പാലക്കാട്:ധോണിക്ക് സമീപവും കൊട്ടേക്കാട് മേഖലയില്‍ പടലിക്കാടും ജനവാസകേന്ദ്രത്തില്‍ കാട്ടാനയിറങ്ങി. ഇന്നലെ രാത്രി ഒന്നാംവാര്‍ഡ് മായപുരത്ത് മൂന്ന് ആനകളെ കണ്ടതായി നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിച്ചു.
അംബേദ്കര്‍ കോളനിയിലെ തപോവനം രാമചന്ദ്രന് നായരുടെ വീടിനു സമീപമാണ് വൈകീട്ട് 6.30ഓടെ ആനകളെ ആദ്യം കണ്ടത്.രാത്രി 9.30വരെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രദേശമാകെ പരിശോധന നടത്തിയെങ്കിലും ആനകളെ കണ്ടെത്താനായില്ല. പടലിക്കാട് തെക്കേതറയിലെ കെ.രാജകുമാരിയുടെ രണ്ടരയേക്കര്‍ കൃഷിനിലം ആന നശിപ്പിച്ചു.
പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്കിയ ശേഷം വനപാലകര്‍ മടങ്ങി.കഴിഞ്ഞ ദിവസങ്ങളില്‍ മുണ്ടൂര്‍,പുതുപ്പരിയാരം പഞ്ചായത്തുകളിലെ ജനവാസകേന്ദ്രങ്ങളിലെത്തിയ കാട്ടാനകള്‍ വീടുകള്‍ക്ക് സമീപമെത്തി പ്രദേശവാസികളെ ഭീതിയിലാക്കിയിരുന്നു. നാമ്പുള്ളിപ്പുര, കയറംകോട്,ഒടുവുംകാട്, നെച്ചിപ്പുള്ളി,മുല്ലക്കര,വാളേക്കാട് എന്നിവിടങ്ങളില്‍ ജനം ഇപ്പോഴും ഭീതിയിലാണ്.
ഇവിടങ്ങളില്‍ രാപ്പകല്‍ ഭേദമില്ലാതെ വാതിലുകളിലും ജനലിലും ആനകള്‍ തട്ടുന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍.കഞ്ചിക്കോട് മേഖലയില്‍ വൈകുന്നേരങ്ങളില്‍ എത്തുന്ന കാട്ടാനകള്‍ കൊയ്തെടുത്ത നെല്ല് മുഴുവന്‍ തിന്ന് ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. നെല്ല് നഷ്ടമാകുന്നതിനും കൃഷി നശിപ്പിച്ചതിനും നഷ്ടപരിഹാരം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: