പത്തനംതിട്ട: ആഗോളതാപനം ലോകത്തെമഥിക്കുന്ന വിഷയമായി നിലകൊള്ളുമ്പോള്‍ പത്തനംതിട്ടയെ കാര്‍ബണ്‍ നിര്‍വീര്യ ജില്ലയാക്കാനുള്ള സന്ദേശവുമായി മാധ്യമശില്‍പ്പശാല. പത്തനംതിട്ട പ്രസ്ക്ലബ് സംഘടിപ്പിച്ച കാലാവസ്ഥവ്യതിയാനവും ദുരന്തനിവാരണവും മാധ്യമങ്ങളും എന്ന ശില്‍പ്പശാലയിലാണ് എന്തുകൊണ്ട് പത്തനംതിട്ട ജില്ലയ്ക്ക് ഇന്‍ഡ്യയിലെ ആദ്യകാര്‍ബണ്‍ നിര്‍വീര്യജില്ല ആയിക്കൂടായെന്ന ചോദ്യമുയര്‍ന്നത്.
വിഷയം അവതരിപ്പിച്ച പ്രൊഫസര്‍.മോന്‍സി പി. ജോര്‍ജ്ജ് ആഗോളതാപനത്തിന്റെ രൂക്ഷതയും കാര്‍ബണ്‍ഡൈഓക്സൈഡ് പോലെയുള്ള ഹരിതവാതകങ്ങള്‍ കണക്കില്ലാതെ പുറംതള്ളുന്നതിന്റെ അപകടവും വിവരിച്ചു. ആഗോളതാപനം നിയന്ത്രിക്കാനുള്ള പാരീസ് ഉടമ്പടിയില്‍ ഇന്‍ഡ്യയും ഒപ്പുവച്ചിട്ടുണ്ട്. 2030ആകുമ്പോഴേക്കും ഹരിതവാതകങ്ങള്‍ പുറംതള്ളുന്നതില്‍ 35ശതമാനം കുറവുവരുത്താന്‍ ഉടമ്പടിപ്രകാരം ഇന്‍ഡ്യയും ബാധ്യസ്ഥരാണ്.
ഇന്‍ഡ്യയില്‍ ഏറ്റവും മലിനീകരണം കുറവ്ഉള്ള നഗരം എന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡ് കണ്ടെത്തിയ പത്തനംതിട്ട ജില്ലയ്ക്ക് ആദ്യകാര്‍ബണ്‍ നിര്‍വീര്യജില്ല എന്ന പദവിയിലെത്താന്‍ പ്രയത്നിക്കണമെന്നും ഇതിനായി ബഹുജനങ്ങളെ അണിനിരത്താനുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമപ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും ഡോ.മോന്‍സി പി.ജോര്‍ജ്ജ് പറഞ്ഞു.
കാര്‍ബണ്‍ നിര്വീര്യജില്ലയാകാനുള്ള പ്രവര്‍ത്തനത്തിന്റ ആദ്യപടി ഓരോ കുടുംബത്തിന്റെയും സ്ഥാപനത്തിന്റേയും എന്ന രീതിയില്‍ ജില്ലയുടെ മൊത്തത്തിലുള്ള വാര്ഷികകാര്ബണ് പുറതള്ളലിന്റെ അളവ് എടുക്കുകയാണ്. ഇത്തരത്തില്‍ കാര്‍ബണ്‍ പാദമുദ്ര അളന്നുകഴിഞ്ഞാല്‍ അതുകുറയ്ക്കാനുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാം. കാര്‍ബണ്‍ പാദമുദ്രയുടെ അളവ് എടുക്കാനും അളവ് കുറയ്ക്കാനുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും പരിശിലനം നല്കി സ്ക്കൂള്,കോളേജ് വിദ്യാര്‍ത്ഥികളെ നിയോഗിക്കാം.
മലിനീകരണം കൂടുതലുള്ള ഫോസില്‍ ഇന്ധനത്തിന്റെ ഉപയോഗം കുറയ്ക്കുക, സൗരോര്‍ജ്ജം, മാരുതോര്ജ്ജം തുടങ്ങിയ ഊര്‍ജ്ജസ്രോതസ്സുകള്‍ സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും നിര്‍ബന്ധമാക്കുക, സൗരോര്‍ജ്ജ തെരുവുവിളക്കുകള്‍ സ്ഥാപിക്കുകയും ഇതോടനുബന്ധിച്ച് റോഡരുകില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ കാമറകള്‍ സ്ഥാപിക്കുകയും മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി അവരുടെ പേര് പരസ്യപ്പെടുത്തുകയും പിഴഈടാക്കുകയും ചെയ്യുക, തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: