വടക്കഞ്ചേരി:ഡ്രൈവര്‍ പോസ്റ്റ് ഇല്ലാത്തതിനാല്‍ ആംബുലന്‍സ് സേവനം നഷ്ടപ്പെടുത്തി വടക്കഞ്ചേരി സാമൂഹ്യ ആരോഗ്യ കേന്ദ്രം. സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നിലവില്‍ ആംബുലന്‍സ് ഉണ്ടായിരുന്നുവെങ്കിലും ഡ്രൈവര്‍ ഇല്ലയെന്ന കാരണത്താലാണ് ഒറ്റപ്പാലത്തേക്ക് പറഞ്ഞു വിട്ടത്.
ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവിലാണ് വടക്കഞ്ചേരി ആശുപത്രിക്ക് ഒരു ആംബുലന്‍സ് അനുവദിച്ചു കിട്ടിയത്. തുടര്‍ന്ന് ആശുപത്രി വികസന സമിതിയുടെ സഹകരണത്തോടെ തുച്ഛമായ തുകയ്ക്ക് ഡ്രൈവറായി ജോലി ചെയ്യാന്‍ ആളുമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ദിവസക്കൂലിക്ക് ഓടാന്‍ ഡ്രൈവറെ കിട്ടാതായതോടെ വണ്ടി കട്ടപ്പുറത്തായി. പിന്നീട് പ്രതിഷേധങ്ങളും പരാതികളും വര്‍ദ്ധിച്ചതോടെ വീണ്ടും ദിവസ വേതനത്തില്‍ ജോലിക്ക് ആളെ നിയമിച്ചു. എന്നാല്‍ കാലപ്പഴക്കം സംഭവിച്ചു തുടങ്ങിയ ആംബുലന്‍സ് തകരാറായതോടെ വീണ്ടും കട്ടപ്പുറത്തായി.
അബുലന്സിന് ആശുപത്രിയില്‍ ഡ്രൈവര്‍ തസ്തിക ഇല്ല എന്നതിനാല്‍ ഈ ആംബുലന്‍സിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ ഒരു വര്‍ഷത്തോളമായി ആംബുലന്‍സ് ഷെഡ് അനാഥമായി കിടക്കുന്നു. അത്യാഹിതം സംഭവിച്ചാല്‍ വടക്കഞ്ചേരിയില്‍ ഉള്ളവര്‍ പരിസരത്തെ സ്വകാര്യ ആശുപത്രികളിലെ ആംബുലന്സ്സിനെയാണ് അധിക വാടക കൊടുത്തും ആശ്രയിക്കുന്നത്.
കിഴക്കഞ്ചേരി ,വടക്കഞ്ചേരി ,കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി തുടങ്ങിയ പഞ്ചായത്തുകളില്‍ നിന്നായി ശരാശരി 300 ഓളം രോഗികള്‍ ഈ ആശുപത്രിയെ ആശ്രയിക്കാറുണ്ട്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ സ്വകാര്യ വാഹനങ്ങളെയാണ് ഇപ്പോള്‍ വിളിക്കേണ്ടി വരുന്നത്. അധികൃതര്‍ മുന്‍ കൈയെടുത്ത് ഒരു ആംബുലന്‍സ് ഡ്രൈവറുടെ ഒഴിവ് ഉണ്ടാക്കി നിയമനം നടത്തണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: