കൊച്ചി: ജില്ലാ ഭരണകൂടവും ജില്ലാ ശിശുസംരക്ഷണ യൂണിറ്റും സംയുക്തമായി 14 മുതല്‍ 20 വരെ ബാലാവകാശ വാരാചരണം സംഘടിപ്പിക്കും. കുട്ടികള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ തടയുന്നതിനായി വാഹനപര്യടനവും സംഘടിപ്പിക്കും. കുട്ടികളുടെ അവകാശസംരക്ഷണത്തിനായുള്ള നിയമങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചുമുള്ള പ്രദര്‍ശനവും തത്സമയ പ്രശ്നോത്തരി മത്സരവും വാഹനപര്യടനത്തിന്റെ ഭാഗമാണ്.
14ന് രാവിലെ 10.30ന് വാരാചരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനലും വാഹന പര്യടന ഉദ്ഘാടനം ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫറുള്ളയും തൃക്കാക്കര ഓപ്പണ്‍എയര്‍ സ്റ്റേജില്‍ നിര്‍വഹിക്കും. തൃക്കാക്കര മുനിസിപ്പല്‍ ചെയര്പേഴ്സന് കെ.കെ. നീനു അധ്യക്ഷയാകും. 14ന് മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ വാഹന പര്യടനം ഉണ്ടായിരിക്കും. 15ന് കാലടി, അങ്കമാലി, ആലുവ, നോര്‍ത്ത് പറവൂര്‍ എന്നിവിടങ്ങളിലും 16ന് തൃപ്പൂണിത്തുറ, വൈറ്റില, പാലാരിവട്ടം എന്നിവിടങ്ങളിലാണ് വാഹന പര്യടനം നടത്തുക. 17ന് കളമശ്ശേരി ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂളില്‍ എന്റെ സുരക്ഷ എന്റെ അവകാശം എന്ന വിഷയത്തില്‍ കുട്ടികളുടെ സെമിനാര്‍ നടത്തും. ഇടപ്പള്ളി, ആലുവ എന്നിവിടങ്ങളില്‍ ഫ്ളാഷ് മോബ് ഉണ്ടായിരിക്കും. 18ന് ഞങ്ങളുടെ അവകാശങ്ങളിലേക്ക് ഒരു ചുവട് എന്ന പേരില്‍ സൈക്കിള്‍ റാലി സംഘടിപ്പിക്കും. 19ന് രാവിലെ 9ന് മറൈന്‍ഡ്രൈവില്‍ നിന്ന് ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ട് വരെ കൂട്ടയോട്ടം. 19ന് വൈകിട്ട് നാലിന് പറക്കട്ടെ ഞാനും ആകാശം മുട്ടെ എന്ന പേരില്‍ ഫോര്‍ട്ട് കൊച്ചി ബീച്ചില്‍ പട്ടം പറത്തല്‍ സംഘടിപ്പിക്കും. 20 ന് സമാപന സമ്മേളനവും പോസ്റ്റര്‍ പ്രദര്‍ശനവും കാക്കനാട് കളക്ടറേറ്റില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: