കൊഴിഞ്ഞാമ്പാറ: വടകരപ്പതി പഞ്ചായത്തിലെ 13,14 വാര്‍ഡുകളില്‍ കഴിഞ്ഞ രണ്ടര മാസമായി കുടിവെള്ളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സ്ത്രീകളും കുട്ടികളുമടക്കമുള്ള നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഭഗവിതപ്പാറ, അഞ്ജലിതെരുവ്, മേനോന്‍പാറ ജംഗ്ഷന്, അമ്പാട്ടകളം, ഷുഗര്കോളനി, പാറക്കുഴി, കുപ്പാണ്ടിച്ചള്ള, നന്ദനം കോളനി, ഗോകുലം കോളനി, മറിയം കോളനി, എന്നിവിടങ്ങളിലാണ് കഴിഞ്ഞ രണ്ടര മാസക്കാലമായി കുടിവെള്ളമില്ലാതെ ജനങ്ങള്‍ നെട്ടോട്ടമോടുന്നത്.
സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് ടാങ്കര്‍ ലോറിവെള്ളം നിര്‍ത്തലാക്കിയതിനൊപ്പം മുങ്കില്‍മട കുടിവെള്ള പദ്ധതിയില്‍ നിന്നുള്ള വെള്ളത്തില്‍ കുറവു വന്നതോടെ ജല അതോറിറ്റിയും ജലവിതരണം നിര്‍ത്തലാക്കിയതാണ് പ്രദേശത്തെ കടുത്ത ജലക്ഷാമത്തിലേക്ക് തള്ളിവിട്ടത്. കഴിഞ്ഞ ഒരു മാസമായി ജലശ്രേതസുകള് മിക്കതും വരണ്ടതിനെ തുടര്‍ന്ന് കുടിവെള്ളമെത്തിക്കണമെന്നാവശ്യപ്പെട്ട് തഹസില്‍ദാര്‍ക്കും സബ് കളക്ടര്‍ക്കും നിവേദനങ്ങള്‍ നല്‍കിയിരുന്നു.
പ്രതിഷേധത്തിന്റെ ഭാഗമായി റോസ് ഉപരോധങ്ങള്‍ നടത്തുകയും ചെയ്തെങ്കിലും വാഗ്ദാനങ്ങള്‍ ലഭിച്ചതല്ലാതെ കുടിവെള്ള പ്രശ്നത്തില്‍ ശാശ്വാത പരിഹാരം കാണാനായില്ല.കുടിവെള്ളമെന്ന ആവശ്യത്തിന് പരിഹാരം കാണാന്‍ വൈകിയതോടെ അന്തര്‍ സംസ്ഥാന പാതയില്‍ ടെന്‍ഡ് കെട്ടി ഉപരോധം ആരംഭിച്ചത്. ഇതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു.
ഇതേ ആവശ്യമുന്നയിച്ച് കഴിഞ്ഞ ഒക്ടോബര്‍ 30ന് മേനോന്‍പാറ വില്ലേജ് ഓഫീസ് ഉപരോധിക്കുകയും തുടര്‍ന്നെത്തിയ തഹസില്‍ദാര്‍ വേണ്ട നടപടി സ്വീകരിക്കാമെന്ന് പറഞ്ഞെങ്കിലും ഒരു മാസമായിട്ടും ഇതുവരെ വെള്ളമെത്താത്തതിനാലാണ് നാട്ടുകര്‍ വീണ്ടുംറോഡ് ഉപരോധിച്ചത് .
രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ഉപരോധം ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടു. തുടര്‍ന്ന് സ്ഥലത്തെത്തിയ തഹസില്‍ദാര്‍ എല്വിന് ആന്റണി ഫെര്‍ണാണ്ടസ് വടകരപ്പതി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ചിറ്റൂര്‍ പോലീസ് സി.ഐ വി.ഹംസ എന്നിവര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തി.
ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ പുതിയതായി കിയോസ്കുകള്‍ സ്ഥാപിക്കാനും, ഒരു കുടുംബത്തിന് പ്രതിദിനം ആവശ്യമായി വരുന്ന 215 ലിറ്റര്‍ വെള്ളം എത്തിച്ചു നല്‍കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഉപരോധം അവസാനിപ്പിക്കാന്‍ തയാറായത്. തുടര്‍ന്നും ജലവിതരണത്തില്‍ വീഴ്ച്ച വരുത്തിയാല്‍ ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തുവരുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: