പുല്‍പ്പള്ളി: പുല്‍പ്പള്ളിയിലെ ജലനിധി പദ്ധതിയില്‍ സ്ഥാപിച്ചത് നിലവാരമില്ലാത്ത പൈപ്പുകള്‍. ഇതോടെ ജലനിധി പദ്ധതി അവതാളത്തിലായിരിക്കുകയാണ്. നാലുവര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പദ്ധതി ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കാനാവാത്തതില് പ്രതിഷേധമുയരുകയാണ്.
2013 ജൂണില്‍ പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ച പദ്ധതിയില്‍ നിന്നും ഇതുവരെ ജനങ്ങള്‍ക്ക് കുടിവെള്ളം ലഭിച്ചിട്ടില്ല. രണ്ടായിരത്തിഅറുനൂറോളം ഗുണഭോക്താക്കളുള്ളതും പതിമൂന്ന് കോടിയോളം രൂപ മുടക്കില്‍ ആരംഭിച്ചതുമായ പദ്ധതിയുടെ കാലാവധി മൂന്ന് വര്‍ഷമായിരുന്നു. 2016ല്‍ പൂര്‍ണ്ണമായി കമ്മീഷന് ചെയ്യുമെന്നാണ് തുടക്കത്തില്‍ പറഞ്ഞിരുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ജലവിഭവ വകുപ്പിന്റെ കീഴിലുള്ള കെആര്ഡബ്ല്യുഎസ് എയ്ക്ക് ആയിരുന്നു പദ്ധതിയുടെ നടത്തിപ്പ് ചുമതല. കോടിക്കണക്കിന് രൂപയുടെ പൈപ്പുകള്‍ വാങ്ങി റോഡുകളില്‍ സ്ഥാപിച്ചതല്ലാതെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പുല്‍പ്പള്ളി പ്രദേശത്തെ മിക്ക റോഡുകളും കുത്തിപൊളിക്കുകയും പൈപ്പുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ജലനിധിക്കായി പൈപ്പിട്ടതോടെ നല്ല റോഡുകള്‍ പലതും കുണ്ടും കുഴിയുമായി മാറി. 2016 ഡിസംബറില്‍ പദ്ധതിയുടെ കാലാവധി അവസാനിച്ചതിനെതുടര്‍ന്ന് പ്രവര്‍ത്തനകാലാവധി പലതവണ നീട്ടി നല്‍കിയിരുന്നു. ഒടുവില്‍ കഴിഞ്ഞ സപ്റ്റംബര്‍ 30ന് പൂര്‍ത്തീകരിക്കുമെന്ന് ജലനിധി അധികൃതര്‍ പഞ്ചായത്തിന് ഉറപ്പും നല്‍കിയിരുന്നു.
പദ്ധതിക്കായി വാങ്ങികൂട്ടിയ പൈപ്പുകളുടെ നിലവാരമില്ലായ്മയെകുറിച്ച് നേര ത്തെ ആക്ഷേപമുണ്ടായിരുന്നു. തുടര്‍ന്ന് പരീക്ഷണാടിസ്ഥാനത്തില്‍ വെള്ളം പമ്പ് ചെയ്തപ്പോള്‍ പലയിടങ്ങളിലും പൈപ്പ് പൊട്ടുകയും ചെയ്തു. വെള്ളത്തിന്റെ തള്ളല്‍ താങ്ങാനുള്ള ശേഷി ഇല്ലാത്തതാണ് പൈപ്പുകള്‍ പൊട്ടാന്‍ കാരണം.
തുടക്കംമുതല്‍ പുല്‍പ്പള്ളി ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും അധികൃതര്‍ മൗനം പാലിക്കുകയായിരുന്നു. ജലനിധി പദ്ധതിയെപ്പറ്റി വിജിലന്‍സ് അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: