കൊച്ചി: ഇന്ത്യയാകെ മോട്ടോര്‍സൈക്കിളില്‍ യാത്രചെയ്ത് ഫോട്ടോഡോക്യുമെന്ററി തയ്യാറാക്കുകയാണ് ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ രാധിക റാവു. തിരുവന്തപുരത്ത് ജനിച്ച രാധിക വളര്‍ന്നതും പഠിച്ചതും ചെന്നൈയിലാണ്. ഏപ്രില്‍ 9ന് ചെന്നൈയിലെ വീട്ടില്‍ നിന്നാരംഭിച്ചയാത്ര ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പിന്നിട്ട് കൊച്ചിയല്‍ എത്തി. ഏഴുമാസംത്തോളം നീണ്ട യാത്രയില്‍ ഈ 26 കാരി 22000 കിലോമീറ്ററിലധികം ബൈക്കോടിച്ചു.
ഇന്ത്യയിലെ സംസ്കാരങ്ങളും ആചാരങ്ങളും അടുത്തറിയാനും അവയെല്ലാം തന്റെ കാമറയില്‍ പകര്ത്താനുമായുള്ള യാത്ര പൂര്ണ്ണവിജയമായിരുന്നുവെന്ന് അവര്‍ പറഞ്ഞു. സ്കൂളുകളിലും അനാഥാലയങ്ങളിലും സൗഹൃദസദനങ്ങളിലുമായിരുന്നു താമസവും ഭക്ഷണവും. കര്‍ഷകര്‍, ഗ്രാമീണര്‍, വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയനേതാക്കള്‍, സാഹസിക യാത്രികര്‍, സ്ത്രീകള്‍ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലുള്ളവരുമായും ആശയവിനിമയം നടത്തി.
യാത്രയുടെ വീഡിയോകള്‍ കെയര്‍ഫ്രീ വാഗാബോണ്ട് എന്ന ഫേസ്ബുക്ക്പേജിലൂടെ ജനങ്ങള്‍ക്കായി പങ്കുവയ്ക്കുന്നുമുണ്ട്.
കൊമേഴ്സ് ബിരുദധാരിയായ രാധിക ചെന്നൈ കലാക്ഷേത്രയില്‍ സംഗീതവും പഠിച്ചിട്ടുണ്ട്. സാഹസിക യാത്രകളെ ഇഷ്ടപ്പെടുന്ന ഈ മിടുക്കിക്ക് കൊച്ചി പ്രസ്സ്ക്ലബില്‍ സ്വീകരണം നല്കി.
കേരളത്തിലെ റോഡുകളില്‍ ഇരുചക്രയാത്രക്കാര്‍ക്ക് ഭീഷണിയുയര്‍ത്തുന്ന രീതിയിലാണ് ബസ് ഓടിക്കുന്നതെന്നും മറ്റുസംസ്ഥാനങ്ങളില്‍ അത്തരം അനുഭവം ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: