ആലുവ: പ്രായപൂര്‍ത്തിയാകാത്ത ഡോര്‍ ചെക്കര്‍ ബസോടിച്ച് ആലുവ സ്വകാര്യ ബസ് സ്റ്റാന്ഡിനകത്തേയ്ക്ക് ഇടിച്ചു കയറ്റി. സ്റ്റാന്‍ഡിനകത്തെ മൊബൈല്‍ ഫോണ്‍ കടയിലേക്കാണ് ബസ് ഇടിച്ചുകയറിയത്. തിങ്കളാഴ്ച രാവിലെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം.
ബസിലെ ക്ലീനര്‍ തായിക്കാട്ടുകര കമ്പനിപ്പടി സ്വദേശി മന്‍സൂര്‍ (18)ആണ് ബസ് ഓടിച്ചിരുന്നത്. ഇയാളെ പിടികൂടി പോലീസിന് കൈമാറി. ആലുവ ഫോര്‍ട്ട് കൊച്ചി റൂട്ടിലോടുന്ന കൊച്ചിവീല്സിന്റെ ബാവാസ് പരേലി എന്ന ബസാണ് അപകടമുണ്ടാക്കിയത്. ആലുവ സ്റ്റാന്‍ഡില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേയ്ക്ക് ട്രിപ്പെടുക്കാനായി ടേണിലേയ്ക്ക് ബസ് തിരിച്ചിട്ടപ്പോഴായിരുന്നു സംഭവം. റോഡ് നിരപ്പില്‍ നിന്ന് അരയടിയോളം ഉയരത്തിലാണ് സ്റ്റാന്‍ഡിനകത്ത് യാത്രക്കാര്‍ക്കുള്ള പ്ലാറ്റ്ഫോമുള്ളത്. ഇതിന് മുന്‍പിലായി കോണ്‍ക്രീറ്റ് പ്രതിരോധവുമുണ്ട്. എന്നാല്‍ അതെല്ലാം മറികടന്ന് ബസ് ഉയരത്തില്‍ ചാടി മുന്നോട്ട് കുതിച്ചത്. ഡ്രൈവര്‍ ഈ സമയം ബസിനടത്തുണ്ടായിരുന്നില്ല. ഡ്രൈവിങ് പരിചയമൊന്നുമില്ലാത്ത ഡോര്‍ ചെക്കര്‍ ബസ് അലക്ഷ്യമായി ഓടിച്ചതാണ് അപകടത്തിന് കാരണമായത്.
ഇടിയില്‍ മൊബൈല്‍ കടയുടെ മുന്‍വശം തകര്‍ന്നു. വിലകൂടിയ മൊബൈല്‍ ഫോണുകളും നശിച്ചു. നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. അപകടത്തെ തുടര്‍ന്ന് യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ബസ് ജീവനക്കാരുടെ ഉത്തരവാദിത്വമില്ലായ്മയില്‍ പ്രതിഷേധിച്ചു. ബസുടമ, ഡ്രൈവര്‍ എന്നിവര്‍ക്കെതിരെ ആലുവ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: