പെരുമ്പാവൂര്‍: ‘ബൃഹത്നന്ദി’ ശില്പത്തിലൂടെ പ്രസിദ്ധമായ അയ്മുറി നന്ദിഗ്രാമം യജൂര്‍വേദ പുണ്യഭൂമിയാകാനൊരുങ്ങുന്നു. നൂറ്റാണ്ടുകള്‍ക്കുശേഷമാണ് അയ്മുറി ശ്രീമഹാദേവക്ഷേത്രത്തില്‍ യജൂര്‍വേദ, മുറയഭിഷേകം നടക്കുന്നത്. 17, 18 തീയതികളില്‍ യജൂര്‍വേദ പണ്ഡിതന് തൃശ്ശൂര്‍ അണിമംഗലം സുബ്രഹ്മണ്യന് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് മുറയഭിഷേകം. തമിഴ്നാട്ടിലെ ചിദംബരം ക്ഷേത്രത്തോട് ഏറെ സമാനതകളുള്ള ഇവിടെ സ്വയം ഭൂവായ ശിവനാണ് പ്രതിഷ്ഠ.
19ന് രാവിലെ 8ന് ശ്രീശങ്കരാചാര്യ പരമ്പരയില്‍പ്പെട്ട തൃശ്ശൂര്‍ തെക്കേമഠം മൂപ്പില്‍ സ്വാമിയാരായ വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി സ്വാമികള്‍ ക്ഷേത്രം സന്ദര്‍ശിക്കും. സ്വാമിയാര്‍ക്കുള്ള വരവേല്‍പ്പിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്.
സ്വാമിയാര് സ്വയംഭൂ ശിവലിംഗത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം ക്ഷേത്രാധികാരികളില്നിന്ന് ഭിക്ഷയെടുക്കും. തുടര്‍ന്ന് വച്ചുനമസ്കാരം നടക്കും. വസ്ത്രം, കാവിമണ്ണ്, കടുക്ക, ചുക്ക്, ഭസ്മം എന്നിവ ഒരുതളികയില്വച്ച് സ്വാമിയാര്‍ക്ക് സമര്‍പ്പിച്ച് പ്രദക്ഷിണം വയ്ക്കുന്നതിനായി ഭക്തര്‍ക്ക് അവസരമൊരുക്കിയിട്ടുണ്ടെന്ന് അയ്മനം ദേവസ്വം ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: