ശ്രീനഗര്‍: ഭാര്യയും സഹപ്രവര്‍ത്തകനും തമ്മില്‍ അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് സിഐഎസ്എഫ് ജവാന് മൂന്ന് പേരെ വെടിവച്ച് കൊന്നു. തന്റെ ഭാര്യയെയും, ഭാര്യയുമായി രഹസ്യബന്ധമുണ്ടെന്ന് സംശയിക്കുന്ന മറ്റൊരു ജവാനെയും, അയാളുടെ ഭാര്യയെയുമാണ് വെടിവച്ചു കൊലപ്പെടുത്തിയത്. കിഷ്ത്ത്വാര് ജില്ലയിലെ എന്‍എച്പിസി പവര്‍ പ്ലാന്റ് യൂണിറ്റിലാണ് സംഭവം.
സുരീന്ദര്‍ എന്നയാളാണ് സംഭവത്തിന് പിന്നില്‍. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടത് സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ രാജേഷും, ഭാര്യ ശോഭയുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ രണ്ട് മണിയോടെ തന്റെ ഭാര്യ ലാവണ്യയെ വെടിവച്ച് കൊന്ന സുരീന്ദര്‍ തൊട്ടടുത്ത ക്വാര്‍ട്ടേഴ്സിലെത്തി ഇവിടെ താമസിക്കുന്ന രാജേഷിന് നേരെയും നിറയൊഴിച്ചു. ഈ സമയം പുറത്തേക്ക് വന്ന രാജേഷിന്റെ ഭാര്യ ശോഭയ്ക്ക് നേരെയും ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അതേസമയം, ക്രൂരമായ കൊലപാതകം ഇരു കുടുംബങ്ങളിലെയും നാല് കുട്ടികളെ അനാഥരാക്കി. സുരീന്ദറിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായും കുട്ടികളെ സൈന്യത്തിന്റെ ചെലവില്‍ വളര്‍ത്തുമെന്നും സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഒ.പി.സിംഗ് പറഞ്ഞു. തെലങ്കാന സ്വദേശിയായ ഇയാള്‍ 2014ലാണ് സി.ഐ.എസ്.എഫില്‍ ചേരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: