മരട്: അടിയ്ക്കടിയുണ്ടാകുന്ന ഭരണമാറ്റം മരട് നഗരസഭാ വികസനത്തെ പിന്നോട്ടടിക്കുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ മൂന്നു തവണയാണ് ചെയര്‍പേഴ്സണ്‍, വൈസ് ചെയര്മാന് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയുള്ള കൗണ്‍സിലര്‍മാരുടെ നെട്ടോട്ടമാണ് ഭരണ സ്ഥിരതയില്ലാതാക്കിയത്. ഇതുമൂലം ബജറ്റിലുള്ള പല പദ്ധതികളും നടപ്പിലാക്കാനായില്ല.
33 അംഗ മരട് നഗരസഭാ കൗണ്‍സിലില്‍ യുഡിഎഫ് 15, എല്‍ഡിഎഫ് 15, സ്വതന്ത്രര്‍ 3 എന്നിങ്ങനെയാണ് കക്ഷിനില. ഇതില്‍ 2 പേര് കോണ്‍ഗ്രസ് വിമതരായി ജയിച്ചു വന്നതാണെങ്കിലും നഗരസഭാ വൈസ് ചെയര്മാന് സ്ഥാനം നല്‍കാമെന്ന ധാരണയില്‍ യുഡിഎഫിന് പിന്തുണ നല്കി. മറ്റൊരു സ്വതന്ത്ര എല്‍ഡിഎഫിന്റെ നഗരസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥിയുമായി. യുഡിഎഫ് ഭരിക്കേണ്ട നഗരസഭ, കോണ്‍ഗ്രസ് ഗ്രൂപ്പ് പോരില്‍ അവര്‍ക്ക് നഷ്ടമായി. 2 ഐ ഗ്രൂപ്പുകാര്‍ ഉച്ചയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നതോടെ വൈസ് ചെയര്മാന് സ്ഥാനം യുഡിഎഫിന് നഷ്ടമായി. രാവിലെ നടന്ന തെരഞ്ഞെടുപ്പില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം യുഡിഎഫിന് ലഭിച്ചിരുന്നു.
വൈസ് ചെയര്മാന് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്വതന്ത്രന് യുഡിഎഫിനുള്ള പിന്തുണ പിന്‍വലിച്ച് എല്‍ഡിഎഫില്‍ ചേക്കേറി. 6 മാസത്തിനു ശേഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തി. എല്‍ഡിഎഫില്‍ ചേക്കേറിയ കോണ്‍ഗ്രസ് വിമതന് ധാരണപ്രകാരമുള്ള വൈസ് ചെയര്മാന് സ്ഥാനം എല്‍ഡിഎഫ് ഭരണത്തിലും ലഭിക്കാതായതോടെ പിന്തുണ പിന്‍വലിച്ച് വീണ്ടും യുഡിഎഫില്‍ ചേക്കേറി. 6 മാസങ്ങള്‍ക്കു ശേഷം വീണ്ടും അവിശ്വാസ പ്രമേയം. തുടര്‍ന്ന് യുഡിഎഫ് അധികാരത്തിലെത്തി. ഇനിയുള്ള മൂന്നു വര്‍ഷം എ, ഐ ഗ്രൂപ്പുകാരായ മറ്റു രണ്ടുപേര്‍ക്കു കൂടി ചെയര്‍പേഴ്സണ്‍ സ്ഥാനവും വൈസ് ചെയര്മാന് സ്ഥാനവും പങ്കിട്ടു നല്‍കാമെന്ന ധാരണയിലാണ് മരട് നഗരസഭയിലെ യുഡിഎഫ് ഭരണം മുന്നോട്ടു പോകുന്നത്. കേരളത്തില്‍ ആദ്യമായി മരട് നഗരസഭയില്‍ നടപ്പിലാക്കുന്നു എന്ന് കൊട്ടിഘോഷിച്ച് കൊണ്ടുവന്ന പദ്ധതിയായിരുന്നു പെണ്‍കുട്ടികള്‍ക്ക് 10,000 രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതി. പക്ഷേ, പ്രഖ്യാപനത്തിലൊതുങ്ങി.തിരക്കേറിയ കുണ്ടന്നൂര്‍ ജംഗ്ഷനില്‍ പേ ആന്‍ഡ് യൂസ് ടോയ്ലെറ്റും ഓപ്പണ്‍ എയര്‍ സ്റ്റേജും നിര്‍മ്മിക്കുമെന്നത് പാഴായി. പാര്‍ക്കുകളിലുള്ള ഇ-ടോയിലെറ്റുകള്‍ പോലും പ്രവര്‍ത്തനക്ഷമമല്ല. തേവര – കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന്റെ അടിഭാഗം പ്രയോജനപ്പെടുത്തി ഹൈടെക് പച്ചക്കറി സ്റ്റാള്‍, മത്സ്യ മാര്‍ക്കറ്റ്, പാര്‍ക്കിംഗ് സംവിധാനം, നെട്ടൂര്‍ ഓപ്പണ്‍ എയര്‍ സ്റ്റേജ് എന്നിവ നിര്‍മ്മിക്കുമെന്ന് ബജറ്റില്‍ പറഞ്ഞിരുന്നു. ഇത് നടപ്പിലായില്ല. നെട്ടൂര്‍ ശാന്തിവനം പൊതുശ്മശാനത്തോടുള്ള അധികൃതരുടെ അവഗണന തുടരുന്നു. മരട് നഗരസഭയുടെ തനതു ഫണ്ടില്‍ നിന്ന് അന്‍പതുലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച വാതക ശ്മശാനം തുരുമ്പെടുത്ത് നശിക്കുന്നു. ശ്മശാനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് മുന്‍ കൗണ്‍സിലിന്റെ ഭരണകാലത്ത് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ലാഭമുണ്ടാക്കുന്നതിനു വേണ്ടി കരാറുകാരന് മൃതദേഹം പൂര്‍ണ്ണമായും ദഹിപ്പിക്കാതെ ഒന്നിനു മുകളില്‍ മറ്റൊന്നായി ദഹിപ്പിച്ച് മൃതദേഹത്തോട് അനാദരവ് കാട്ടിയ സംഭവങ്ങളുമുണ്ടായി.
ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തേയും ഇടപെടലിനേയും തുടര്‍ന്ന് കരാറുകാരറെ മാറ്റുകയും പുതിയ ആളുകള്‍ക്ക് കരാര്‍ നല്‍കുകയും ചെയ്തു. പിന്നീട് മെച്ചപ്പെട്ടരീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്മശാനം, ഭരണമാറ്റത്തോടെയാണ് അവഗണനയിലായതെന്നാണ് ഉയരുന്ന ആക്ഷേപം.
വാതക ശ്മശാനം ഭാഗികമായി നശിച്ചനിലയിലാണ്. രണ്ടുവര്‍ഷമായി പ്രവര്‍ത്തന രഹിതവുമാണ്. 14 മൃതദേഹങ്ങളാണ് വാതക ശ്മശാനത്തില്‍ ആകെ ദഹിപ്പിച്ചിട്ടുള്ളത്. ഗ്യാസ് ബര്‍ണറുകള്‍ തുരുമ്പെടുത്തു. രണ്ടു ബ്ലോവറുകളും പ്രവര്‍ത്തനരഹിതമായി.
വിറക് ഉപയോഗിച്ച് പരമ്പരാഗതമായ രീതിയില്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന രീതിയാണ് ശാന്തിവനം ശ്മശാനത്തില്‍ ഏറെപ്പേരും പിന്തുടരുന്നത്. എന്നാല്‍ ഈ സംവിധാനവും മാസങ്ങളായി പ്രതിസന്ധി നേരിട്ടാണ് മുന്നോട്ടു പോകുന്നത്. കേടുപാടുകള്‍ തീര്ക്കാത്തതുകാരണം ഷട്ടറുകളില്‍ തുളകള്‍ വീണു.
ശേഷക്രിയ ചെയ്യാനുള്ള ശുദ്ധജലമെടുക്കേണ്ട ചെറിയ തടാകം മലിനജലം നിറഞ്ഞ് വൃത്തിഹീനമായ അവസ്ഥയിലാണ്. ജലാശയത്തില്‍ വളര്‍ത്തിയിരുന്ന മത്സ്യങ്ങള്‍ മോഷ്ടിക്കപ്പെട്ടു. മൃതദേഹത്തില്‍ അര്‍പ്പിക്കുന്ന പുഷ്പചക്രങ്ങളും, തുണിയും മറ്റും മാസങ്ങളായി ശ്മശാനത്തിലെ ടാങ്കില്‍ കൂട്ടിയിട്ട നിലയിലാണ്. പരിസരവാസിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് കത്തിച്ചു കളയാന്‍ കഴിയാത്തതാണ് ഈ അവസ്ഥക്ക് കാരണം. മതിലില്‍ ഉയരമുള്ള ഷീറ്റുപയോഗിച്ച് മറച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളു.
ആളുകള്‍ക്ക് ഇരിക്കാന്‍ വൃക്ഷങ്ങള്‍ക്കു ചുറ്റും നിര്‍മ്മിച്ച മാര്‍ബിള്‍ പാകിയ ഇരിപ്പിടങ്ങള്‍ വൃത്തിഹീനമായി നശിച്ച അവസ്ഥയിലാണ്. പുഴയോരത്തെ കൈവരികളും പൊട്ടിപ്പൊളിഞ്ഞിട്ട് മാസമേറെയായി. ശ്മശാനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട മോണിറ്ററിംഗ് കമ്മിറ്റിയുടെ യോഗം ചേര്‍ന്നിട്ട് മാസമേറെയായി. തേവര – കുണ്ടന്നൂര്‍ മേല്‍പ്പാലത്തില്‍ റോഡു മുറിച്ചു കടക്കുമ്പോഴുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി നിലവിലെ 2 സ്റ്റെപ്പുകള്‍ക്ക് എതിര്‍വശം നെട്ടൂരില്‍ നിന്നും പാലത്തിലേക്ക് 2 ഇരുമ്പ് സ്റ്റെപ്പുകള്‍ നിര്‍മ്മിക്കുന്നതിനായി 25 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നു. എന്നാല്‍ സ്റ്റെപ്പ് നിര്‍മ്മാണത്തിനാവശ്യമായ പ്രാഥമിക നടപടികള്‍ പോലും ആരംഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: