കൊച്ചി: ഗോശ്രീ പാലം യാഥാര്‍ത്ഥ്യമായി ഒരു പതിറ്റാണ്ടിലേറെ പിന്നിട്ടിട്ടും ഗോശ്രീ സ്വകാര്യ ബസ്സുകള്‍ക്ക് നഗരത്തിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ല. ഗോശ്രീയില്‍ നിന്ന് വരുന്ന സ്വകാര്യ ബസ്സുകള്‍ ഹൈക്കോടതിക്ക് സമീപമെത്തി മടങ്ങുകയാണ്. ഇതുമൂലം നഗരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാര്‍ക്കാണ് ദുരിതം. സ്വകാര്യ ബസ്സില്‍ വരുന്നവര്‍ക്ക് മെട്രോ സ്റ്റേഷനില്‍ പോകാനും പിന്നീട് വേറെ ബസ്സില്‍ കയറേണ്ട ഗതികേടാണ്.
ഗോശ്രീപാലം 2004ല്‍ ഉദ്ഘാടനം ചെയ്ത സമയത്ത് ഗോശ്രീ സ്വകാര്യ ബസ്സുകള്‍ക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് അധികൃതര്‍ ഉറപ്പില്‍ നിന്ന് പിന്മാറി.
ഇതിനെതിരെ നാട്ടുകാരും ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലടക്കം സമരം നടത്തി. തുടര്‍ന്ന് കെഎസ്ആര്‍ടിസി 22 തിരുക്കൊച്ചി സര്‍വീസ് അനുവദിച്ചു. ഇവ ആലുവ, കാക്കനാട്, പൂത്തോട്ട, ചേര്‍ത്തല ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍, ഈ സര്‍വീസുകള്‍ക്കും യാത്രാക്ലേശത്തിന് പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
ഗോശ്രീ, വൈപ്പിന്‍ മേഖലകളിലായി 166 സ്വകാര്യ ബസ്സുകളാണ് സര്‍വീസ് നടത്തുന്നത്. ഇവയ്ക്കെല്ലാം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയാലേ യാത്രാക്ലേശം പരിഹരിക്കാനാവൂ.
ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നും ജില്ലയ്ക്ക് പുറത്തുനിന്നും വരെ സ്വകാര്യ ബസ്സുകള്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്നുണ്ട്. എന്നിട്ടും ഗോശ്രീ ബസ്സുകള്‍ക്ക് അനുമതി നല്കാന് അധികൃതര്‍ തയ്യാറായിട്ടില്ല. സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയോടുകൂടി മാത്രമേ സര്‍വീസ് നീട്ടുന്നത് പരിഗണിക്കാനാവൂ എന്ന ന്യായമാണ് അധികൃതര്‍ നിരത്തുന്നത്. എന്നാല്‍, ഒന്നരലക്ഷം ജനസംഖ്യയുള്ള വൈപ്പിന്‍കാരുടെ ആവശ്യം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് പരാതി.
മെട്രോ സര്‍വീസ് തുടങ്ങുമ്പോള്‍ ഫീഡര്‍ സര്‍വീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതിലും വൈപ്പിന്‍കാരെയും ഗോശ്രീ ബസ്സുകളെയും ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: