കടമ്പഴിപ്പുറം: നാടിനെ നടുക്കിയ കടമ്പഴിപ്പുറം കണ്ണുകുറുശ്ശി ഗോപാലകൃഷ്ണന്-തങ്കമണി ദമ്പതികളുടെ കൊലപാതകം നടന്ന് ഒരു വര്‍ഷം തികയാന്‍ ദിവസങ്ങളിരിക്കെ പ്രതികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. 2016 നവംബര്‍ 15ാം തിയ്യതി പുലര്‍ച്ചെ കടമ്പഴിപ്പുറം കണ്ണുകുറുശ്ശി വടക്കേക്കര ചീരപ്പത്ത് ഗോപാലകൃഷ്ണന് (62), ഭാര്യ തങ്കമണി (52) എന്നിവരാണ് അതിദാരുണമായി കൊല ചെയ്യപ്പെട്ടത്.
ഗോപാലകൃഷ്ണന്റെ ദേഹത്ത് 17 മുറിവും ഭാര്യ തങ്കമണിയുടെ ദേഹത്ത് 15 മുറിവും ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. കിടപ്പുമുറിയില്‍ കമിഴ്ന്നു കിടന്നനിലയിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ഒന്നില്‍ കൂടുതല്‍ ആളുകളെ കൊണ്ട് മാത്രമേ ഇത്തരത്തില്‍ ഒരു കൃത്യം ചെയ്യാനാകൂ എന്ന് പോലീസ് കണ്ടെത്തിയിരുന്നു.
കൊല നടന്ന മുറിയില്‍ തെളിവ് നശിപ്പിക്കുന്നതിനായി കൊലയാളികള്‍ വെള്ളമൊഴിച്ചിരുന്നു. മോഷണശ്രമത്തിനിടയില്‍ നടന്നതാണ് കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. വീടിന്റെ ഓട് പൊളിച്ച് കയറുപയോഗിച്ചാണ് അക്രമി അകത്ത് കയറിയിരുന്നത്. പിറക് വശത്തെ വാതില്‍ പുറത്ത് നിന്ന് പൂട്ടിയ നിലയിലുമായിരുന്നു.
പോലീസിന്റെ അന്വേഷണത്തില്‍ തങ്കമണിയുടെ കഴുത്തിലെ രണ്ടരപവന്റെ താലിമാല നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാര്‍ഡും മറ്റ് ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധമായി അന്വേഷിച്ചിട്ടും ഒരു വര്‍ഷം തികയാന്‍ പോകുന്ന ഈ സമയത്തും കുറ്റവാളികളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ചെര്‍പ്പുളശ്ശേരി സിഐ ദീപക്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡിന്റെ അന്വേഷണത്തില്‍ കൊലയാളികള്‍ ഉപയോഗിച്ച ഒരു വാള് മാത്രമാണ് വീട്ടിലെ കിണര്‍ വറ്റിച്ചതിനെ തുടര്‍ന്ന് കണ്ടെത്തിയത്. മറ്റ് തെളിവുകളൊന്നും ഇതുവരെയും ലഭിച്ചിട്ടില്ല.
കേസിപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണ്. ഇതുവരെയും കേസില്‍ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. നൊടിനെ ഞെട്ടിച്ച കാലപാതകം തെളിയിക്കാന്‍ കഴിയാത്തത് പോലീസിന്റെ കഴിവുകേടാണെന്ന് കടമ്പഴിപ്പുറത്ത് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: