്‍, വാണിജ്യാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ എന്നിവക്ക് നിര്‍മാണച്ചെലവിന്റെ പത്ത് ശതമാനം കൂടുതല്‍ തുക കൂടി കൂട്ടിയാണ് സെസ് ചുമത്തുക. 151 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തിന്, നിര്‍മാണ ചെലവിന്റെ പത്ത് ശതമാനം കൂടി കൂട്ടി 13,95,240 രൂപയായാണ് കണക്കാക്കുക. ഇതിന്റെ ഒരു ശതമാനമായ 13,952 രൂപയായിരിക്കും സെസ് ചുമത്തുക.
കെട്ടിടനിര്‍മാണത്തിന്റെ ഒരു ഘട്ടത്തിലും തങ്ങള്‍ക്ക് ഇടപെടാന്‍ അവസരമില്ലാത്തതിനാലാണ് സെസ് പിരിക്കല്‍ വൈകാന്‍ കാരണമെന്നാണു ലേബര്‍ ഓഫീസ് അധികൃതരുടെ വിശദീകരണം. ജീവനക്കാരുടെ ക്ഷാമവും നോട്ടീസ് അയയ്ക്കുന്നത് വൈകാന്‍ കാരണമാകുന്നുണ്ടെന്നും കെട്ടിടം നിര്‍മിച്ച സമയത്തെ വിലനിലവാരമനുസരിച്ചാണു സെസ് നിശ്ചയിക്കുന്നതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: