കൊച്ചി: സംസ്ഥാന വിവരസാങ്കേതികവിദ്യാ വകുപ്പ് പുറത്തിറക്കിയ ഉത്തരവിന് വിരുദ്ധമായി സ്കൂള്‍, കോളേജ്, ആശുപത്രി, അങ്കണവാടി, പോലീസ് സ്റ്റേഷന് എന്നിവയ്ക്ക് സമീപം മൊബൈല്‍ ഫോണ്‍ ടവറുകള്‍ സ്ഥാപിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ഇതിന് വിരുദ്ധമായി നടക്കുന്ന ടവര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കരുതെന്നും കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവിട്ടു.
മൂന്നൂറോളം കുട്ടികള്‍ പഠിക്കുന്ന, 120 വര്‍ഷം പഴക്കമുള്ള തൃപ്പൂണിത്തുറ സേക്രഡ് ഹാര്‍ട്ട് യുപിഎസിന് എട്ട് മീറ്റര്‍ മാറി മൊബൈല്‍ ഫോണ്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കം അനുവദിക്കരുതെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് വല്‍സല സി.ബേബി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. സ്കൂളിന് എതിര്‍വശത്തായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ മുകളിലാണ് ടവര്‍ സ്ഥാപിക്കുന്നത്. കമ്മീഷന് നഗരസഭാ സെക്രട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഐഡിയയുടെ ടവര്‍ സ്ഥാപിക്കാന്‍ അപേക്ഷ ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലപരിശോധന നടത്തി അനുമതി നല്‍കിയതായി നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. റെസിഡന്‍സ് അസോസിയേഷനും സ്കൂള്‍ അധികൃതരും ഇതിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ക്ക് അനുസൃതമായി പെര്‍മിറ്റ് നല്കിയതിനാല് പെര്‍മിറ്റ് റദ്ദ് ചെയ്യാന്‍ കഴിയില്ലെന്നും നിര്‍മ്മാണത്തിന് നല്കിയ അപേക്ഷയില്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്ന കാര്യം കമ്പനി പറഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2015 ജനുവരി ഒന്നിന് വിവരസാങ്കേതികവിദ്യാ വകുപ്പ് പുറത്തിറക്കിയ ഉത്തരവിന് വിരുദ്ധമായാണ് നഗരസഭ ടവറിന് അനുമതി നല്‍കിയതെന്ന് കമ്മീഷന് കണ്ടെത്തി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നിര്‍ത്തിവയ്പ്പിക്കണമെന്ന് കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറിക്ക് ഉത്തരവ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: