പള്ളുരുത്തി: ഇടക്കൊച്ചിയില്‍ സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തില്‍ കണ്ടല്‍ക്കാടുകള്‍ വെട്ടി തീയിട്ടു നശിപ്പിച്ചു. കണ്ണങ്ങാട്ടു ടെമ്പിള്‍ റോഡില്‍ കൃഷ്ണപിള്ള വായനശാലക്കു സമീപത്തെ ഒരേക്കര്‍ വരുന്ന സ്ഥലത്തെ കണ്ടലുകളാണ് സ്ഥലമുടമയുടെ നേതൃത്വത്തില്‍ വെട്ടിനശിപ്പിച്ചത്. ഉപ്പത്തയും കരക്കണ്ടലും ഉള്‍പ്പെടെ വൈവിദ്ധ്യമാര്‍ന്ന നിരവധിയിനം കണ്ടലുകളാണ് വെട്ടി നശിപ്പിച്ചത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിരുന്നു, എന്നാല്‍ പരിസ്ഥിതി ലോല മേഖലയായതിനാലും അപൂര്‍വ്വയിനം കണ്ടലുകള്‍ തിങ്ങി നിറഞ്ഞതിനാലും ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനെ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ക്കുകയായിരുന്നു. അപൂര്‍വ്വമായ ഏറ്റവും കൂടുതല്‍ കണ്ടലുകളും തണ്ണീര്‍തടങ്ങളും ഇടക്കൊച്ചിയിലുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതി അന്ന് കണ്ടെത്തിയിരുന്നു.
കണ്ടല്‍ നശീകരണം ക്രിമിനല്‍ കുറ്റമാണെന്നിരിക്കെ കണ്ടല്‍ വനം നശിപ്പിച്ചവര്‍ക്കെതിരെ കേസ്സെടുക്കണമെന്ന് ബിജെപി ഇടക്കൊച്ചി ഏരിയാ പ്രസിഡന്റ് പി.എം. ഷൈന്‍, എം.എന്‍. സജീവന്, സുനില്‍കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: