കൊച്ചി: ഉറവിട മാലിന്യസംസ്കരണത്തിനായി തയ്യാറാക്കിയ പദ്ധതികള്‍ കൊച്ചി കോര്പ്പറേഷന് അട്ടിമറിച്ചു. 74 ഡിവിഷനുകളിലായി 74,000 ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാല്‍, ചുരുക്കം ചില വീടുകളില്‍ മാത്രമാണ് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാനായത്.
ഒരു കുടുംബത്തില്‍ നിന്ന് 1750 രൂപ വാങ്ങിയാണ് പ്ലാന്റ് സ്ഥാപിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. ഒരുദിവസം രണ്ടരക്കിലോ മാലിന്യം വീട്ടില്‍ തന്നെ സംസ്കരിക്കാന്‍ ഇതുവഴി സാധിക്കുമായിരുന്നു. എന്നാല്‍, കോര്‍പ്പറേഷന്റെ പിടിപ്പുകേടുമൂലം ഒന്നും നടന്നില്ല.
പദ്ധതിക്കായി 138 പേര് മാത്രമാണ് അപേക്ഷിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്.
എന്നാല്‍, ഉറവിട മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായി. കുറഞ്ഞനിരക്കില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ അവസരം ലഭിച്ചാല്‍ ആരും വേണ്ടെന്ന് വെക്കില്ലെന്നായിരുന്നു ആരോപണമുയരുന്ന്. ഉറവിട മാലിന്യ സംസ്കരണ പദ്ധതി പാളിയതോടെ കൊച്ചി നഗരത്തിന്റെ പല ഭാഗങ്ങളും വൃത്തിഹീനമായി.
വീടുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യം ബ്രഹ്മപുരത്തെ പ്ലാന്റിലേക്കാണ് ഇപ്പോള്‍ കൊണ്ടുപോകുന്നത്. ഹോട്ടലുകളിലും ഉറവിട മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍, കൊച്ചി കോര്പ്പറേഷന് പരിധിയിലെ ഹോട്ടലുകളില്‍ അതും നടന്നില്ല.
ദിവസം ശരാശരി 245 ടണ്‍ മാലിന്യമാണ് കൊച്ചി കോര്പ്പറേഷന് പരിധിയില്‍ നിന്ന് മാത്രം പുറന്തള്ളപ്പെടുന്നത്. ഇത്രയധികം മാലിന്യം സംസ്കരിക്കാനുള്ള സംവിധാനം ബ്രഹ്മപുരത്തുമില്ല. ഇത് അവിടത്തെ പ്രദേശവാസികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: