പത്രപ്രവര്‍ത്തക പെന്ഷന് വാങ്ങുന്ന ആളാണ് ഈ ലേഖകന്‍. അതുമുടക്കംകൂടാതെ കിട്ടുന്നതിന് താന്‍ ജീവിച്ചിരിക്കുന്നുവെന്നതിന് ഒരു ഗസറ്റഡ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് ഓരോ വര്‍ഷവും സമര്‍പ്പിക്കേണ്ടതുണ്ട്. അതിനുള്ള നിശ്ചിത ഔദ്യോഗിക ഫോറം കടകളില്‍ വില്‍പ്പനയ്ക്കുണ്ട്. അതു വിലയ്ക്കു വാങ്ങി. ഫോറം ഇംഗ്ലീഷിലാണ്. പൂരിപ്പിച്ച് അയല്‍ക്കാരി കൂടിയായ ഡോ. ബീനയുടെ ഒപ്പോടുകൂടി അയച്ചുകൊടുത്തു. പെന്ഷന് വാങ്ങുന്നതിനുള്ള ട്രഷറി സേവിങ്സ് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള ഫോറവും ഇംഗ്ലീഷിലാണ്. ഒക്ടോബര്‍ 31 ന് ഇവ രണ്ടും അതാത് ഉടമസ്ഥര്‍ക്ക് സമര്‍പ്പിച്ചു. പിറ്റേന്നാണ് കേരള സംസ്ഥാനപ്പിറവി ദിവസമായ നവംബര്‍ ഒന്ന്.
മലയാള ദിനം. അന്ന് സകല സ്ഥലങ്ങളിലും മലയാളം ഔദ്യോഗിക ഭാഷയാണെന്ന് ഓര്‍മിപ്പിക്കുന്ന ചടങ്ങുകള്‍ നടത്തപ്പെട്ടു. പത്രങ്ങള്‍ പ്രത്യേക പതിപ്പുകളിറക്കി. ഇംഗ്ലീഷ് പത്രമായ ദ ഹിന്ദു പോലും അന്ന് മലയാളത്തിന്റെ ഒരു പ്രത്യേക പതിപ്പ് ഇറക്കി ഭാഷയെ ആദരിച്ചു.
ഹിന്ദു പ്രത്യേക പതിപ്പില്‍ ഭരണഭാഷാ പ്രഖ്യാപനം എന്ന പേരില്‍ ഒരു സര്‍ക്കാര്‍ പരസ്യമുണ്ട്. അതില്‍ പ്രഖ്യാപനത്തില്‍ സെക്രട്ടറിയേറ്റ് എന്ന ഇംഗ്ലീഷ് വാക്ക് കടന്നുകൂടിയിരിക്കുന്നു.
പരസ്യത്തിനു പശ്ചാത്തലമായ സര്‍ക്കാര്‍ ഉത്തരവിന്റെ ഫോട്ടോസ്റ്റാറ്റിന്റെ പ്രത്യക്ഷമായ ഭാഗത്തു ഏഴ് ഇംഗ്ലീഷ് വാക്കുകളുണ്ട്. ഭരണഭാഷ മലയാളമാക്കുമ്പോള്‍ ആ വാക്കുകള്‍ ഒഴിവാക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമമുണ്ടായില്ല എന്നാണതിനര്‍ത്ഥം. എന്‍. വി. കൃഷ്ണവാര്യര്‍ തലവനായി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചപ്പോല്‍ എല്ലാ ആവശ്യങ്ങള്‍ക്കുമുതകുന്ന ഭാഷ ശബ്ദാവലി തയ്യാറാക്കുക എന്ന ലക്ഷ്യവും അതിന്റെ ഭാഗമായിരുന്നു. വാര്യര്‍ അതിന് ശ്രമം നടത്തി, മാനവിക ശബ്ദാവലി, ഭരണശബ്ദാവലി, ശാസ്ത്ര ശബ്ദാവലി മുതലായ പുസ്തകങ്ങള്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. അവയില്‍ ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങള്‍ ഉപയോഗിക്കുന്ന ഹിന്ദി, സംസ്കൃതം മുതലായ ഭാഷകളിലെ മലയാളത്തിന് അനായാസം സ്വീകരിക്കാന്‍ കഴിയുന്ന വാക്കുകളും ഉള്‍പ്പെട്ടിരുന്നു.
എന്നാല്‍ ഭരണഭാഷ മലയാളമാക്കുന്നതിനെതിരായ ഉദ്യോഗസ്ഥ വൃന്ദമാണ് കേരളത്തെ ഭരിക്കുന്നത് എന്നതൊരു പരമാര്‍ത്ഥമാകുന്നു. മലയാളത്തിന് ഭരണഭാഷായാകാനുള്ള കഴിവില്ല എന്നാണവരുടെ നിലപാട്. അധികാരത്തിലിരിക്കുന്ന കക്ഷികള്‍ക്കും അതിന് താല്‍പ്പര്യമുണ്ടാവില്ല. ഭരണകര്‍ത്താക്കള്‍ക്ക് അനഭിമതരായ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിവന്ന വകുപ്പായി അതു കണക്കാക്കി വന്നു. അത്തരം ഒരുദ്യോഗസ്ഥനെ, പ്രസ്തുത വകുപ്പിന്റെ പ്രവര്‍ത്തനം മനസ്സിലാക്കണമെന്ന ഉദ്ദേശ്യത്തോടെ ചെന്നു കണ്ടപ്പോഴാണ് ഒരു സഹായിപോലുമില്ലാതെ (സ്റ്റെനോയോ, ശിപായിയോ പോലും) കഴിയേണ്ടിവന്ന ദുരിതം മനസ്സിലായത്.
മലയാളത്തിന് ഭരണഭാഷയെന്ന സ്ഥാനം ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ വരുന്നതുവരെ മലബാറിലും, മേല്‍ക്കോയ്മ സ്വീകരിക്കുന്നതുവരെ തിരുവിതാംകൂറിലുമുണ്ടായിരുന്നു. ടി. മാധവന് നായര്‍ ദിവാനായ പ്പോഴാണ് ഇംഗ്ലീഷ് ഭരണഭാഷയായത്. എന്നിട്ടും താഴെത്തലത്തില്‍ മലയാളം തുടര്‍ന്നു. സര്‍ക്കാരിന്റെ ഗസറ്റ് മലയാളത്തിലായിരുന്നു. എന്തിന് സര് സി.പി. രാമസ്വാമി അയ്യരെ ദിവാനായി നിയമിച്ച രാജകല്പനയും മലയാളത്തിലാണ് തുല്യം ചാര്‍ത്തപ്പെട്ടത്. ഭരണത്തിലെ ഉദ്യോഗപ്പേരുകളെല്ലാം മലയാളത്തിലുണ്ടായിരുന്നു.
ദളവ, വലിയ സര്‍വാധികാര്യക്കാര്‍, സര്വാധ്യകാര്യക്കാര്, പ്രവൃത്തികാര്‍, കണക്കപ്പിള്ള, മാസപ്പടിക്കാരന് എന്നിങ്ങനെ ഭരണച്ചുമതലയുടെ ശ്രേണിയുണ്ടായിരുന്നു. ഇന്ന് സെക്രട്ടറിയേറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. മുമ്പിതിന് ഹജൂര്‍ കച്ചേരി എന്നുപറഞ്ഞുവന്നു. ഹജൂര്‍ പേര്‍ഷ്യന്‍ വാക്കും കച്ചേരി അറബി വാക്കുമാണല്ലോ. അതു സ്വീകരിക്കുന്നതിന് മുന്‍പ് പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്‍വശത്ത് കരുവേലപ്പുര മാളിക എന്ന നെടുമ്പുരപോലെത്തെ കെട്ടിടത്തിലാണ് ഓലയും നാരായവുമായി എഴുത്തുകാര്‍ ഇരുന്നത്. അന്നത്തെ രേഖകള്‍ തിരുവിതാംകൂര്‍ ചരിത്രരേഖകളായി ഇന്ന് കാണാം.
മലബാറില്‍ പഴശ്ശിരാജാവും ഈസ്റ്റിന്ത്യാ കമ്പനിയുമായി നടന്ന എഴുത്തുകുത്തുകള്‍ മുഴുവന്‍ മലയാളത്തിലായിരുന്നു. പഴശ്ശി രേഖകള്‍ എന്ന പേരില്‍ അതു പ്രസിദ്ധപ്പെടുത്തിയതു വായിക്കാനിടയായി. മലയാള ഭാഷയുടെ കരുത്തും ആശയപ്രകാശന സാമര്‍ത്ഥ്യവും അവയിലൂടെ നമുക്ക് വ്യക്തമാകുന്നു.
സ്വതന്ത്ര ഭാരതത്തിന്റെ ഭരണം ഭാരതീയ ഭാഷകളിലൂടെ സാധ്യമാവണം എന്നഭിലഷിച്ചവരായിരുന്നു മഹാത്മാഗാന്ധിയും മറ്റനേകം നേതാക്കളും. പൊതുവായ ബന്ധഭാഷയായി ലളിതമായ ഹിന്ദി വികസിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു. ദക്ഷിണ ഭാരതത്തില്‍ ഹിന്ദി പ്രചാരസഭ തുടങ്ങിയതും അദ്ദേഹം മുന്‍കയ്യെടുത്തായിരുന്നു. അതിനനുബന്ധമായി എ. ചന്ദ്രഹാസന്റെ ഉത്സാഹത്തില്‍ തിരുവിതാംകൂര്‍ ഹിന്ദി പ്രചാരസഭയുമുണ്ടായി. അവയുടെ ഉത്സാഹത്തില്‍ ആയിരക്കണക്കിനാളുകള്‍ ഹിന്ദി പഠിക്കുകയും, നൂറുകണക്കിനാളുകള്‍ ഹിന്ദി പ്രചാരകരാവുകയുമുണ്ടായി.
എന്നാല്‍ അഹിന്ദിഭാഷക്കാരുടെ ആശങ്കകള്‍ അകറ്റാനെന്ന പേരില്‍ തല്പരകക്ഷികളുടെ ഒരു ഇംഗ്ലീഷ് ഉപശാല രാജ്യവ്യാപകമായി ശക്തി പ്രാപിച്ചു. ആംഗല വിദ്യാഭ്യാസവും പാശ്ചാത്യ സംസ്കാരവും തലയ്ക്കു പിടിച്ചവരുടെ സ്ഥാപിത താല്പര്യം വീണ്ടും ഇംഗ്ലീഷ് മേധാവിത്തം ശക്തമാക്കി.
തമിഴ്നാട്ടുകാര്‍ തുടക്കത്തില്‍ത്തന്നെ തങ്ങളുടെ ഭാഷാപ്രേമം പ്രായോഗികമാക്കി. സകലമേഖലകളിലും തമിഴിന്റെ മേല്‍ക്കോയ്മ സ്ഥാപിച്ചു. മുന്‍പ് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയിലേക്ക് കടക്കുമ്പോള്‍ത്തന്നെ തമിഴിന്റെ പ്രഭാവം അറിയാന്‍ കഴിയും. എന്താവശ്യത്തിനും പ്രയോഗിക്കത്തക്ക വിധത്തില്‍ തമിഴില്‍ അവര്‍ പദസമ്പത്ത് ഉണ്ടാക്കിയെടുത്തു. അവിടെ പ്രൈമറി സ്കൂളും മിഡില്‍ സ്കൂളും ഹൈസ്കൂളും കോളജുമില്ല. കീഴ്നിലപ്പള്ളിയും ഇടനിലപ്പള്ളിയും ഉയര്നിലപ്പള്ളിയും കല്ലൂരിയുമേയുള്ളൂ. പ്രാചീന തമിഴ് സംസ്കാരത്തില്‍ നിന്ന് ഉചിതമായ ഏതു വാക്കും രൂപപ്പെടുത്താനുള്ള വഴക്കം അവര്‍ സൃഷ്ടിച്ചെടുത്തു. അവിടെ മന്ത്രിമാരില്ല. അമൈച്ചറും മുതലമൈച്ചറുമേയുള്ളൂ. പവര്‍ സ്റ്റേഷനില്ല മിന്സാരനിലയമേയള്ളൂ. ഓഫീസില്ല അലുവലകമേയുള്ളൂ. മുന്‍സിപ്പാലിറ്റിയില്ല നകരാഴ്ചിയാണുള്ളത്. മറ്റു സംസ്ഥാനങ്ങള്‍ നോക്കിയാല്‍ കര്‍ണാടകത്തില്‍ സെക്രട്ടറിയേറ്റ് വിധാന സൗധയാണ്. മഹാരാഷ്ട്രയില്‍ സചിവാലയമാണ്.
നമ്മുടെ മലയാള സര്‍വകലാശാലയുടെ ഭരണം നടക്കുന്നതു മലയാളത്തിലാണോ? അവിടെ ചാന്‍സലറും വൈസ് ചാന്‍സലറും രജിസ്ട്രാറും ഒക്കെയല്ലേ! അവിടത്തെ പരീക്ഷകള്‍ ബിഎയും എംഎയും ഗവേഷണ ബിരുദങ്ങള്‍ പിഎച്ച്ഡിയുമൊക്കെത്തന്നെ. കാലടി സംസ്കൃത സര്‍വകലാശാലയുടെ സ്ഥിതിയും വ്യത്യസ്തമല്ലല്ലൊ. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി കിട്ടിയപ്പോള്‍ ആ ശ്രേഷ്ഠത വളര്‍ത്തിയെടുക്കാനും; സാധാരണ ജനങ്ങള്‍ക്ക് ബോധ്യമാകാനും എന്തെങ്കിലും ചെയ്യുന്നുണ്ടോ? ഭരണകക്ഷി നേതാക്കളുടെയും ഉറ്റവരുടെയും സ്വകാര്യ താല്‍പ്പര്യങ്ങള്‍ക്ക് അതു പ്രയോഗിക്കുന്നതിന് സൗകര്യമായി എന്നതിനപ്പുറം മലയാള ഭാഷയ്ക്കോ, മലയാള നാടിനോ എന്തു നേട്ടമുണ്ട് എന്നറിയില്ല. ഏതു വിജ്ഞാനവും മലയാളത്തിലൂടെ നേടാന്‍ കഴിയുമെന്ന നിലയ്ക്ക് ഭാഷയെ പ്രാപ്തമാക്കാന്‍ ഇന്നത്തെ തോതിലുള്ള ആചരണങ്ങള്‍ പര്യാപ്തമാവില്ല എന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: