വടക്കഞ്ചേരി: കനാലുകള്‍ വൃത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഗ്രാമപ്പഞ്ചായത്തോഫീസ് മാര്‍ച്ച് നടത്തി. മംഗലംഡാം ജലസേചന പദ്ധതിയില്‍ നിന്നും ആരംഭിക്കുന്ന കനാലുകള്‍ യഥാസമയം തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ട് വൃത്തിയാക്കാന്‍ കഴിയാത്ത പഞ്ചായത്ത് ഭരണസമിതി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി, കര്‍ഷക മോര്‍ച്ച വണ്ടാഴി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്തിനു മുന്പില് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചത്.
ആലത്തൂര്‍ ബ്ലോക്കിനു കീഴില്‍ വരുന്ന പഞ്ചായത്തുകള്‍ യഥാസമയം കനാലുകള്‍ തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് വൃത്തിയാക്കിയിട്ടും നെന്മാറ ബ്ലോക്ക് പഞ്ചായത്തും വണ്ടാഴി ഗ്രാമപഞ്ചായത്തും അനാസ്ഥയാണ് കാണിക്കുന്നതെന്ന് ധര്‍ണ്ണ കുറ്റപ്പെടുത്തി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
62 ദിവസം പ്രായമായ ഞാറ്റടികള്‍ ഉണങ്ങി തുടങ്ങിയിട്ടും ജലസേചനം ലഭ്യമാവാത്തത് കര്‍ഷകരെ ഏറെ വലച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സത്വര നടപടി സ്വീകരിച്ച് കൃഷി സംരക്ഷിക്കണമെന്നും അല്ലാത്തപക്ഷം ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ശക്തമായ സമര നടപടികള്‍ ആരംഭിക്കുമെന്ന് ശോഭ സുരേന്ദ്രന് പറഞ്ഞു.
മുടപ്പല്ലൂര്‍ ടൗണില്‍ നിന്നും പ്രതിഷേധ പ്രകടനവുമായെത്തിയ പ്രവര്‍ത്തകര്‍ പഞ്ചായത്തോഫീസിന്റെ ഗെയ്റ്റ് അടച്ച് പ്രതിഷേധിച്ചതിനാല്‍ ജീവനക്കാര്‍ക്ക് ഓഫീസിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല.
വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി സമരക്കാരും പഞ്ചായത്ത് സെക്രട്ടറിയും ആയി ചര്‍ച്ച നടത്തി. മേലധികാരികളുമായി വിഷയം അവതരിപ്പിച്ച് വേണ്ടതായ നടപടികള്‍ സ്വീകരിക്കാം എന്നതിന്റെ ഉറപ്പിന് മേല്‍ സമരം പിന്‍വലിക്കുകയായിരുന്നു. കര്‍ഷക മോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.സി.വിജയന് അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡന്റ് കെ.എം.ഹരിദാസ്, ജനറല്‍ സെക്രട്ടറി കെ.കാര്ത്തികേയന്, പഞ്ചായത്തംഗം സജിത് ഉണ്ണി, എസ്.ഷണ്മുഖന്, ആര്.അശോകന്, വി.മണി, സതീഷ്, രതീഷ്, സി.സേതുമാധവന്, എ.ശിവശങ്കരന് നായര്‍, രാജേന്ദ്രപ്രസാദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: