രവി
പുല്പള്ളി: വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കൊല്ലം കരുനാഗപ്പള്ളി സ്വദേശി പ്രദീപി(49)ന്റെ ദുരൂഹ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പിറവം എണ്ണശ്ശേരില്‍ രവി (45)യെ പോലീസ് അറസ്റ്റുചെയ്തു. ഏഴ് വര്‍ഷം മുമ്പ് രവിയുടെ ഭാര്യയെ പ്രദീപ് മാനഭംഗപ്പെടുത്തിയതിന്റെ പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പോലീസിന് മൊഴി നല്കി. ഇവര്‍ ബന്ധുക്കളുമാണ്. ഏഴുവര്‍ഷം മുമ്പുണ്ടായ സംഭവത്തിനുശേഷം ഇരുവരും നേരില്‍ കാണുന്നത് വിവാഹവീട്ടില്വച്ചായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ 12.30-തോടെ ഇരുവരും മുള്ളന്‍കൊല്ലി ക്ഷീരസംഘം ഓഫീസ് പരിസരത്തുവച്ച് വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് ചുറ്റികകൊണ്ട് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. മരിച്ചെന്ന് ഉറപ്പുവരുത്തിയശേഷം വിവാഹവീട്ടിലേക്കുതന്നെ മടങ്ങുകയായിരുന്നു. പ്രദീപിനെ കാണാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് രക്തം വാര്‍ന്ന് അവശനിലയില്‍ ഇയാളെ കണ്ടെത്തിയത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം കൊലപാതകമാണെന്ന് വ്യക്തമായതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മുള്ളന്‍കൊല്ലി ക്ഷീരസംഘം ഓഫീസില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പ്രതിയെ പിടികൂടാന്‍ പോലീസിന് സഹായകരമായി. ദൃശ്യങ്ങളില്‍ അര്‍ധരാത്രി നടന്ന മര്ധന ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. മാനന്തവാടി ഡിവൈഎസ്പി കെ.എന്‍. ദേവസ്യ, പുല്‍പ്പള്ളി സിഐ കെ.എം. സുലൈമാന്‍, എസ്ഐ എന്‍.എം. ജോസ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ സജി, അജിത്ത്, ഗഫൂര്‍, പ്രതീഷ്, വേണു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: