കോഴിക്കോട്: നിര്‍ദ്ദിഷ്ട കൊച്ചി മംഗലാപുരം വാതക പൈപ്പ് ലൈനിനെതിരെ മുക്കത്ത് നടന്ന സമരത്തിന് നേതൃത്വം നല്‍കിയത് തീവ്രവാദ സംഘടനകളാണെന്നു പോലീസ്. മലപ്പുറത്തെ കീഴുപറമ്പില്‍ നിന്നുള്‍പ്പെടെ ആളുകള്‍ എത്തിയിട്ടുണ്ടെന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി പുഷ്കരന് പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പടെയുളളവരാണ് ആളുകളെ തെറ്റിദ്ധരിപ്പിച്ച് സംഘര്‍ഷം ഉണ്ടാക്കിയത്.അക്രമമുണ്ടായപ്പോള്‍ അവര്‍ രക്ഷപ്പെട്ടു.സംഘര്‍ഷത്തില്‍ പങ്കാളികളായ നാട്ടുകാരാണ് പിടിയിലായവരില്‍ കൂടുതലെന്നും പോലീസ് പറയുന്നു.
ആളുകളെ തെറ്റിദ്ധരിപ്പിച്ച് സംഘര്‍ഷം ഉണ്ടാക്കിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും.സര്‍വേയ്ക്ക് പോലീസ് സംരക്ഷണം നല്‍കും.ഇപ്പോള്‍ 21 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇവരെ കോടതിയില്‍ ഹാജരാക്കി.പൊതുമുതല്‍ നശിപ്പിക്കല്‍,വധശ്രമം ഉള്‍പ്പടെയുളള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം ഗെയില്‍ വിരുദ്ധ സമരക്കാര്‍ക്കെതിരെ പോലീസ് നടത്തിയ ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച് മൂന്ന് പഞ്ചായത്തുകളില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.
മുക്കം എരഞ്ഞിമാവില്‍ ഒരു മാസമായി നടക്കുന്ന സമരമാണ് അക്രമാസക്തമായത്. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഒരു മാസത്തിലധികമായി നിര്‍ത്തിവെച്ചിരുന്ന ഗെയില്‍ പൈപ്പ് ലൈന്‍ സര്‍വ്വേയും പൈപ്പിടലും പുനരാരംഭിക്കാന്‍ രാവിലെ ഗെയില്‍ അധികൃതര്‍ പോലീസുമായി എത്തുകയായിരുന്നു. ഗെയിലിന്റെ വാഹനം എരഞ്ഞിമാവില്‍ എത്തിയ ഉടനെ സമരക്കാര്‍ക്കിടയില്‍ നിന്ന് വാഹനത്തിന് നേരെ കല്ലേറുണ്ടായി. ഇതോടെ പോലീസ് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ലാത്തിവീശി.
വിവിധ സ്ഥലങ്ങളില്‍ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും ഉപയോഗിച്ചും ടയറുകള്‍ കത്തിച്ചും സമരക്കാര്‍ വാഹന ഗതാഗതം തടസ്സപ്പെടുത്തി. ഇതോടെ വലിയപറമ്പിലും തുടര്‍ന്ന് കല്ലായിയിലും പോലീസ് സമരക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഭവം ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും സമരക്കാര്‍ തിരിഞ്ഞു. ഇതിനിടെ അക്രമാസക്തരായ സമരക്കാര്‍ രണ്ട് കെഎസ്ആര്‍ടിസി ബസ്സുകള്‍ എറിഞ്ഞ് തകര്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: