കൊഴിഞ്ഞാമ്പാറ: കുടിവെള്ളത്തിനായി കോരയാര്‍ പുഴയിലെ തടയണകളില്‍ സംഭരിച്ച വെളളം ചോര്‍ത്തിയ രണ്ട് ടാങ്കര്‍ ലോറി കൊഴിഞ്ഞാമ്പാറ പോലിസ് പിടികൂടി. ഇതിന് മുന്നേ കോരയാര്‍ പുഴയിലെ തടയണകളില്‍ സംഭരിച്ച വെള്ളം റോഡ് പണിക്കായി വ്യാപകമായി കടത്തിയിരുന്നു.
ഇതേതുടര്‍ന്ന് കൊഴിഞ്ഞാമ്പാറ ജലസേചന വകുപ്പ് അസിസ്റ്റന്റ് എഞ്ചിനിയര്‍ കൊഴിഞ്ഞാമ്പാറ പോലിസിന് നല്കിയ പരാതിയെ തുടര്‍ന്നാണ് വെള്ളം ചേര്ത്തുന്നതിനിടയില് രണ്ട് ടാങ്കര്‍ ലോറികളെ എസ്.ഐ. സജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എരുത്തേമ്പതി പാലത്തിന് സമീപത്തുനിന്നും പിടികൂടിയത്. പ്രതിദിനം പതിനഞ്ചോളം ടാങ്കര്‍ ലോറിവെള്ളമാണ് ഇവിടെ നിന്നും കൊണ്ടുപോവുന്നത്.
കൊഴിഞ്ഞാമ്പാറ ആര്.വി പുതൂര്‍ റോഡുപണിക്കായാണ് വെള്ളമൂറ്റുന്നത്. ചിറ്റൂര്‍ ബ്ലോക്കിലുള്‍പ്പെട്ട കൊഴിഞ്ഞാമ്പാറ ഫര്‍ക്കയിലെ ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തുന്നതിനും കുടിവെള്ള ക്ഷാമ പരിഹാരത്തിനുമായാണ് കുറച്ച് ദിവസം മുന്‍പ് മൂലത്തറയില്‍ നിന്നും വലതുകര കനാല്‍ വഴി കോരയാറിലെ പതിനാറു തടയണകളും നിറച്ചത്.
രൂക്ഷമായ കുടിവെള്ള ക്ഷാമം നിലനില്‍ക്കുന്ന കിഴക്കന്‍ മേഖലയിലെ കര്‍ഷകരുടെയും നാട്ടുകാരുടെയും നിരന്തര ആവശ്യം മാനിച്ചാണ് തടയണകള്‍ നിറച്ചത്. ഇതിനായി മറ്റ് ഭാഗങ്ങളിലേക്കുള്ള ജലവിതരണം നിര്‍ത്തിവെച്ച് 20 ദിവസത്തോളം വലതുകര കനാല്‍ വഴി വെള്ളം തുറന്നു നിറച്ച വെള്ളമാണ് റോഡ് പണിക്കായി കടത്തുന്നത്. കുടിവെള്ളത്തിന് സംഭരിച്ച വെള്ളം മോട്ടോറുകള്‍ ഉപയോഗപ്പെടുത്തി കാര്ഷികാവശ്യത്തിനുപോലും എടുക്കുന്നതിന് കര്‍ശന വിലക്കേര്പ്പെടുത്തിയിരിക്കുമ്പോഴാണ് റോഡുപണികള്‍ക്കായി വെള്ളം കടത്തുന്നത്.
ആളിയാറില്‍ നിന്നും കുടിവെള്ള ആവശ്യത്തിനു പോലും വെള്ളം ലഭിക്കുമോവെന്ന ആശങ്ക നിലനില്‍ക്കുമ്പോഴാണ് ഈ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: