പാലക്കാട്: നഗരത്തിലെ ഒരു പ്രമുഖ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ യഥാസമയം ഫീസ് അടച്ചില്ലെന്ന കാരണം പറഞ്ഞ് അവരെ വെയിലത്ത് നിര്‍ത്തിയതായി പരാതി.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 30ന് ക്രൈസ്തവ മാനേജ്മെന്റ് നടത്തുന്ന ഷോര്‍ണൂര്‍ റോഡിലെ ഗേള്‍സ് ഹൈസ്കൂളിലാണ് സംഭവം. അഞ്ച് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളെയാണ് ഉച്ചയ്ക്ക് ശേഷം രണ്ട് പിരീഡ് സമയം പൊരിവെയിലത്ത് നിര്‍ത്തിയത്. രണ്ടാം ഗഡു ഫീസ് അടച്ചില്ലെന്നാണ് മാനേജ്മെന്റ് പറയുന്നത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ രക്ഷിതാക്കളോട് അധികൃതര്‍ പരുഷമായി പെരുമാറിയെന്നും ആരോപണമുണ്ട്. നിങ്ങളുടെ കുട്ടികളെ കണ്ടല്ല വിദ്യാലയം നടത്തുന്നത്. നിങ്ങളില്‍ നിന്ന് ഫീസ് ലഭിച്ചല്ല അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നതും. ‘ഇവിടെ പഠിക്കുകയാണെങ്കില്‍ ഫീസ് കൃത്യസമയത്ത് അടച്ചേ മതിയാകു’ എന്നും സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
അധ്യയനത്തിന്റെ പകുതി ആയതിനാല്‍ രക്ഷിതാക്കള്‍ മറിച്ചൊന്നും പറഞ്ഞില്ല. ഫീസ് അടക്കുന്നതിനെ സംബന്ധിച്ച് ഡയറിയില്‍ കുറിപ്പ് നല്‍കിയിരുന്നെങ്കിലും വിദ്യാര്‍ത്ഥികളോട് ഇത്ര മോശമായി സ്കൂള്‍ അധികൃതര്‍ പെരുമാറിയതില്‍ പരക്കെ പ്രതിഷേധമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: