പള്ളുരുത്തി: ഓഖി ചുഴക്കാറ്റിന്റെ ഭീകരതയില്‍ കൊച്ചിയില്‍ കടല്‍ കലി തുള്ളി. കടല്‍ കയറിയതിനെ തുടര്‍ന്ന് ചെല്ലാനം, എടവനക്കാട് മേഖലകളില്‍ 168 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ചെല്ലാനം സെന്റ് മേരീസ് യു.പി സ്കൂള്‍, പുത്തന്‍തോട് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍, എടവനക്കാട് ഗവ. യു.പി സ്കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ തുറന്നത്. മൊത്തം 580 പേരാണ് മൂന്നു ക്യാമ്പുകളിലുമായി കഴിയുന്നത്.
ചെല്ലാനം തീരദേശമേഖലയില്‍ ഭീതി വിതച്ച് വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് കടല്‍കയറ്റം തുടങ്ങിയത്. രാവിലെയായതോടെ കടലേറ്റം രൂക്ഷമായി. ചെല്ലാനം ബസ്സാര്‍, മറുവക്കാട്, മാലാഖപ്പടി, ഗണപതിക്കാട്, കമ്പിനിപ്പടി, കാട്ടിപ്പറമ്പ്, തെക്കേ ചെല്ലാനം, കണ്ടക്കടവ് എന്നിവിടങ്ങളിലാണ് കടല്‍ കരയിലേക്ക് കയറിയത്.
വേളാങ്കണ്ണിഭാഗത്ത് കടല്‍ റോഡും കവിഞ്ഞ് ഒഴുകി പ്രദേശത്തെ വീടുകളെ വെള്ളക്കെട്ടിലാക്കി. പുത്തന്‍തോട് ഭാഗത്തും കടല്‍കയറ്റം ശക്തമായിരുന്നു. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ ഉണ്ടായ ഏറ്റവും ശക്തമായ കടല്‍ക്ഷോഭമാണ് ചെല്ലാനം കണ്ടത്.
പുലര്‍ച്ചെ രണ്ടു മണിയോടെ തന്നെ അസാധാരണമായ മാറ്റം കടലിലുണ്ടായതായി മത്സ്യതൊഴിലാളികള്‍ പറഞ്ഞു. വേലിയേറ്റ സമയം അധികരിച്ചും കടല്‍ വെള്ളം ഉയര്‍ന്നു പൊങ്ങിയതും വേലിയിറക്ക സമയമായിട്ടും വെള്ളം താഴാതിരുന്നതും തീരദേശ വാസികളെ ആശങ്കയിലാഴ്ത്തി. പുലര്‍ച്ചെ രണ്ടര മണിയോടെതന്നെ നാട്ടുകാരെ ചെല്ലാനം സെന്റ്മേരീസ് സ്കൂളിലേക്ക് മാറ്റി. 103 കുടുംബങ്ങളില്‍ നിന്നായി 371 പേരെയാണ് ഇവിടേക്ക് മാറ്റിയത്. 26 കുടുംബങ്ങളിലുള്ള 70 പേരെ പുത്തന്‍തോട്
ഹയര്‍ സെക്കന്ററി സ്കൂളിലേക്ക് മാറ്റി. കടലാക്രമണത്തിന്റെ ദുരിതമനുഭവിക്കുന്ന നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്കു് താമസം മാറി. ചെളി കലര്‍ന്ന വെള്ളമാണ് കരയിലേക്കു് കയറുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി കടലില്‍ അസാധാരണമായ മാറ്റം ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. തീരദേശത്തെ ഏകദേശം 250ഓളം വീടുകളില്‍ ചെളിനിറഞ്ഞ കടല്‍വെള്ളം നിറഞ്ഞു. ഇവിടുത്തെ വീടുകളിലെ ഉപകരണങ്ങളും വീടുനിര്‍മ്മാണ സാമഗ്രികളും കടലൊഴുക്കി കൊണ്ടു പോയി. വീടും മുറ്റവും തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ വെള്ളം പൊങ്ങിയതിനാല്‍ ശുചി മുറികളിലും വെള്ളം നിറഞ്ഞു. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫറുള്ള കടലാക്രമണ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു
കൊച്ചി തഹസില്‍ദാര്‍ അംബ്രോസ്, സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ്, കെ.ജെ. മാക്സി എംഎല്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ മരുന്നും ഭക്ഷണവും ആവശ്യത്തിന് ക്രമീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ലക്ഷദ്വീപിലും കടലേറ്റം വ്യാപകമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: