മാനന്തവാടി : വനം വകുപ്പില്‍ വ്യാജ നിയമന ഉത്തരവ് നല്കി ലക്ഷങ്ങള്‍ തട്ടിയ സംഭവം കേസ് അന്വേഷണം ഇഴയുന്നു. ഉന്നത രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബിയുടെ ഇടപെടലാണ് അന്വേഷണം ഇഴയാന്‍ കരണമെന്നാണ് ആരോപണം.
വനം വകുപ്പില്‍ വ്യാജ നിയമന ഉത്തരവ് നല്കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റിലായെങ്കിലും മറ്റ് നാല് പേര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഇപ്പോള്‍ ഒച്ചിന്റെ വേഗത്തിലാണ്. മാനന്തവാടി ഡിഎഫ്ഒയുടെ പേരില്‍ നിയമന ഉത്തരവ് നല്കി നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മാനന്തവാടി എരുമ തെരുവ് അമ്പുകുത്തി പടിഞ്ഞറയില്‍ ഹരിഷ് ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇയാള്‍ റിമാന്റിലുമാണ്. ഇയാളെ കൂടാതെ എരുമതെരുവില്‍ വാടകയക്ക് താമസിക്കുന്ന കണ്ണുര്‍ കുത്തുപറമ്പ് മാങ്ങാട്ടിടം മല്ലപ്പള്ളി സനൂപ്, കണ്ണുര്‍ പിണറായി സ്വദേശി കുട്ടന് മാനന്തവാടി പേര്യ സ്വദേശി ഉസ്മാന്, കല്‍പ്പറ്റ സ്വദേശി സുരേന്ദ്രന് എന്നിവര്‍ക്ക് എതിരെയും പോലിസ് കേസെടുത്തിരുന്നു. വനം സൗത്ത് വയനാട് വനം ഡിവഷണല്‍ ഓഫിസിന്റെ പരിധിയിലെ വിവിധ ഓഫിസുകളിലും വിവിധ തസ്തികകളില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ഉദ്യോഗാര്‍ത്ഥികളെ സമിപിക്കുകയും ഇന്റര്‍വ്യൂന് ഹാജരാക്കുന്നതിനും ജോലിക്ക് നിയമനം നല്ക്കുന്നതായി കാണിച്ച് നോര്‍ത്ത് വയനാട് ഡിഎഫ്ഒയുടെ ഒപ്പ് പതിച്ച് പോസ്റ്റല്‍ വഴി കത്ത് അയക്കുകയും ഇതിനായി ഒരാളില്‍ നിന്നും 50000 രൂപ വിതം ഇവര്‍ കൈപ്പറ്റുകയും ചെയ്തുവെന്നാണ് കേസ്.
ജോലിയും പണവും ലഭിക്കാത്തതിനെ തുടര്‍ന്ന് മാനന്തവാടി സ്വദേശികളായ അഞ്ച് പേര് ചേര്‍ന്ന് നല്കിയ പരാതിയെ തുടര്‍ന്നാണ് ഹരിഷിനെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഹരീഷിനെ അറസ്റ്റ് ചെയ്തതല്ലാതെ മറ്റ് നാല് പേരെ പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തിനു പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്നും ഇവര്‍ക്കാകട്ടെ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുമായും മുഖ്യധാര രാഷ്ട്രീയ നേതാക്കളുമായും അടുത്ത ബന്ധമുണ്ടെന്നും പിന്നാമ്പുറ സംസാരങ്ങളുമുണ്ട്. അതുകൊണ്ട് തന്നെയാണ് കേസ് അന്വേഷണം ഒച്ചിന്റെ വേഗത്തലാവാന് കാരണം.
ഉന്നതങ്ങളില്‍നിന്നും നിര്ദ്ദേശമുള്ളതിനാലാവാം പോലീസ് പ്രതികളെ പിടികൂടാത്തതെന്നാണ് ജനസംസാരം. തട്ടിപ്പ് നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും പത്ര-ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടും മുഖ്യധാര രാഷ്ട്രീയ നേതൃത്വങ്ങളുടെ മൗനവും കേസ് അന്വേഷണത്തില്‍ ബാഹ്യ ഇടപെടലുണ്ടെന്നതിന്റെ തെളിവാണ്. സംഭവം സംബന്ധിച്ച് നോര്‍ത്ത് വയനാട് ഡിഎഫ്ഒ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ട് പോലും അന്വേഷണം ത്വരിതപ്പെടുത്താന്‍ പോലീസിന് കഴിയാത്തതും സംശയങ്ങള്‍ക്ക് കാരണമാവുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: