കൊച്ചി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു 21ന് കൊച്ചിയിലെത്തും. ഉപരാഷ്ട്രപതിയായതിനുശേഷം വെങ്കയ്യ നായിഡുവിന്റെ ആദ്യത്തെ കേരള സന്ദര്‍ശനമാണിത്. 21, 22 തീയതികളിലായി മൂന്ന് പരിപാടികളില്‍ പങ്കെടുക്കും.
21ന് ഉച്ചയ്ക്ക് 12.05ന് ഉപരാഷ്ട്രപതി കൊച്ചിയിലെത്തും. ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി നാവിക വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കും. വൈകിട്ട് നാലു മണിക്ക് ഹോട്ടല്‍ ലെ മെറിഡിയന് കണ്വന്ഷന് സെന്ററില്‍ പതിനൊന്നാമത് ഇന്ത്യന്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ഫോറം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.
22ന് രാവിലെ 9.30ന് കടവന്ത്രയിലെ രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കൊച്ചി നഗരസഭയുടെ സുവര്‍ണജൂബിലി ആഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. 10.45ന് മറൈന്‍ഡ്രൈവിലെ ഹോട്ടല്‍ താജ് ഗേറ്റ് വേയില്‍ കൊച്ചിന് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ 160-ാമത് വാര്‍ഷികാഘോഷത്തിലും ഉപരാഷ്ട്രപതി മുഖ്യാതിഥിയാകും. 12.30ന് നാവിക വിമാനത്താവളത്തില്‍ നിന്നും മടങ്ങും.
ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫറുള്ളയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ക്ക് അന്തിമരൂപം നല്കി. സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ്, ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ കറുപ്പുസ്വാമി, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എം.കെ. കബീര്‍, അസി. കളക്ടര്‍ ഇഷാപ്രിയ എന്നിവരും വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: