മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ഗവ:എല്‍പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന വെള്ളത്തോട് അംബേദ്ക്കര്‍ കോളനിയിലെ ആദിവാസികളുടെ പുനരധിവാസം ത്രിശങ്കുവില്‍.
അട്ടപ്പാടിയിലുണ്ടായ ഉരുള്‍പ്പൊട്ടലിലും മലവെള്ളപാച്ചിലിലും വീടും, കൃഷിയിടങ്ങളും നഷ്ടപ്പെട്ട് ജീവനുതന്നെ ഭീഷണിയായി വന്നപ്പോഴാണ് റവന്യൂ ഉദ്യോഗസ്ഥരും കലക്ടറും ഇടപ്പെട്ട് ഇവരെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചത്.എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും സര്‍ക്കാരോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ഇവരെ പുനരധിവസിപ്പിക്കുന്നതിന് യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല.
ഇതിനിടെ റവന്യൂ ഉദ്യോഗസ്ഥര്‍ ക്യാമ്പ് സന്ദര്‍ശിച്ച് മഴയില്ലെങ്കില്‍ കോളനിയിലേക്കുതന്നെ പോകാന്‍ പറഞ്ഞത് ആദിവാസികളെ ചൊടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇന്നലെ തഹസില്‍ദാരുടെ ഓഫീസിനുമുമ്പില്‍ കുത്തിയിരുപ്പ് സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഇതറിഞ്ഞ കെ.വി.വിജയദാസ് എംഎല്‍എ ആദിവാസികളുടെ ക്യാമ്പ് സന്ദര്‍ശിക്കുകയും മഴയിലെങ്കില്‍ തിരിച്ച് പോകണമെന്നും കൂടുതല്‍ മഴ പെയ്യുകയാണെങ്കില്‍ തിരിച്ച് ക്യാമ്പിലേക്ക് വരാനും നിര്‍ദ്ദേശം നല്കി.
കോളനിയിലുള്ള സ്ഥലത്തിന് പകരം ജനവാസകേന്ദ്രമായ കാഞ്ഞിരപ്പുഴ-ഇരുമ്പകച്ചോല ഭാഗത്ത് 10സെന്റ് സ്ഥലവും വീടും നിര്മ്മിച്ചുകൊടുക്കണമെന്നായിരുന്നു ആദിവാസികളുടെ ആവശ്യം. എന്നാല്‍ അക്കാര്യം എംഎല്‍എയോട് ഉന്നയിച്ചെങ്കിലും വകുപ്പ് മന്ത്രിയെ കാര്യം ധരിപ്പിക്കാം എന്നു പറഞ്ഞ് ഒഴിയുകയായിരുന്നു.
ദുരിതാശ്വാസക്യാമ്പില്‍ രാത്രികാലങ്ങളില്‍ റവന്യു ഉദ്യോഗസ്ഥര്‍ വരുന്നില്ലെന്ന് ആദിവാസികള്‍ പറയുന്നു. നിത്യം തൊഴില്‍ ചെയ്തും കൃഷിയിടങ്ങളില്‍ പണിയെടുത്തും കിട്ടുന്ന വരുമാനം നിലച്ചിരിക്കുകയാണെന്നും ദുരിതാശ്വാസക്യാമ്പില്‍ നിന്നാല്‍ ദുരിതം ഏറുകയാണെന്നുമാണ് ഊരുമൂപ്പന്മാര് പറയുന്നത്.
എംഎല്‍എ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചത് വാര്ഡ്മെമ്പറെപ്പോലും അറിയിക്കാതെയാണെന്ന് വാര്ഡ്മെമ്പര് ടി.റഫീക്ക് പറഞ്ഞു. എംഎല്‍എയോ റവന്യൂവകുപ്പോ ഇടപ്പെട്ട് ഉടന്‍ അവരെ പുനരധിവസാത്തിനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കണം ദുരിതാശ്വാസ ക്യാമ്പില്‍ ആദിവാസികള്‍ ജോലിയും കൂലിയും ലഭിക്കാത ദുരിതം അനുഭവിക്കുന്നു.
ട്രൈബല്‍ വകുപ്പ് നല്കുന്ന ഭക്ഷണമാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുത്തിയിരുപ്പ് സമരം നടത്തുമെന്നുപറഞ്ഞ ആദിവാസികളെ പിന്തിരിപ്പിച്ച് മടക്കിഅയക്കാനുള്ള ശ്രമം വഞ്ചനയാണെന്നും റഫീക്ക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: