കൊച്ചി: ‘നമസ്ക്കാരം, തരംഗിണി റേഡിയോ ആദ്യമായി തരംഗിണി സുഭാഷിതം. അവതരിപ്പിക്കുന്നത് 6എയിലെ അലീന ടോണി. സ്ക്കൂള് റേഡിയോ മൈക്കിനു മുന്നില്‍ ഇരുന്ന് ഇത്രയും പറയുമ്പോള്‍ ആറാം ക്ലാസുകാരി നന്ദനയുടെ മുഖത്ത് ആര്‍ജെയുടെ ഭാവവും ചുണ്ടില്‍ കുറുമ്പുചാലിച്ച ചിരിയും. എറണാകുളം ഗേള്‍സ് സ്ക്കൂള് എല്‍പി വിഭാഗത്തിലെ കൊച്ചുമിടുക്കികളാണ് സ്ക്കൂള് റേഡിയോയില്‍ അവതാരകരായത്.
ഓള് ഇന്ത്യ റേഡിയോ പ്രോഗ്രാം എക്സിക്യൂറ്റീവ് ശ്രീകുമാര്‍ മുഖത്തല പരിപാടി ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് ഭാഷയ്ക്ക് പ്രാധാന്യം ഏറിയതോടുകൂടി മാതൃഭാഷയ്ക്ക് ഇടമില്ലാതായതാണ് സ്കൂള്‍ റോഡിയോയെന്ന ആശയത്തിന് പിന്നില്‍. ഇതിലൂടെ മലയാളഭാഷ അനായാസമായി കൈകാര്യം ചെയ്യാന്‍ കുട്ടികളെ പര്യാപ്തമാക്കാന്‍ സ്ക്കൂള് റേഡിയോ ഉപകാരപ്രദമാകും. ഏറ്റവും മികച്ച കുട്ടികളെ മാറ്റി നിര്‍ത്തികൊണ്ട് പിന്നാക്കം നില്ക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഇതോടുകൂടി സാധിക്കുമെന്നാണ് അദ്ധ്യാപകരുടെ പ്രതീക്ഷ.
ഉച്ചയ്ക്ക് 12 മണിമുതല്‍ 1 മണിവരെയാണ് റേഡിയോ പ്രവര്‍ത്തിക്കുന്നത്. കുട്ടികളെ സംബന്ധിച്ച വാര്‍ത്തകളാണ് ഉള്‍പ്പെടുത്തുന്നത്. വാര്‍ത്തകള്‍ക്ക് പുറമെ കുട്ടികളുടെ കലാവാസനകള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ട്. പാട്ടുകള്‍, മോണോആക്ടുകള്, പ്രസംഗങ്ങള്‍ തുടങ്ങിയവ കുട്ടികള്‍ക്ക് അവതരിപ്പിക്കാം. അദ്ധ്യാപകരുടെയും, പിടിഎയുടെയും പ്രോത്സാഹനത്തോടും പിന്തുണയോടും കൂടിയാണ് റേഡിയോ പ്രവര്‍ത്തനമാരംഭിച്ചത്.
റേഡിയോ പ്രക്ഷോപണത്തിന്റെ എല്ലാ സവിശേഷതകളോടും കൂടിയാണ് അദ്ധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ പരിപാടികള്‍ അവതരിപ്പിക്കുന്നത്. ശീര്‍ഷകഗാനം, സുഭാഷിതം, വാര്‍ത്തകള്‍, അഭിമുഖം തുടങ്ങിയവയാണ് ഉദ്ഘാടന ദിവസം അവതരിപ്പിച്ചത്. പ്രധാനദ്ധ്യാപിക കെ.കെ. ശ്രീദേവി, ഉഷ. കെ.കെ, സന്തോഷ് എന്‍.കെ, അഡ്വ. ഗിരീഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: