പാലക്കാട്: ഗവഎയ്ഡഡ് കോളജുകളില്‍ പഠിപ്പിക്കുന്ന ഗസ്റ്റ് ലക്ചര്‍മാര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ വേതനം. മണിക്കൂറിന് 500 രൂപയാണ് 2012ല്‍ നിശ്ചയിച്ചിരിക്കുന്നത്. മാസം കുറഞ്ഞത് 50മണിക്കൂര്‍ പഠിപ്പിച്ചാല്‍ 25000രൂപ ലഭിക്കും.
യുജിസി നിഷ്കര്‍ഷിക്കുന്ന നെറ്റ് അടക്കമുള്ള യോഗ്യതയുള്ളവര്‍ക്കാണ് മണിക്കൂറിന് 500രൂപ ലഭിക്കുക. നെറ്റ് യോഗ്യതയില്ലെങ്കില്‍ അത് 300ആയി ചുരുങ്ങും. നെറ്റുണ്ടായാലും ഇല്ലെങ്കിലും പഠിപ്പിക്കേണ്ടത് ഒരേ പാഠഭാഗങ്ങള്‍ തന്നെ. മാസം 50മണിക്കൂര്‍ വച്ച് 25000രൂപ വാങ്ങാമെന്ന് കരുതിയാല്‍ അതും നടക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. സര്‍ക്കാര്‍ അവധി, മറ്റു ആകസ്മികമായുണ്ടാവുന്ന അവധികള്‍ കാരണം ഇത്രയും മണിക്കൂര്‍ പഠിപ്പിക്കാനായി ലഭിക്കില്ല. അപ്പോള്‍ ലഭിക്കുന്ന വേതനവും കുറയും.
ഗവ.കോളജുകളില്‍ ഗസ്റ്റ് ലക്ചര്‍മാര്‍ക്ക് വേതനം കൃത്യമായി ലഭിക്കും. എന്നാല്‍ എയ്ഡഡ് കോളജുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് മൂന്നും നാലും മാസത്തെ വേതന കുടിശ്ശിക പതിവാണ്. സ്ഥിര അധ്യാപകരെടുക്കുന്ന എല്ലാ ജോലികളും തങ്ങളും ചെയ്യാറുണ്ടെന്ന് ഗസ്റ്റ് ലക്ചര്മാര് പറയുന്നു. ഉത്തരവ് അനുസരിച്ച് കുട്ടികളെ പഠിപ്പിച്ചാല്‍ മാത്രം മതി. കോളജുകളിലെ മറ്റു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നില്ല. എന്നാല്‍, പരീക്ഷ ഡ്യൂട്ടിയടക്കം കോളജുകളിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും തങ്ങള്‍ സജീവമാണെന്ന് ഇവര്‍ പറയുന്നു.
ഒരേ ജോലിയെടുക്കുന്ന തങ്ങള്‍ക്ക് സ്ഥിര അധ്യാപകര്‍ക്ക് ലഭിക്കുന്നതിന്റെ പകുതി പോലും ലഭിക്കുന്നില്ല. ബിരുദാനന്തര ബിരുദവും നെറ്റും പിഎച്ച്ഡിയും നേടിയ ഉദ്യോഗാര്‍ഥികളാണ് ചുരുങ്ങിയ വേതനം വാങ്ങി പഠിപ്പിക്കേണ്ടി വരുന്നത്. കോളജുകളില്‍ അധ്യാപക നിയമനം നടത്താതാണ് ഇവര്‍ക്ക് അവസരം ലഭിക്കാത്തതിന്റെ കാരണം. വടക്കന്‍ ജില്ലകളിലെ മിക്ക കോളജുകളിലും സ്ഥിര അധ്യാപകരേക്കാള്‍ കൂടുതല്‍ ഗസ്റ്റ് ലക്ചര്‍മാരാണ്. ചില ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഒരുസ്ഥിര അധ്യാപകര്‍ പോലുമില്ലാത്ത കോളജുകളുണ്ട്.
ഒഴിവുള്ള മുഴുവന്‍ അധ്യാപക തസ്തികകളിലേക്കും ഉടന്‍ നിയമനം നടത്തണം. ഗസ്റ്റ് ലക്ചര്‍മാരെ നിയമിക്കുമ്പോള്‍ സ്ഥിര അധ്യാപകര്‍ക്ക് നല്കുന്ന വേതനം തന്നെ നല്‍കണം. യുജിസി നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ നെറ്റ് ഇല്ലാത്തവരെ നിയമിക്കുന്നവര്‍ക്കും തുല്യവേതനം നല്‍കണം. എയ്ഡഡ് കോളജുകളിലെ അധ്യാപകര്‍ക്ക് ലഭിക്കേണ്ട കുടിശ്ശിക ഉടന്‍ നല്‍കണമെന്നും ഓള് കേരള കോളജ് ഗസ്റ്റ് ലക്ച്ചേഴ്സ് യൂണിയന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കോളജുകളില്‍ പഠിപ്പിക്കുന്ന തങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ശമ്പളം യുപി, പ്ലസ്ടു അധ്യാപകര്‍ക്ക് ലഭിക്കുന്നുണ്ട്. ഇതുതന്നെ തങ്ങളോട് കാണിക്കുന്ന അവഗണനയാണ് സാക്ഷ്യപ്പെടുത്തുന്നതാണ്. സമരത്തിന്റെ ആദ്യപടിയായി 28ന് കോഴിക്കോട് ഉത്തരമേഖലാ കോളജിയേറ്റ് ഡയറക്ടറുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്താനിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: