ഗുരുവായൂര്‍: വന്‍ പോലീസ് സന്നാഹത്തിന്റേയും സിപിഎംപ്രവര്ത്തകരുടേയും സഹായത്തോടെ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് കയ്യേറി. ഇന്നലെ പുലര്‍ച്ചെ നട തുറന്നപ്പോള്‍ കാവല്‍ക്കാരനെ തട്ടിമാറ്റി ഒരു പറ്റം പോലീസുകാര്‍ അകത്ത് കടന്ന് ക്ഷേത്രം മാനേജരുടെ മുണ്ടില്‍ കുത്തിപ്പിടിച്ച് താക്കോല്‍ ക്കൂട്ടം പിടിച്ചു വാങ്ങി, ടെലഫോണ്‍ ബന്ധം വിച്ഛേദിച്ചു. ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു ലക്ഷത്തോളം രൂപ മാനേജര്‍ ശ്രീധരനില്‍ നിന്ന് പിടിച്ചു വാങ്ങി ദേവസ്വം ബോര്‍ഡ് അധികാരികളെ ഏല്‍പ്പിക്കുകയും, വഴിപാട് കൗണ്ടറിലെ ജീവനക്കാരനെ പുറത്താക്കുകയും ചെയ്തു.
കോടതിയുടെ അഭിപ്രായങ്ങളെ അന്തിമ വിധിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ക്ഷേത്രം പിടിച്ചെടുത്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി ഇന്ന് തൃശൂര്‍ ജില്ലാ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സപ്തംബര്‍ 21ന് ക്ഷേത്രം പിടിച്ചെടുക്കാന്‍ നടന്ന ശ്രമം ഭക്തര്‍ പരാജയപ്പെടുത്തിയിരുന്നു. അന്ന് പോലീസ് തള്ളിക്കയറാന്‍ ശ്രമിച്ചപ്പോള്‍ ഭക്തര്‍ ഗോപുരവാതില്‍ അകത്ത് നിന്ന് അടച്ചു.
ഇത് ചൂണ്ടിക്കാട്ടി, ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നില്ലെന്നും ദര്‍ശനം തടസ്സപ്പെടുത്തുന്നുവെന്നും ഇത് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സെക്രട്ടറിയും കമ്മീഷണറും ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഇത് പരിശോധിച്ച കോടതി, ക്ഷേത്രത്തില്‍ ആരാധന നടത്താന്‍ എത്തുന്ന ഭക്തരെയോ മലബാര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരേയോ തടയരുതെന്ന് പാര്‍ത്ഥസാരഥി ഭരണ സംഘം അധികാരികളോട് നിര്‍ദ്ദേശിച്ചിരുന്നു.
അത്തരത്തിലുള്ള നീക്കം ഉണ്ടായാല്‍ ദേവസ്വം ബോര്‍ഡിന് എസിപിയുടെ സഹായം തേടാമെന്നും പറഞ്ഞിരുന്നു. ഇത് വളച്ചൊടിച്ചാണ് ഇന്നലെ ക്ഷേത്രം പിടിച്ചെടുത്തത്.
പാര്‍ത്ഥസാരഥി ക്ഷേത്ര ഭരണ സംഘവും മലബാര്‍ ദേവസ്വം ബോര്‍ഡും തമ്മിലുള്ള കേസ് ചാവക്കാട് സബ്ബ് കോടതിയുടെ പരിഗണനയിലാണ്.ഈ കേസ്സില്‍ ഇന്ന് വിധി പറഞ്ഞേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: