തൃപ്പൂണിത്തുറ: പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് കൊടിയിറങ്ങി. ആറാട്ട് ഉത്സവത്തിന്റെ ചടങ്ങുകള്‍ ഇന്നലെ വൈകിട്ട് 3ന് പെരുവനം കുട്ടന്മാരാരുടെപഞ്ചാരിമേളത്തോടെയുള്ള കാഴ്ചശീവേലിയോടെയാണ് ആരംഭിച്ചത്. 7 മണിയോടെ കൊടിയിറക്കിഗജപൂജ നടത്തി.
പടിഞ്ഞാറെ ഗോപുരം വഴി ഇളയിടത്തില്ലത്തേക്ക് എഴുന്നള്ളിയ പൂര്ണ്ണത്രയീശന് ആചാര അനുഷ്ഠാന ചടങ്ങുകളോടെ ആനയിച്ച് ഇല്ലത്തെ പറയെടുപ്പിന് ശേഷം തിരിച്ചെഴുന്നള്ളി ക്ഷേത്രത്തിലെത്തി.
രാത്രി 8 മുതല്‍ 11 വരെ ചോറ്റാനിക്കര വിജയന് മാരാരുടെയും, കുനിശേരി ചന്ദ്രന്റെയും മേള വിസ്മയത്തില്‍ മേജര്‍ സെറ്റ് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ 5 ഗജവീരന്മാരോടൊപ്പം ആറാട്ടിനായി എഴുന്നള്ളിച്ചു. ചക്കംകുളങ്ങര ശിവക്ഷേത്രത്തില്‍ കുളത്തില്‍ ആറാട്ട് ചടങ്ങുകള്‍, തുടര്‍ന്ന് തിരിച്ചെഴുന്നള്ളിച്ചു. പുലര്‍ച്ചെ മുതല്‍ സ്റ്റാച്യു ജംഗ്ഷനില്‍ കാണിക്ക സമര്‍പ്പണവും നടന്നു. പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളത്തോടെ പൂര്‍ണ്ണത്രയീശനെ ക്ഷേത്ര നടയിലേക്ക് എഴുന്നള്ളിച്ചു.
പുലര്‍ച്ചെ 3.30 ന് കൊടിയ്ക്കല്‍ പറയും, തുടര്‍ന്ന് വെളുപ്പിന് 4 ന് പെരുവനം കുട്ടന്മാരാരുടെ മേള പ്രമാണത്തില്‍ വൃശ്ചികോത്സവത്തിന്റെ ഇക്കൊല്ലത്തെ അവസാന പഞ്ചാരിമേളത്തോടെ ക്ഷേത്രനടയിലേക്ക് ഭഗവാനെ കൂട്ടിയെഴുന്നള്ളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: