കാക്കനാട്: ജില്ലയില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി 140 ഹെക്ടര്‍ തരിശുഭൂമിയില്‍ കൃഷി ആരംഭിച്ചു. 300 ഹെക്ടര്‍ തരിശുഭൂമിയില്‍ കൃഷി ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 92 ഹെക്ടറില്‍ കരനെല്‍കൃഷി ആരംഭിച്ചു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 113 നേഴ്സറികള്‍ ആരംഭിച്ചു. 2018-ല്‍ 15 ലക്ഷം തൈകള്‍ നട്ടുപിടിപ്പിക്കാനാ ണ് ഉദ്ദേശിക്കുന്നത്. ഇതില്‍ മൂന്നു ലക്ഷത്തോളം ഫലവൃക്ഷത്തൈകള്‍ തയ്യാറായിക്കഴിഞ്ഞു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കടമ്പ്രയാര്‍ 11 കിലോമീറ്റര്‍ വൃത്തിയാക്കിയതിനെ തുടര്‍ന്ന് പലയിടത്തും ജലസ്രോതസ്സുകള്‍ വൃത്തിയാക്കല്‍ പൊതുജനം ഏറ്റെടുത്തു.
വെമ്പള്ളി -പനമ്പേലിത്താഴം- മനക്കേക്കര വലിയതോട് 7 കിലോമീറ്ററോളം പൊതുജനങ്ങള്‍ വൃത്തിയാക്കി. കരുമാല്ലൂര്‍ പഞ്ചായത്തിലെ തടിക്കക്കടവ് ഭാഗത്തെ പെരിയാറിന്റെ ഭാഗമായ മംഗലപ്പുഴയും പൊതുജനങ്ങള്‍ വൃത്തിയാക്കി. പല കനാലുകളും തോടുകളും പലയിടത്തും ഒഴുക്ക് തടസ്സപ്പെട്ട് കിടക്കുന്നു. റിസോഴ്സ് റിക്കവറി ഫെസിലിറ്റി പൂര്‍ണ്ണമാക്കാനുള്ള നടപടികള്‍ ജില്ലയില്‍ പുരോഗമിക്കുകയാണെന്ന് ക്ലീന്‍ കേരള കമ്പനി മാനേജിങ് ഡയറക്ടര്‍ കബീര്‍ ബി ഹാരൂണ്‍ പറഞ്ഞു.
ബള്‍ബ,് ട്യൂബ് തുടങ്ങിയ അപകടകരമായ മാലിന്യങ്ങളുടെ സംസ്കരണവും ഗ്ലാസിന്റെ പുനരുപയോഗവും സാധ്യമാക്കുന്നതോടെ സീറോ വേസ്റ്റ് മാനേജ്മെന്റിലേക്ക് ജില്ലാ എത്തും. ഹരിത കേരളം മിഷന് സംസ്ഥാന ഉപാധ്യക്ഷ ടി.എന്‍. സീമയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ നടന്ന പദ്ധതിയുടെ ജില്ലാതല അവലോകന യോഗത്തില്‍ കൃഷിവകുപ്പാണ് കണക്കുകള്‍ അവതരിപ്പിച്ചത്.
മാലിന്യ നിര്‍മാര്‍ജനത്തിനായി വിവിധ പഞ്ചായത്തുകള്‍ നടപ്പാക്കുന്ന പദ്ധതിയില്‍ പലപ്പോഴും ഏകോപനമുണ്ടാകുന്നില്ലെന്ന് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍ അഭിപ്രായപ്പെട്ടു. ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ അനിത ഏലിയാസ്, ഹരിത കേരളം ജില്ലാ കോര്‍ഡിനേറ്റര്‍ സൂജിത് കരുണ്‍ തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: